IND vs SA: ഡികോക്ക് മിന്നിക്കും! കളിയില്‍ 10ന് മുകളില്‍ സിക്‌സര്‍- വിജയികളെ പ്രവചിച്ച് ചോപ്ര
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടത്തെക്കുറിച്ച് ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. രാത്രി ഏഴു മണിക്ക് കട്ടക്കിലാണ് പോരാട്ടം. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ മല്‍സരം. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ പരമ്പര പോക്കറ്റിലാക്കാന്‍ ബാക്കിയുള്ള മൂന്നു കളികളും ഇന്ത്യക്കു ജയിക്കേണ്ടിവരും.

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 200ന് മുകളില്‍ റണ്‍സ് അടിച്ചെടുത്തിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെ ഇന്ത്യ തോല്‍വിയിലേക്കു വീഴുകയായിരുന്നു. ബാറ്റര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയെങ്കിലും ബൗളിങ് നിര ഫ്‌ളോപ്പായത് ഇന്ത്യയുടെ പരാജയത്തിനു വഴിയൊരുക്കി. സ്വന്തം യൂട്യൂബ് ചാനലിലാണ് രണ്ടാം ടി20യെക്കുറിച്ച് ചോപ്ര ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ- ഇഷാന്‍ കിഷന്‍ എന്നിവര്‍ ചേര്‍ന്ന് 75 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നതാണ് എന്റെ ആദ്യത്തെ പ്രവചനം. ഒരുപാട് റണ്‍സ് പിറന്നിട്ടുള്ള ഗ്രൗണ്ടാണിത്. വളരെ അപകടകാരിയായ ഗ്രൗണ്ട് കൂടിയാണിത്. ആദ്യ ഇന്നിങ്‌സില്‍ ഇവിടുത്തെ വിജയിക്കാവുന്ന സ്‌കോര്‍ 195 റണ്‍സാണ്. ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയാണെങ്കില്‍ 200ന് മുകളില്‍ സ്‌കോര്‍ ഇവിടെ നേടിയേ തീരുവെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

സൗത്താഫ്രിക്കയ്ക്കായി ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഡേവിഡ് മില്ലര്‍ എന്നിവര്‍ ഈ കളിയില്‍ മികച്ച പ്രകടനം നടത്തുമെന്നു ആകാശ് ചോപ്ര പ്രവചിക്കുന്നു. ക്വിന്റണ്‍ ഡികോക്കും ഡേവിഡ് മില്ലറും കൂടി കളിയില്‍ 75 റണ്‍സിനു മുകളില്‍ അടിച്ചെടുക്കും. ആദ്യ മല്‍സത്തില്‍ ഡികോക്കിനു പ്രതീക്ഷിച്ച പ്രകടനം നടത്താനായിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ തീപ്പൊരി പ്രകടനം താരത്തില്‍ നിന്നും ഉറപ്പാണെന്നും ചോപ്ര പ്രവചിക്കുന്നു.

18 ബോളില്‍ 22 റണ്‍സാണ് ആദ്യ മല്‍സരത്തില്‍ ഡികോക്കിനു നേടാനായത്. അക്ഷര്‍ പട്ടേലിന്റെ ബൗളിങില്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ഇഷാന്‍ കിഷന്‍ ഡികോക്കിനെ പിടികൂടുകയായിരുന്നു. മില്ലറാവട്ടെ 31 ബോളില്‍ പുറത്താവാതെ 64 റണ്‍സ് അടിച്ചെടുത്ത് പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു.

രണ്ടാം ടി20യില്‍ ഒരുപാട് സിക്‌സറുകളും ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാമെന്നു ആകാശ് ചോപ്ര പ്രവചിക്കുന്നു. 10 അല്ലെങ്കില്‍ അതിനു മുകളില്‍ സിക്‌സറുകള്‍ ഈ കളിയില്‍ നമുക്ക് പ്രതീക്ഷിക്കാം. കഴിഞ്ഞ മല്‍സരത്തിലെ ഡല്‍ഹിയിലെ പിച്ചില്‍ ബോള്‍ ഉയര്‍ന്നും താഴ്ന്നും, ഇടതും വലതുമെല്ലാം പോവുന്നത് കണ്ടിരുന്നു. പക്ഷെ കട്ടക്കില്‍ അങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ട. ഇവിടുത്തേത് വളരെ ഫ്‌ളാറ്റായിട്ടുള്ള പിച്ചാണ്. അതുകൊണ്ടു തന്നെ ഒരുപാട് വമ്പനടികളും പ്രതീക്ഷിക്കാം. ഒന്നോ, രണ്ടോ ബോളുകള്‍ കട്ടക്കില്‍ നിന്നും ഭുവനേശ്വറിലേക്കു ബാറ്റര്‍മാര്‍ അയച്ചേക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടി20യിലെ വിജയികളിയും ആകാശ് ചോപ്ര പ്രവചിച്ചിട്ടുണ്ട്. എന്റെ അവസാനത്തെ പ്രവചനം ഇന്ത്യ ഈ മല്‍സരത്തില്‍ വിജയിക്കുമെന്നതാണ്. അതോടെ പരമ്പര 1-1നു ഒപ്പമാവുകയും ചെയ്യുമെന്നാണ് തനിക്കു തോന്നുന്നതെന്നു ചോപ്ര പറഞ്ഞു.
ആദ്യ ടി20യിലേറ്റ വലിയ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും റിഷഭ് പന്തും സംഘവും കട്ടക്കില്‍ വിമാനമിറങ്ങുക. ബാറ്റിങ് നിര മികച്ച ഫോമിലാണെങ്കിലും ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ പ്രധാന ആശങ്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications