ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. മൂന്ന് വിക്കറ്റിനാണ് ആതിഥേയരോട് ഇന്ത്യ മുട്ടുമടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് 124 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരോവറും മൂന്ന് വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ഇന്ത്യയെ ജയിപ്പിക്കാന്‍ ഇത് മതിയാവുമായിരുന്നില്ല.
ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും പറയാനാവും. ബാറ്റിങ് നിരയുടെ മോശം പ്രകടനവും പേസര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനവുമെല്ലാം ഇന്ത്യയെ പിന്നോട്ടടിച്ച കാര്യങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് നായകന്‍ സൂര്യകുമാര്‍ യാദവിനെതിരേ ഉയരുന്നത്. സൂര്യയുടെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
എന്തുകൊണ്ട് അക്ഷറിന് ബൗളിങ് നല്‍കിയില്ല
പിച്ച് സ്പിന്നര്‍മാരെ നന്നായി തുണക്കുന്നുണ്ടായിരുന്നു. 17ാം ഓവറോടെ വരുണ്‍ ചക്രവര്‍ത്തിയുടേയും രവി ബിഷ്‌നോയിയുടേയും ഓവര്‍ തീര്‍ന്നു. എല്ലാവരും അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേലിനെയാണ് പ്രതീക്ഷിച്ചത്. ഒരോവര്‍ എറിഞ്ഞ് രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത അക്ഷര്‍ അനുഭവസമ്പന്നനായ താരം കൂടിയാണ്. അതുകൊണ്ടുതന്നെ മത്സരത്തില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാന്‍ അക്ഷറിന് സാധിക്കുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ചിന്തിച്ചത് മറ്റൊരു തലത്തിലാണ്. അവസാന ഓവറുകളില്‍ പേസര്‍മാരെ വിശ്വസിക്കാനുള്ള സൂര്യകുമാറിന്റെ തീരുമാനമാണ് പിഴച്ചത്. അര്‍ഷ്ദീപ് സിങ്ങും ആവേശ് ഖാനും അടി വാങ്ങിയതോടെ ജയിക്കേണ്ട മത്സരം ഇന്ത്യ കൈവിട്ടു. അക്ഷറിനെപ്പോലൊരു സീനിയര്‍ താരത്തിന്റെ മൂന്ന് ഓവറുകള്‍ ബാക്കിയിരിക്കെ എന്തുകൊണ്ടാണ് സൂര്യകുമാര്‍ ബൗളിങ് നല്‍കാതിരുന്നതെന്ന ചോദ്യം ഇതിനോടകം ശക്തമായി ഉയര്‍ന്ന് കഴിഞ്ഞു.

പാര്‍ട്ട് ടൈം ബൗളര്‍മാരെ ഉപയോഗിച്ചില്ല
സ്പിന്‍ പിച്ചില്‍ തിളങ്ങാന്‍ കഴിയുന്ന പാര്‍ട്ട് ടൈം സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. നേരത്തെ ശ്രീലങ്കയില്‍ ഇന്ത്യ തോല്‍ക്കുമെന്ന് തോന്നിച്ച കളി ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിച്ച് വിജയത്തിലേക്കെത്തിക്കാന്‍ സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മികവ് ഇപ്പോള്‍ കാട്ടാന്‍ സൂര്യകുമാറിന് സാധിച്ചില്ല. അഭിഷേക് ശര്‍മ, റിങ്കു സിങ് എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ ഓഫ് സ്പിന്‍ എറിയുന്നവരാണ്.
കൂടാതെ സൂര്യകുമാര്‍ യാദവും പന്തെറിയും. എന്നാല്‍ ഇത്തരമൊരു പരീക്ഷണത്തിന് സൂര്യകുമാര്‍ യാദവ് തയ്യാറായില്ല. പേസര്‍മാരെ എന്തിനാണ് ആ സമയത്ത് പന്തേല്‍പ്പിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇന്ത്യ ജയിക്കേണ്ട കളി നഷ്ടപ്പെടുത്തിയ തീരുമാനമായിരുന്നു അത്. അനായാസമായി ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്ന് ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയതിന് കാരണം സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവാണെന്ന് തന്നെ പറയാം.
വരുണിന്റെ അധ്വാനം വെറുതെയായി
ദക്ഷിണാഫ്രിക്കയെ വിറപ്പിക്കുന്ന സ്പിന്‍ ബൗളിങ് പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി കാഴ്ചവെച്ചത്. ഹെന്‍ റിച്ച് ക്ലാസന്‍ ഉള്‍പ്പെടെയുള്ള വില്ലന്മാരെ പുറത്താക്കി ദക്ഷിണാഫ്രിക്കയെ പൂട്ടാന്‍ വരുണിന് സാധിച്ചു. എന്നാല്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും ജെറാള്‍ഡ് കോയിറ്റ്‌സെയും ചേര്‍ന്ന് ആതിഥേയരെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. പേസറായ കോയിറ്റ്‌സെ 9 പന്തില്‍ പുറത്താവാതെ 19 റണ്‍സാണ് നേടിയത്.
ഈ പ്രകടനം ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. ആവേശ് ഖാനെപ്പോലൊരു ദുരന്തം ബൗളറെ ഡെത്തോവറില്‍ ഇട്ടുകൊടുത്തത് ലോക മണ്ടത്തരമാണ്. ആ സമയത്ത് സ്പിന്നറായിരുന്നെങ്കില്‍ വിക്കറ്റ് നേടാനും ഇന്ത്യ ജയിക്കാനുമുള്ള സാധ്യത കൂടുതലായിരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്തായാലും സൂര്യകുമാറിനെതിരേ വിമര്‍ശനം ശക്തമാണെന്ന് തന്നെ പറയാം.