റാഞ്ചി: 2027ലെ അടുത്ത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തങ്ങള്‍ ഉറപ്പായും സ്ഥാനമര്‍ഹിക്കുന്നതായി വീണ്ടും തെളിയിച്ചിരിക്കുകയാണ് രോക്കോ ജോടി. സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ വിരാട് കോലി (135) തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചപ്പോല്‍ രോഹിത് ശര്‍മ (57) ഫിഫ്റ്റിക്കും അവകാശിയായിരുന്നു.
രണ്ടം വിക്കറ്റില്‍ ഇരുവരുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് കളിയില്‍ ഇന്ത്യയെ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇരുവരുടെയും തകര്‍പ്പന്‍ ഇന്നിങ്‌സിനു പിറകെ കോലിയുടെ സഹോദരിയായ ഭാവ്‌നയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഭാവ്‌നയുടെ പോസ്റ്റ്
ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയടെയും രോഹിത് ശര്‍മയുടെയും സ്ഥാനത്തെ കുറിച്ച് സംശയിച്ചവര്‍ക്കുള്ള കിടിലന്‍ മറുപടി കൂടിയാണ് ഭാവ്‌ന കോലി സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. വെറും രണ്ടു വരിയില്‍ ഇമോജികള്‍ കൊണ്ടു മാത്രം വിമര്‍ശിച്ചവര്‍ക്കു അവര്‍ മാസ് മറുപടി നല്‍കുകയായിരുന്നു.
വിരാട് കോലിയുടെ തോളില്‍ വച്ച് രോഹിത് ശര്‍മ നില്‍ക്കുകയും ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഫോട്ടോയാണ് ഭാവ്‌ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഭാവ്‌ന നല്‍കിയത്. അതിനൊപ്പം തന്നെ മിണ്ടിപ്പോവരുതെന്നു അര്‍ഥം വരുന്ന ഇമോജികളും കൂടാതെ തീയുടെ ഇമോജികളുമാണ് അവര്‍ കൊടുത്തിട്ടുള്ളത്.
കോലിയുടെയും രോഹിത്തിന്റെയും പ്രായത്തെയും ഫിറ്റ്‌നസിനെയും ഫോമിനെയുമെല്ലാം ചോദ്യം ചെയ്തവരെ ഉദ്ദേശിച്ചാണ് ഭാവ്‌ന ഇതു നല്‍കിയിരിക്കുന്നതെന്നു വ്യക്തമാണ്. അവരുടെ ഈ പോസ്റ്റ് വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായത്.
ഈ പോസ്റ്റ് പങ്കു വച്ച് ബിസിസിഐയെയും കോച്ച് ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയുമെല്ലാം ചിലര്‍ പരിഹസിക്കുകയും ചെയ്യുന്നു. ബിസിസിഐയെയും ഗൗതം ഗംഭീറിനെയുമെല്ലാം ഭാവ്‌ന കോലിയും ഇപ്പോള്‍ കുക്ക് ചെയ്തിരിക്കുകയാണെന്നായിരുന്നു എക്‌സിലെ ഒരു പ്രതികരണം.
2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ കൂടി കളിച്ച ശേഷം വിരമിക്കാനുള്ള ആഗ്രഹമാണ് രോഹിത്തിനും കോലിക്കുമുള്ളത്. ഈ കാരണത്താലാണ് ടി20, ടെസ്റ്റ് എന്നിവയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ഏകദിനത്തില്‍ മാത്രം രോക്കോ കളി തുടരുന്നത്.
പക്ഷെ രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോകകപ്പ് വരെ രണ്ടു പേര്‍ക്കും ഫോമും ഫിറ്റന്‌സും കാത്തുസൂക്ഷിക്കാന്‍ കഴിയുമോയെന്ന സംശയം അഗാര്‍ക്കറിനും ഗംഭീറിനുമുണ്ട്. അതുകൊണ്ടു തന്നെ രോക്കോയുടെ പങ്കാളിത്തം സംബന്ധിച്ച് ഇവര്‍ നേരത്തേ ഉറപ്പും പറഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളെ സംശയിച്ചവര്‍ക്കു കളിക്കളത്തിലാണ് മറുപടി നല്‍കുകയാണ് ഇരുവരും.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ രോഹിത് ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും കുറിച്ചിരുന്നു. കോലിയാവട്ടെ ഒരു ഫിഫ്റ്റിയും നേടിയിരുന്നു. ഇപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ കോലി സെഞ്ച്വറിയും രോഹിത് ഫിഫ്റ്റിയും കുറിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഭാവ്‌ന തുറന്നടിച്ചിരിക്കുന്നത്.
അതേസമയം, ആദ്യ ഏകദിനത്തില്‍ സൗത്താഫ്രിക്കയ്ക്കു 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ നഷ്ടത്തില്‍ 349 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.
120 ബോളില്‍ 11 ഫോറും ഏഴു കൂറ്റന്‍ സിക്‌സറുമടക്കം 135 റണ്‍സ് അടിച്ചെടുത്ത കോലിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായത്. ആറാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഫിനിഷറുടെ റോളില്‍ തിളങ്ങി. 56 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 60 റണ്‍സുമായാണ് ക്രീസ് വിട്ടത്. രോഹിത് 51 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെയാണ് 57 റണ്‍സിലെത്തിയത്.