മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകര്‍ത്തുവിട്ടത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യ ടീമിനെ കളത്തിലിറക്കിയപ്പോള്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പാളി. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.
ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലിറങ്ങിയത്. ഇരുവരുടേയും അഭാവം ഇന്ത്യക്ക് തിരിച്ചടിയായെന്ന് പറയാം. രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് വലിയ പ്രതീക്ഷകളില്ല. അത്ഭുത പ്രകടനങ്ങള്‍ ഉണ്ടാവാത്ത പക്ഷം ഇന്ത്യ തോല്‍ക്കാനാണ് സാധ്യത കൂടുതല്‍. ഇപ്പോഴിതാ ഇന്ത്യ ചേതേശ്വര്‍ പുജാരയെ മിസ് ചെയ്യുന്നുണ്ടെന്നും പുജാരയെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.
'ഇന്ത്യ കാരണങ്ങളില്ലാതെയാണ് ചേതേശ്വര്‍ പുജാരയേയും അജിന്‍ക്യ രഹാനെയേയും ഒഴിവാക്കിയത്. എല്ലാ മൈതാനത്തും റണ്‍സ് നേടിയിട്ടുള്ള രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇവര്‍. പുജാരയുടെ ടെസ്റ്റിലെ കണക്കുകള്‍ നോക്കുമ്പോള്‍ വിരാട് കോലിയുടെ പ്രകടനത്തോട് സമാനമായിരിക്കും. എന്നിട്ടും പുജാരയെ എന്തിന് ഒഴിവാക്കിയെന്നതിന് ഉത്തരമില്ല. ഇപ്പോഴും പുജാരയെക്കാള്‍ മികച്ചൊരു ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഇന്ത്യക്കില്ല. പതിയെയാവും കളിക്കുകയെങ്കിലും നിങ്ങളെ രക്ഷിക്കാന്‍ അവനാവും.
ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയപ്പോള്‍ പുജാരയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു'- യുട്യൂബ് ചാനലില്‍ സംസാരിക്കവെ ഹര്‍ഭജന്‍ സിങ് പറഞ്ഞു. പുജാരയെപ്പോലൊരു ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കയില്‍ വേണമായിരുന്നു. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരമാണ് പുജാര. ദക്ഷിണാഫ്രിക്കയില്‍ 28ന് മുകളില്‍ ശരാശരിയില്‍ 535 റണ്‍സ് പുജാര നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

എവേ താരങ്ങളുടെ ദക്ഷിണാഫ്രിക്കയിലെ കണക്കുകള്‍ നോക്കുമ്പോള്‍ പുജാരയുടെ പ്രകടനം മികച്ചതാണ്. ഇന്ത്യയുടെ നിലവിലെ ആക്രമണോത്സക ബാറ്റിങ് ശൈലിയൊന്നും ദക്ഷിണാഫ്രിക്കയില്‍ ക്ലിക്കാവില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ പുജാരയെപ്പോലെ മികച്ച താരങ്ങളെ ഇന്ത്യ ഒപ്പം കൂട്ടേണ്ടതായിരുന്നു. അജിന്‍ക്യ രഹാനെയുടെ അഭാവവും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. ദക്ഷിണാഫ്രിക്കയില്‍ ആറ് ടെസ്റ്റില്‍ നിന്ന് 402 റണ്‍സാണ് രഹാനെ നേടിയത്.
36ന് മുകളിലാണ് രഹാനെയുടെ ശരാശരി. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രഹാനെക്ക് പകരം ശ്രേയസ് അയ്യരെയാണ് ഇന്ത്യ അഞ്ചാം നമ്പറില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഷോര്‍ട്ട് ബോളുകള്‍ ദൗര്‍ബല്യമുള്ള ബാറ്റ്‌സ്മാനാണ് ശ്രേയസ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള വിദേശ പിച്ചുകളില്‍ കളിക്കുകയെന്നതും മികവ് കാട്ടുകയെന്നതും ശ്രേയസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.
പുജാരക്ക് പകരം മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലെന്നതും മണ്ടന്‍ തീരുമാനമാണ്. ശുബ്മാന്‍ ഗില്ലിന് ക്ഷമയോടെ കളിക്കാനാവില്ല. ആക്രമണോത്സകതയിലേക്ക് അറിയാതെ താരം വഴുതിപ്പോകുന്നു. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നില്ല. ഇന്ത്യ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ വിദേശ പിച്ചില്‍ കളിപ്പിക്കുന്നതിന് മുമ്പ് ആ സാഹചര്യത്തില്‍ പരിശീലന മത്സരം കളിച്ച് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടതായുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ഫോമിലേക്കെത്താനാവാതെ ജയിക്കാനാവില്ല. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നീ ടോപ് ഓഡറിലെ നാല് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് അടിത്തറ പാകിയാല്‍ ഇന്ത്യക്ക് ജയിക്കാനാവും. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.