അഹമ്മദാബാദ്: ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടി20 ടീമിനായി വീണ്ടും ഓപ്പണറായി കളിക്കാനൊരുങ്ങുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ അദ്ദേഹം ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്.
വൈസ് ക്യാപ്റ്റനും ഫസ്റ്റ് ചോയ്‌സ് ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ പരിക്കേറ്റ് പിന്‍മാറിയതോടെയാണ് സഞ്ജുവിനു ഇഷ്ട പൊസിഷനിലേക്കു വഴി തുറന്നത്. നേരത്തേ ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന നാലാം ടി20യിലും അദ്ദേഹം ഓപ്പണ്‍ ചെയ്യാനിരുന്നതാണ്. പക്ഷെ കനത്ത മൂടല്‍ മഞ്ഞ് കാരണം ഈ മല്‍സസരം ഉപേക്ഷിക്കപ്പെട്ടത് സഞ്ജുവിനു തിരിച്ചടിയായി.

ഇപ്പോള്‍ അഹമ്മദാബാദിലെ അഞ്ചാമങ്കത്തില്‍ ഓപ്പണറായി ലഭിക്കുന്ന സുവര്‍ണവസരം പരമാവധി മുതലാക്കാന്‍ തന്നെയാവും അദ്ദേഹത്തിന്റെ ശ്രമം. അതിനാലില്ലെങ്കില്‍ സഞ്ജുവിന്റെ ടി20 ഭാവിയെയും അതു ദോഷകരമായി ബാധിക്കും. അഞ്ചാം ടി20യില്‍ അദ്ദേഹം എത്ര റണ്‍സാവും സ്‌കോര്‍ ചെയ്യുകയെന്നു എഐ പ്രവചിച്ചിരിക്കുകയാണ്.
സഞ്ജുവിന്റെ ഓപ്പണിങ് റോള്‍
ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് സഞ്ജു സാംസണ്‍ അവസാനമായി ഓപ്പണിങില്‍ കളിച്ചത്. പക്ഷെ ഈ പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ഒരു ഫിഫ്റ്റി പോലും നേടിയില്ലെന്നു മാത്രമല്ല, ഭൂരിഭാഗം കളിയിലും ഒരേ രീതിയാണ് പുറത്തായത്.
ജോഫ്ര ആര്‍ച്ചറടക്കമുള്ള ഇംഗ്ലീഷ് പേസര്‍മാരുടെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ അദ്ദേഹം വീണു കൊണ്ടേയിരുന്നു. ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ട് കളിച്ച് ഏറെക്കുറെ ഏരിയയില്‍ തന്നെ ക്യാച്ചും സമ്മാനിച്ച് സഞ്ജു ക്രീസ് വിടുകയായിരുന്നു.
ഈ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തെ പിന്നീട് ഓപ്പണറായി കാണുകയും ചെയ്തിട്ടില്ല.
അതിനു ശേഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യ കളിച്ചത്. ശുഭ്മന്‍ ഗില്‍ ഓപ്പണറായി ടി20 ടീമിലേക്കു മടങ്ങിയെത്തിയതും ഈ ടൂര്‍ണമെന്റിലൂടെയാണ്. അതോടെ സഞ്ജുവിനു ഓപ്പണിങ് വിട്ടുകൊടുത്ത് മധ്യനിരയിലേക്കു മാറേണ്ടിയും വരികയായിരുന്നു.
പ്രവചനമിങ്ങനെ
ഇംഗ്ലണ്ടുമായുള്ള പരമ്പരയോടെ ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണിങ് റോള്‍ നഷ്ടമായെങ്കിലും മറ്റു ടീമുകള്‍ക്കായി സഞ്ജു സാംസണ്‍ വീണ്ടും ഒാപ്പണാറായി കളിക്കുകയും ചെയ്തു. ഐപിഎല്ലില്‍ പരിക്കേറ്റ് കുറച്ചു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുന്നതു വരെ ഓപ്പണറായാണ് അദ്ദേഹം ബാറ്റ് വീശിയത്.

അതിനു ശേഷം കേരളാ ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയും ഏറ്റവും അവസാനമായി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടിയുമെല്ലാം സഞ്ജു ഓപ്പണ്‍ ചെയ്തു. മുഷ്താഖ് അലി ട്രോഫി പകുതിയോളം എത്തിനില്‍ക്കവെയാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്കുള്ള ഇന്ത്യന്‍ ടീമിനോടൊപ്പം അദ്ദേഹം ചേര്‍ന്നത്.
മുഷ്താഖ് അലിയില്‍ മിന്നുന്ന ഫോമിലായിരുന്നു സഞ്ജു. 73*, 46, 51*, 43 എന്നിങ്ങനൊയിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഈ ഫോമിന്റെ ആത്മവിശ്വാസത്തിലായിരിക്കും സൗത്താഫ്രിക്കയുമായുള്ള അഞ്ചാം ടി20യില്‍ സഞ്ജു ഓപ്പണറുടെ കുപ്പായമണിയുക.
നേരത്തേ സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു ടി20 സെഞ്ച്വറികളടക്കം നേടിയിട്ടുള്ള താരമാണ് അദ്ദേഹം. അവര്‍ക്കെതിരായ മികച്ച റെക്കോര്‍ഡും നിലവിലെ ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ അഞ്ചാം ടി20യില്‍ 68 റണ്‍സ് സഞ്ജു നേടുമെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം.