ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ഇത്തവണയും കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പമുള്ളത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമടക്കം മികവ് കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയിലെ സാഹചര്യം വ്യത്യസ്തമാണ്. അതിവേഗ പന്തുകള്‍ എത്തുന്ന ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാന്‍ അസാധ്യ ബാറ്റിങ് മികവ് കാഴ്ചവെക്കേണ്ടതായുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് നിര്‍ണ്ണായകം. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങളെന്ന നിലയില്‍ രോഹിത്തിനും കോലിക്കും മുകളിലാവും കൂടുതല്‍ ഭാരവും. ഇപ്പോഴിതാ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ ജെറാള്‍ഡ് കോയിറ്റ്‌സി.
കോലിയും രോഹിത്തും മികച്ച താരങ്ങളാണെങ്കിലും വീഴ്ത്താന്‍ തന്റെ കൈയില്‍ തന്ത്രമുണ്ടെന്നാണ് കോയിറ്റ്‌സി പറയുന്നത്. 'കോലിയും രോഹിത്തും ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. രണ്ട് പേരും വലിയ താരങ്ങളാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള പോരാട്ടമാവും ഉണ്ടാവുക. പക്ഷെ എനിക്ക് വെല്ലുവിളി ഇഷ്ടമാണ്. ഇരുവരേയും പുറത്താക്കാനുള്ള തന്ത്രം എന്റെ കൈയിലുണ്ട്' കോയിറ്റ്‌സി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിനെ തുണക്കുന്നതാണ്.
നല്ല ബൗണ്‍സും പിച്ചിലുണ്ടാവും. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. അതിവേഗത്തിലെത്തുന്ന പന്തുകളെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്. കോയിറ്റ്‌സിയുടെ ബൗളിങ് ഡെയ്ല്‍ സ്‌റ്റെയിന്റെ ബൗളിങ്ങിന് സമാനമാണ്. മികച്ച ലൈനും ലെങ്തുമുള്ള കോയിറ്റ്‌സി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദനയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം കോയിറ്റ്‌സി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. വിക്കറ്റ് വേട്ടക്കാരുടെ മുന്‍ നിരയിലേക്ക് അപ്രതീക്ഷിതമായി ഉയര്‍ന്ന താരമാണ് കോയിറ്റ്‌സി. ടെസ്റ്റിലും കോയിറ്റ്‌സിയുടെ പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക വലിയ പ്രതീക്ഷവെക്കുന്നു. സ്റ്റംപിന് ആക്രമിക്കുന്ന ബൗളിങ് ശൈലിയാണ് കോയിറ്റ്‌സിയുടേത്. ഇത് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.
ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് കൂടുതല്‍ സമ്മര്‍ദ്ദമെന്ന് ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മികച്ച സ്‌കോറിലേക്കെത്താന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായാല്‍ എറിഞ്ഞു പിടിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയരണം. ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ.
അതുകൊണ്ടുതന്നെ രോഹിത്തിന്റേയും കോലിയുടേയും പ്രകടനത്തിലേക്കാവും എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത്തിനൊപ്പം ഓപ്പണറായി യശ്വസി ജയ്‌സ്വാള്‍ എത്തിയേക്കും. മൂന്നാം നമ്പറില്‍ പുജാരക്ക് പകരം ശുബ്മാന്‍ ഗില്ലാവും ഉണ്ടാവുക. ഇന്ത്യക്കായി ഓപ്പണര്‍ റോളിലാണ് കൂടുതലും ഗില്‍ തിളങ്ങിയിട്ടുള്ളത്. എന്നാല്‍ മൂന്നാം നമ്പറിലും ബാറ്റ് ചെയ്ത് ഗില്ലിന് അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ആ റോളില്‍ കസറുമെന്ന് പ്രതീക്ഷിക്കാം.
അജിന്‍ക്യ രഹാനെയുടെ പകരക്കാരനായി അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരാവും കളിക്കുക. ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ ശ്രേയസിന് വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം. കെ എല്‍ രാഹുലാവും വിക്കറ്റ് കീപ്പറെന്ന് ഉറപ്പായിക്കഴിഞ്ഞു. ദ്രാവിഡ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആറാം നമ്പറിലേക്ക് രാഹുലെത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് ശക്തമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ആര്‍ അശ്വിനെ പുറത്തിരുത്തി സ്പിന്നറായി രവീന്ദ്ര ജഡേജയെ മാത്രമാവും ഇന്ത്യ പരിഗണിക്കുക. കൂടാതെ നാല് പേസര്‍മാരെ ഇന്ത്യ കളത്തിലിറക്കും. ബാറ്റിങ് കരുത്തും വിലയിരുത്തുമ്പോള്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്. ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ചരിത്ര പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.