
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് പരമ്പരയില്‍ റിഷഭ് പന്തിനെ കാത്തിരിക്കുന്നത്. നിലവില്‍ ഈ റെക്കോര്‍ഡ് ധോണിക്ക് അവകാശപ്പെട്ടതാണ്. 36 ടെസ്റ്റുകളില്‍ നിന്നായിരുന്നു അദ്ദേഹം പുറത്താക്കലില്‍ സെഞ്ച്വറിയടിച്ചത്.
സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ധോണിയുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് റിഷഭ് തിരുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. വെറും 25 ടെസ്റ്റുകളില്‍ നിന്നും 97 പേരെ അദ്ദേഹം ഇതിനകം പുറത്താക്കിക്കഴിഞ്ഞു. ഞായറാഴ്ച സെഞ്ചൂറിയനില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ തന്നെ റിഷഭ് മൂന്നു പേരെ കൂടി പുറത്താക്കി സെഞ്ച്വറി തികയ്ക്കാന്‍ സാധ്യതയേറെയാണ്. നിലവില്‍ ഇന്ത്യയുടെ അഞ്ചു വിക്കറ്റ് കീപ്പര്‍മാരാണ് ടെസ്റ്റില്‍ 100ന് മുകളില്‍ പുറത്താക്കലുകള്‍ നടത്തിയിട്ടുള്ളത്. അവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ തയ്യാറെടുക്കുകയാണ് റിഷഭ്.

ടെസ്റ്റില്‍ ഏറ്റവും കുറച്ച് ടെസ്റ്റുകളില്‍ നിന്നും 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ എംഎസ് ധോണി തലപ്പത്ത് നില്‍ക്കുമ്പോള്‍ തൊട്ടു പിറകെ വൃധിമാന്‍ സാഹയുണ്ട്. വെറുമൊരു ടെസ്റ്റിന്റെ വ്യത്യാസത്തിലാണ് സാഹയ്ക്കു ധോണിയുടെ റെക്കോര്‍ഡ് നഷ്ടമായത്. ധോണി 36 ടെസ്റ്റുകളിലാണ് നേട്ടം കൈവരിച്ചതെങ്കില്‍ സാഹയ്ക്കു വേണ്ടി വന്നത് 37 ടെസ്റ്റുകളായിരുന്നു.
മുന്‍ വിക്കറ്റ് കീപ്പര്‍മാരായ കിരണ്‍ മോറെ, നയന്‍ മോംഗിയ, സയ്ദ് കിര്‍മാനി എന്നിവരാണ് ടെസ്റ്റില്‍ 100ന് മുകളില്‍ പുറത്താക്കലുകള്‍ നടത്തിയ മറ്റു വിക്കറ്റ് കീപ്പര്‍മാര്‍. മോറെ 39ഉം മോംഗിയ 41ഉം കിര്‍മാനി 42ഉം ടെസ്റ്റുകളിലാണ് സെഞ്ച്വറി തികച്ചത്.

ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന അവസാനത്തെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നില്ല. തിരക്കേറിയ മല്‍സര ഷെഡ്യൂള്‍ കാരണം അദ്ദേഹത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. വൃധിമാന്‍ സാഹയും പുതുമുഖം കെഎസ് ഭരതുമായിരുന്നു പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ആദ്യ ടെസ്റ്റില്‍ സാഹ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കു കാരണം വിക്കറ്റ് കാക്കാനായില്ല. തുടര്‍ന്ന് ഭരതായിരുന്നു ഈ റോള്‍ ഏറ്റെടുത്തത്. രണ്ടാം ടെസ്റ്റില്‍ സാഹ തന്നെ വിക്കറ്റ് കാക്കുകയും ചെയ്തു.
അതേസമയം, 26ന് ഞായറാഴ്ച സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ ജൊഹാനസ്ബര്‍ഗിലും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11 മുതല്‍ കേപ്ടൗണിലും നടക്കും.


Click it and Unblock the Notifications