Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോലി ഉപദേശിച്ചു, തൊട്ടടുത്ത പന്തില്‍ സിറാജിന് വിക്കറ്റ്! കിങ് ഡാ- വീഡിയോ വൈറല്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളിങ് നിര കസറിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 55 റണ്‍സിനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും ജസ്പ്രീത് ബുംറയുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ തട്ടകത്തില്‍ ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.

മുഹമ്മദ് സിറാജിന്റെ തീപാറുന്ന ബൗളിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാന്‍ സിറാജിനായി. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിഞ്ഞ സിറാജ് അര്‍ഹിച്ച നേട്ടമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ പേസ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സനെ സിറാജ് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഈ വിക്കറ്റിന് കാരണമായത് വിരാട് കോലിയുടെ ഉപദേശമാണ്.

ആദ്യ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയെ വിറപ്പിച്ച യാന്‍സന് ഇത്തവണ അക്കൗണ്ട് തുറക്കും മുമ്പെ കൂടാരം കയറേണ്ടി വന്നു. എഡ്ജ് ചെയ്യുന്ന തരത്തില്‍ ഓഫ് സ്റ്റംപിനോട് ചേര്‍ന്നുള്ള പന്തെറിയാനാണ് സിറാജിനോട് കോലി ഉപദേശിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെ കോലി സിറാജിന് ഉപദേശം നല്‍കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കോലിയുടെ ഉപദേശം അതേപടി നടപ്പിലാക്കാന്‍ സിറാജിന് സാധിച്ചു.

കോലി ഉപദേശിച്ചതിന് തൊട്ടടുത്ത പന്തില്‍ത്തന്നെ വിക്കറ്റ് നേടിയെടുക്കാന്‍ സിറാജിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ചരിത്ര നേട്ടമാണ് സിറാജ് സ്വന്തമാക്കിയിരിക്കുന്നത്. 32 വര്‍ഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാര്‍ ഒറ്റ സംഖ്യയില്‍ പുറത്താവുന്നത്. കൂടാതെ 9 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സിറാജിനായി എന്നതാണ് എടുത്തു പറയേണ്ടത്.

mohammed siraj

സെന രാജ്യങ്ങളില്‍ മൂന്നിടത്തും അഞ്ച് വിക്കറ്റ് പ്രകടനം സിറാജ് നടത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡിലാണ് സിറാജ് ഇനി അഞ്ച് വിക്കറ്റ് പ്രകടനം നടത്താനുള്ളത്. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളറായി സിറാജ് മാറിയിരിക്കുകയാണ്.

ടെസ്റ്റില്‍ കുറഞ്ഞ റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ബൗളറായി മാറാന്‍ മുഹമ്മദ് സിറാജിനായി. 1990ല്‍ വെങ്കടാപതി രാജു 12 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. 15 റണ്‍സ് വഴങ്ങിയാണ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടം.

ഇന്ത്യക്കായി മുകേഷ് കുമാറും മിന്നല്‍ പ്രകടനമാണ് നടത്തിയത്. 2.2 ഓവര്‍ പന്തെറിഞ്ഞ് റണ്‍സ് വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റാണ് മുകേഷ് വീഴ്ത്തിയത്. ഇതോടെ ടെസ്റ്റില്‍ റണ്‍സ് വിട്ടുകൊടുക്കാതെ കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്കും മുകേഷ് എത്തി. റിച്ചി ബെനൗഡ്, ജോ റൂട്ട് എന്നിവരും നേരത്തെ റണ്‍സ് വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറേനിയാണ് ടോപ് സ്‌കോറര്‍. സിറാജിന്റെ ബൗളിങ് പ്രകടനം ദക്ഷിണാഫ്രിക്കയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു. സിറാജിന്റെ മിന്നും പ്രകടനത്തിന് പിന്നില്‍ കൈയടി കോലി അര്‍ഹിക്കുന്നു. കോലിയാണ് സിറാജിനെ പിന്തുണച്ചതും വളര്‍ത്തിയതും. തല്ലുകൊള്ളി ബൗളറെന്ന നിലയില്‍ ഒരു കാലത്ത് സിറാജ് തഴയപ്പെട്ടിരുന്നു.

എന്നാല്‍ കോലി നായകനായിരിക്കവെ സിറാജിനെ പിന്തുണച്ചു. കൂടുതല്‍ അവസരം നല്‍കിയതോടെ ഇന്നത്തെപ്പോലെ സൂപ്പര്‍ പേസറായി മാറാന്‍ സിറാജിന് സാധിച്ചു. ബാറ്റിങ് നിര അവസരത്തിനൊത്തുയര്‍ന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്ര ജയത്തിലേക്ക് ഇന്ത്യക്കെത്താനാവും.

Story first published: Wednesday, January 3, 2024, 16:34 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+