കേപ്ടൗണ്‍: ബൗളര്‍മാര്‍മാരുടെ പറുദീസയായി മാറിയ കേപ്ടൗണില്‍ സെഞ്ച്വറി നേടി ഞെട്ടിച്ചിരിക്കുകയാണ് എയ്ഡന്‍ മാര്‍ക്രം. ദക്ഷിണാഫ്രിക്കയുടെ ഓപ്പണറായ മാര്‍ക്രം 103 പന്തില്‍ 106 റണ്‍സാണ് അടിച്ചെടുത്തത്. പ്രതിരോധിക്കാന്‍ പ്രയാസപ്പെടുന്ന പിച്ചില്‍ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ മാര്‍ക്രത്തിനായി. 17 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 102ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് മാര്‍ക്രം കസറിയത്. രണ്ടാം ടെസ്റ്റിലെ ഏക സെഞ്ച്വറി പ്രകടനമാണിത്.
എന്നാല്‍ മാര്‍ക്രം സെഞ്ച്വറി നേടിയതിന് പിന്നാലെ കെ എല്‍ രാഹുലിനെതിരേ വിമര്‍ശനമുയരുകയാണ്. മാര്‍ക്രം സെഞ്ച്വറി നേടില്ലായിരുന്നുവെന്നും രാഹുലിന്റെ പിഴവാണ് മാര്‍ക്രത്തെ സെഞ്ച്വറി നേടാന്‍ സഹായിച്ചതെന്നുമാണ് ആരാധകര്‍ പറയുന്നത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാഹുലിന് മാര്‍ക്രത്തിന്റെ അനായാസ ക്യാച്ച് ലഭിച്ചതാണ്. എന്നാല്‍ രാഹുല്‍ ഈ ക്യാച്ച് പാഴാക്കി. മാര്‍ക്രം 73 റണ്‍സില്‍ നില്‍ക്കവെയാണ് ഈ ക്യാച്ച് അവസരം ലഭിച്ചത്.
എന്നാല്‍ പന്ത് കൈയിലാക്കാന്‍ രാഹുലിനായില്ല. ഇതോടെ ലൈഫ് ലഭിച്ച മാര്‍ക്രം 106 റണ്‍സാണ് നേടിയത്. മാര്‍ക്രം സെഞ്ച്വറി നേടിയെന്നതിലുപരി ലീഡ് 50 പിന്നിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. ദക്ഷിണാഫ്രിക്കയുടെ ലീഡ് 50നുള്ളില്‍ ഒതുക്കാനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ മാര്‍ക്രത്തെ കൈവിട്ട് കളഞ്ഞതോടെ ഇന്ത്യ ഈ അവസരമാണ് നഷ്ടമാക്കിയത്. മത്സരത്തില്‍ ഇന്ത്യ കൈവിട്ട ഏക ക്യാച്ചാണിത്.
എന്നാല്‍ രാഹുലിന്റെ ക്യാച്ചിന് വലിയ വില തന്നെ ഇന്ത്യ നല്‍കേണ്ടി വന്നു. 78 റണ്‍സ് ലീഡ് നേടി 79 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഈ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ 78 റണ്‍സ് ചെറിയ സ്‌കോറല്ല. കഗിസോ റബഡ, ലൂങ്കി എന്‍ഗിഡി, നാന്ദ്രേ ബര്‍ഗര്‍, മാര്‍ക്കോ യാന്‍സന്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിരയെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.

മാര്‍ക്രത്തിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ചെറിയ സ്‌കോറില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കാന്‍ ഇന്ത്യക്കാവുമായിരുന്നു. മാര്‍ക്രത്തിന്റെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് നേടിയത് വെറും 70 റണ്‍സാണ്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇക്കോണമി 4ന് മുകളിലാണെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയെടുക്കാന്‍ ബുംറക്കായി.
ഇന്ത്യക്കായി മുകേഷ് കുമാര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കാഴ്ചവെച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നതാണ് തിരിച്ചടിയായത്. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. വെറും 15 റണ്‍സ് വഴങ്ങിയാണ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയത്.
ആദ്യ മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബല പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ റെക്കോഡ് ബൗളിങ് പ്രകടനത്തോടെയാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 23 വിക്കറ്റാണ് വീണത്. ടെസ്റ്റ് ചരിത്രത്തില്‍ത്തന്നെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം. ബൗളര്‍മാര്‍ക്ക് സര്‍വാധിപത്യം പിച്ചില്‍ ലഭിച്ചപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ വെള്ളം കുടിക്കുകയായിരുന്നു.
രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സമനിലയാക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഉയരാനും ഇന്ത്യക്കാവും. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടത്തിനായി ഇനിയും കാത്തിരിക്കണം.