ഗുവാഹത്തി: സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലേറ്റ ദയനീയ തോല്‍വി മറന്ന് രണ്ടാമങ്കത്തില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. തോല്‍ക്കുകയോ, സമനില വഴങ്ങുകയോ ചെയ്താല്‍ പരമ്പര കൈവിടേണ്ടി വരുമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.
ബാറ്റിങ് അതികഠിനമായിരുന്ന കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. 124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇപ്പോഴിതാ ഗുവാഹത്തിയിലെ അടുത്ത ടെസ്റ്റിനുള്ള പിച്ചിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതേക്കുറിച്ച് നോക്കാം.

പിച്ച് എങ്ങനെ?
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടെസ്റ്റിലെ പിച്ച് പോലെ അപ്രവചനീയ സ്വഭാവമുള്ളതായിരിക്കില്ല ഗുവാഹത്തിയിലെ പിച്ച്. എന്നാല്‍ ബാറ്റിങിനെ അകമഴിഞ്ഞ് തുണയ്ക്കുന്നതുമായിരിക്കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ടൈംസ് ഓഫ് ഇന്ത്യയാണ് പിച്ചിനെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
രണ്ടാം ടെസ്റ്റിലെ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു നല്ല ടേണ്‍ ലഭിക്കും, അതോടൊപ്പം തന്നെ മികച്ച ബൗണ്‍സും ഉറപ്പിക്കാം. ഗുവാഹത്തിയിലെ ബര്‍സപരയിലുള്ള ഈ പിച്ച് ചുവപ്പ് പ്രതലമുള്ളതാണ്. കൊല്‍ക്കത്തയിലെ പിച്ചിനെ അപേക്ഷിച്ച് ബൗളാര്‍ക്കു മെച്ചപ്പെട്ട ക്യാരി നല്‍കുകയും ചെയ്യും.
ഈ പിച്ച് തങ്ങുടെ പ്ലാനിനു യോജിച്ചചാണെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ബിസിസിഐ ക്യുറേറ്റര്‍ കൂടിയായ ആശിഷ് ഭൗമിക്കിന്റെ മേല്‍നോട്ടത്തിലാണ് ഈ പിച്ച് തയ്യാറാക്കിയത്. ഇതു വെല്ലുവിളിയുയത്തുന്ന പിച്ചായിരിക്കുമെങ്കിലും അപ്രവചനീയമായിരിക്കില്ല.
ബര്‍സപര സ്‌റ്റേഡിയം ആദ്യമായി വേദിയാവുന്ന ടെസ്റ്റ് മല്‍സരമെന്ന
പ്രത്യേകത കൂടി അടുത്ത കളിക്കുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സിലെ കഴിഞ്ഞ ടെസ്റ്റിനായി തയ്യാറാക്കിയ ആദ്യ ടെസ്റ്റിലെ പിച്ചിനെ കുറിച്ച് വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഗുവാഹത്തിയിലെ പിച്ചിന്റെ കാര്യത്തില്‍ ബിസിസിഐ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടു
ഈ സീസണിനു മുമ്പ് ഹോം മാച്ചുകളില്‍ തയ്യാറാക്കേണ്ട പിച്ചുകളെ കുറിച്ച് ഇന്ത്യന്‍ ടീം ചില ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നതായി ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ടൈംംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ പേസും ബൗണ്‍സും നല്‍കുന്ന ചുവന്ന മണ്ണിസാണ് ഗുവാഹത്തി ടെസ്റ്റിനുള്ള പിച്ച് തയ്യാറാക്കിയിട്ടുള്ളത്. ഹോം സീസണിനു മുമ്പ് തന്നെ ഇന്ത്യന്‍ ടീം അവരുടെ ഡിമാന്റുകളെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
അതുകൊണ്ടു തന്നെ ഈ പിച്ചില്‍ ടേണ്‍ ടേണ്‍ ലഭിക്കുകയാണെങ്കില്‍ പേസും ബൗണ്‍സുമെല്ലാം അതോടൊപ്പമുണ്ടാവുകയും ചെയ്യും. അസ്ഥിരമായ ബൗണ്‍സുണ്ടാവില്ലെന്നു ഉറപ്പ് വരുത്താനാണ് ക്യുറേറ്റര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ബിസിസിഐ ഒഫീഷ്യല്‍ വിശദമാക്കി.
കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റ് വെറും മൂന്നു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. പിച്ചിന്റെ അപ്രവചനീയത രണ്ടു ടീമുകളിലെയും ബാറ്റര്‍മാരെ ഒരുപോലെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. നാലിന്നിങ്‌സിലും 200 പ്ലസ് റണ്‍സ് പിറക്കാതിരുന്ന ടെസ്റ്റില്‍ ഒരാള്‍ക്കു മാത്രമേ ഫിഫ്റ്റിയും കുറിക്കാനായുള്ളൂ. സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമയാണ് രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 55 റണ്‍സെടുത്തത്. മല്‍സരഗതി മാറ്റിയതും ഈ ഇന്നിങ്‌സായിരുന്നു.