ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ടീം. രണ്ടാംദിനം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ അവര്‍ 400 പ്ലസ് സ്‌കോറുമായി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ സൗത്താഫ്രിക്കന്‍ ടീം ഏഴു വക്കറ്റിനു 428 റണ്‍സെന്ന അതിശക്തമായ നിലയിലാണ്.
കന്നി സെഞ്ച്വറിയുമായി ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസാമിയും (107) ഫിഫിഫ്റ്റിയടിച്ച മാര്‍ക്കോ യാന്‍സണുമാണ് (51) ക്രീസില്‍. എട്ടാം വിക്കറ്റില്‍ 99 ബോളില്‍ 94 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു.
രണ്ടാംദിനം രണ്ടു വമ്പന്‍ കൂട്ടുകെട്ടുകളാണ് കണ്ടത്. സൗത്താഫ്രിക്കന്‍ ടീമിനെ ഡ്രൈവിങ് സീറ്റിലെത്തിച്ചതും ഇതു തന്നെയാണ്. ഇതില്‍ എടുത്തു പറയേണ്ടത് ഏഴാം വിക്കറ്റില്‍ സെനുരാമും കൈല്‍ വെറയ്‌നയും ചേര്‍ന്നെടുത്ത 88 റണ്‍സാണ്.

236 ബോളുകളാണ് ആദ്യ ദിനം അവസാന സെഷനിലും രണ്ടാംദിനം ആദ്യ സെഷനിലുമായി ഈ ജോടി നേരിട്ടത്. രണ്ടാംദിനം ആദ്യത്തെ സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണ് സൗത്താഫ്രിക്കയെ ഇതിനു സഹായിച്ചത്. അതു എങ്ങനെയെന്നറിയാം.
റിഷഭിന്റെ മണ്ടത്തരം
ആറു വിക്കറ്റിനു 247 റണ്‍സെന്ന നിലയിലാണ് സൗത്താഫ്രിക്കന്‍ ടീം ഇന്നു കളി പുനരാരംഭിച്ചത്. 300നുള്ളില്‍ ടോട്ടലിനു അവരെ എറിഞ്ഞൊതുക്കി ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം കൈല്‍ വെറെയ്‌നയ്‌ക്കൊപ്പം വാലറ്റക്കാരനായ സെനുരാന്‍ മുത്തുസാമിയുമായിരുന്നു ക്രീസില്‍.
തലേദിവസം സ്വന്തം ഓവറിലെ ഒരു ബോള്‍ ശേഷിച്ചതിനാല്‍ മുഹമ്മദ് സിറാജാണ് രണ്ടാദിനം ആദ്യം ബൗള്‍ ചെയ്യാനെത്തിയത്. തൊട്ടടുത്ത ഓവറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ക്യാപ്റ്റന്‍ നിയോഗിച്ചു. തുടര്‍ച്ചയായി രണ്ടു മെയ്ഡന്‍ ഓവറുകളാണ് ബുറയെറിഞ്ഞത്. സൗത്താഫ്രിക്കന്‍ ജോടികള്‍ അദ്ദേഹത്തിനെതിരേ സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ കഴിയാതെ വലഞ്ഞു.
സമ്മര്‍ദ്ദം കാരണം രണ്ടിലൊരാള്‍ പിഴവ് വരുത്തി അധികം വൈകാതെ പുറത്താവുമെന്നു ഉറപ്പിച്ച സമയം. പക്ഷെ റിഷഭ് ഈ സമയക്കാണ് വലിയൊരു മണ്ടത്തരം കാണിച്ചത്. ബുംറയെ പിന്‍വലിച്ച അദ്ദേഹം കുല്‍ദീപ് യാദവിനെ കൊണ്ടുവന്നത്. മറുവശത്ത് സിറാജും ബൗള്‍ ചെയ്തു. ഇതോടെ സെനുരാന്റെയും വെറയ്‌നയുടെയും സമ്മര്‍ദ്ദവും ഇല്ലാതായി. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിച്ച് ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ബുംറയെയും കുല്‍ദീപിനെയും ഈ സമയത്തു മാറി മാറി ഉപയോഗിച്ചിരുന്നെങ്കില്‍ അതു കൂടുതല്‍ ഇംപാക്ടുണ്ടാക്കിയോനെ. രണ്ടു പേരില്‍ ഒരാളെ പുറത്താക്കാനും കഴിയുമായിരുന്നു. പക്ഷെ ബുംറയെ പിന്‍വലിച്ച് ഈ ടെസ്റ്റിലെ നനഞ്ഞ പടക്കമായ സിറാജിനെ കൊണ്ട് ബൗള്‍ ചെയ്യിച്ചതോടെ സൗത്താഫ്രിക്കയ്ക്കു കാര്യങ്ങള്‍ എളുപ്പമായി മാറി.
പിന്നീട് വൈകിയാണ് ബുംറയെ തിരികെ വിളിക്കുന്നത്. അപ്പോഴേക്കും സൗത്താഫ്രിക്കന്‍ സ്‌കോര്‍ 272ലെത്തിയിരുന്നു. മാത്രമല്ല സെനുരാനും വെറയ്‌നയും ക്രീസുമായി പൂര്‍ണമായും പൊരുത്തപ്പെടുകയും ചെയ്തിരുന്നു.
രണ്ടാം സ്‌പെല്ലില്‍ ബുംറയെ കൊണ്ട് വെറും രണ്ടോവര്‍ എറിയിച്ച ശേഷം റിഷഭ് വീണ്ടും അദ്ദേഹത്തെ പിന്‍വലിക്കുകയായിരുന്നു. ഇതോടെ കളി പൂര്‍ണമായും സൗത്താഫ്രിക്കയുടെ ഭാഗത്തേക്കു നീങ്ങുകയും ചെയ്തു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ടീം സ്‌കോര്‍ 334ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. രവീന്ദ്ര ജഡജയുടെ ബൗളില്‍ വെറയ്‌നയെ റിഷഭ് സ്റ്റംപിങ് ചെയ്യുകയായിരുന്നു.