സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ വന്‍ പരാജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്കു കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന തികച്ചും ഏകപക്ഷീയമായ ഒന്നാം ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് സൗത്താഫ്രിക്ക ഇന്ത്യയെ തീര്‍ത്തത്. ഇന്നിങ്‌സിന്റെയും 32 റണ്‍സിന്റെയും വിജയം സൗത്താഫ്രിക്ക ആഘോഷിക്കുകയായിരുന്നു.
ഡബ്ല്യുടിസിയുടെ മൂന്നാം സീസണിലെ (2023-25) പോയിന്റ് പട്ടികയില്‍ വന്‍ ക്ഷീണമാണ് ഈ തോല്‍വി കാരണം ഇന്ത്യക്കു സംഭവിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ രോഹിത് ശര്‍മയും സംഘവും അഞ്ചാംസ്ഥാനത്തേക്കു വീണിരിക്കുകയാണ്. ഡബ്ല്യുടിസിയുടെ കഴിഞ്ഞ രണ്ടു എഡിഷനുകളിലും റണ്ണറപ്പായ ഇന്ത്യക്കാണ് ഇത്തവണ ഇങ്ങനെയൊരു തിരിച്ചടി സംഭവിച്ചിരിക്കുന്നത്.

ഇന്ത്യക്കെതിരേ നേടിയ ഗംഭീര വിജയത്തോടെ സൗത്താഫ്രിക്ക പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാരായും മാറിയിരിക്കുകയാണ്. ഡബ്ല്യുടിസിയുടെ മൂന്നാം സീസണില്‍ അവര്‍ കളിച്ച ആദ്യത്തെ ടെസ്റ്റ് കൂടിയാണിത്. അതില്‍ ജയിക്കാനായാതോടെ 100 ശതമാനം വിജയറെക്കോര്‍ഡുമായി സൗത്താഫ്രിക്ക ഒന്നാംസ്ഥാനക്കാരായി മാറുകയായിരുന്നു. ഇന്ത്യയുടെ വിജയശതമാനം 44.44 മാത്രമാണ്. ഇതാണ് ഇന്ത്യയെ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളിയത്.
ഡബ്ല്യുടിസിയുടെ പുതിയ സീസണില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണ് സൗത്താഫ്രിക്കയിലേത്. ഈ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പരമ്പര. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ഒന്നാമങ്കത്തില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു പരാജയവും നേരിട്ടിരിക്കുകയാണ്.
ആകെ ലഭിച്ച പോയിന്റല്ല, മറിച്ച് വിജയ ശതമാനമാണ് ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ടീമുകളുടെ സ്ഥാനം നിശ്ചയിക്കുന്നത്. സൗത്താഫ്രിക്ക കഴിഞ്ഞാല്‍ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകള്‍ പാകിസ്താനും ന്യൂസിലാന്‍ഡുമാണ്. പാക് പടയുടെ വിജയശതമാനം 61.11 ആണ്. മൂന്നു ടെസ്റ്റുകള്‍ കളിച്ച പാകിസ്താന്‍ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ പരാജയപ്പെട്ടിരുന്നു.
50 വിജയശതമാനവുമായിട്ടാണ് ന്യൂസിലാന്‍ഡാന്‍ഡ് മൂന്നാമതുള്ളത്. രണ്ടു ടെസ്റ്റുകളില്‍ ഓരാ ജയവും തോല്‍വിയുമാണ് കിവികളുടെ അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനം ബംഗ്ലാദേശിനാണ്. അവരുടെയും വിജയശതമാനം 50 തന്നെയാണ്. രണ്ടു ടെസ്റ്റുകളില്‍ ഓരോ ജയവും തോല്‍വിയുമാണ് അവര്‍ നേടിയത്.

ഇന്ത്യക്കു പിറകിലായി പോയിന്റ് പട്ടികയില്‍ ആറു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീങ്ക എന്നിവരാണ്. ഓസീസിന്റെ വിജയശതമാനം 41.67 ആണ്. ആറു ടെസ്റ്റുകളില്‍ ഇതിനകം കളിച്ച കംഗാരുപ്പട മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു.
വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ വിജയശതമാനം 16.67 ആണ്. ഇന്ത്യക്കെതിരേയുള്ള ഒരേയൊരു ടെസ്റ്റ് പരമ്പരയില്‍ മാത്രമേ അവര്‍ കളിച്ചിട്ടുള്ളൂ. ഒരു ടെസ്റ്റില്‍ പരാജയപ്പെട്ട വിന്‍ഡീസ് രണ്ടാമത്തേതില്‍ സമനിലയും വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ടിന്റെ വിജയശതമാനം വെറും 15 മാത്രമാണ്. അഞ്ചു ടെസ്റ്റുകള്‍ കളിച്ച അവര്‍ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു.
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ശ്രീലങ്കയ്ക്കു ഒരു പോയിന്റ് പോലും പുതിയ സീസണില്‍ ഇനിയും നേടാനായിട്ടില്ല. രണ്ടു ടെസ്റ്റുകളിലാണ് ലങ്ക ഇതിനകം കളിച്ചത്. ഇവയില്‍ ലങ്ക പരാജയമേറ്റു വാങ്ങുകയും ചെയ്യുകയായിരുന്നു.