
രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 82 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്‍സിന് കൂടാരം കയറുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ആവേഷ് ഖാനാണ് സന്ദര്‍ശകരെ തകര്‍ത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-2 ഇന്ത്യ ഒപ്പമെത്തി. പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരം ഞായറാഴ്ചയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ദിനേഷ് കാര്‍ത്തിക് (55), ഹര്‍ദിക് പാണ്ഡ്യ (46) എന്നിവരുടെ പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മികച്ചതായില്ല. വിശാഖപട്ടണത്ത് അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച റുതുരാജ് ഗെയ്ക് വാദിനെ (5) ആദ്യം തന്നെ ഇന്ത്യക്ക് നഷ്ടമായി. 7 പന്ത് നേരിട്ട് ഒരു ബൗണ്ടറി നേടിയ താരം ലൂങ്കി എന്‍ഗിഡിയുടെ പന്തില്‍ ക്വിന്റന്‍ ഡീകോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാമന്‍ ശ്രേയസ് അയ്യരും (4) പെട്ടെന്ന് മടങ്ങി. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ശ്രേയസ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. അംപയര്‍ അനുവദിക്കാതെ വന്നതോടെ ഡിആര്‍എസിലൂടെയാണ് ശ്രേയസിന്റെ വിക്കറ്റ് നേടിയെടുത്തത്.

പവര്‍പ്ലേയില്‍ത്തന്നെ രണ്ട് വിക്കറ്റ് വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. പ്രതീക്ഷ നല്‍കി ക്രീസില്‍ ഉണ്ടായിരുന്ന ഇഷാന്‍ കിഷന്‍ (27) ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ പുറത്തായി. നോക്കിയേയുടെ പന്തിലെ ഡീകോക്കിന്റെ തലക്ക് മുകളിലൂടെ വിടാന്‍ ശ്രമിച്ച കിഷന് പിഴച്ചു. 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്.
നാലാം വിക്കറ്റില്‍ ഒത്തുകൂടിയ നായകന്‍ റിഷഭ് പന്തും വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് അല്‍പ്പനേരം പിടിച്ചുനിന്നു. എന്നാല്‍ മോശം ഫോമിലുള്ള റിഷഭിന് അധികനേരം മുന്നോട്ട് പോകാനായില്ല. 23 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 17 റണ്‍സ് നേടിയ റിഷഭിനെ കേശവ് മഹാരാജാണ് പുറത്താക്കിയത്. റിഷഭിന്റെ ടി20 ലോകകപ്പിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന പ്രകടനമാണ് താരം ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ഇതേ ഫോം തുടര്‍ന്നാല്‍ ലോകകപ്പിലേക്ക് ഇന്ത്യ പുതിയ വിക്കറ്റ് കീപ്പറെ തേടിയേക്കും.

അഞ്ചാം വിക്കറ്റിലൊത്തുചേര്‍ന്ന ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തികും വേഗത്തില്‍ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. അവസാന ഓവറില്‍ ആഞ്ഞടിച്ച് തുടങ്ങവെ ഹര്‍ദിക്കിനെ (46) ലൂങ്കി എന്‍ഗിഡി പുറത്താക്കി. സിക്‌സറിന് ശ്രമിക്കവെ തബ്രൈസ് ഷംസിയുടെ ഗംഭീര ക്യാച്ചിലാണ് മടക്കം. 31 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സുമാണ് ഹര്‍ദിക് നേടിയത്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട സമയത്ത് ദിനേഷ് കാര്‍ത്തിക് തന്റെ പ്രതിഭ കാട്ടി കസറി.
27 പന്തില്‍ 9 ഫോറും രണ്ട് സിക്‌സുമാണ് കാര്‍ത്തിക് പറത്തിയത്. 203.70 സ്‌െൈട്രക്കറേറ്റില്‍ കളിച്ച കാര്‍ത്തികാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് 150 കടത്തിയത്. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ കാര്‍ത്തിക് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഡ്വെയ്ന്‍ പ്രിട്ടോറിയസാണ് കാര്‍ത്തികിനെ പുറത്താക്കിയത്. വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ നിര്‍ണ്ണായകമായ എട്ട് റണ്‍സ് നേടിയതോടെ 20 ഓവറില്‍ ആറ് വിക്കറ്റിന് 169 എന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായി. ലൂങ്കി എന്‍ഗിഡി രണ്ടും മാര്‍ക്കോ യാന്‍സന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍ റിച്ച് നോക്കിയേ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ആവേഷ് ഖാനാണ് ഇന്ത്യന്‍ ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത്. യുസ് വേന്ദ്ര ചഹാല്‍ രണ്ടും ഹര്‍ഷല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയതോടെ സന്ദര്‍ശകര്‍ 16.5 ഓവറില്‍ 87 റണ്‍സില്‍ കൂടാരം കയറി. 20 റണ്‍സെടുത്ത റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റന്‍ ഡീകോക്ക് (14), ടെംബ ബാവുമ (8), ഡ്വെയ്ന്‍ പ്രിട്ടോറിയസ് (0), ഹെന്‍ റിച്ച് ക്ലാസന്‍ (8), ഡേവിഡ് മില്ലര്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.
മൂന്ന് മാറ്റങ്ങളാണ് ദക്ഷിണാഫ്രിക്ക ടീമില്‍ വരുത്തിയത്. കഗിസോ റബാഡ, വെയ്ന്‍ പാര്‍ണല്‍ എന്നിവര്‍ക്ക് പരിക്കേറ്റപ്പോള്‍ പകരം മാര്‍ക്കോ ജാന്‍സനും ലൂങ്കി എന്‍ഗിഡിയുമെത്തി. റീസ ഹെന്റിക്വസിന് പകരം ക്വിന്റന്‍ ഡീകോക്ക് മടങ്ങിയെത്തി. അതേ സമയം ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയത്.
പ്ലേയിങ് 11:ദക്ഷിണാഫ്രിക്ക: ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമസ ഡ്വെയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സന്‍, കേശവ് മഹാരാജ്, ലൂങ്കി എന്‍ഗിഡി, ആന്‍ റിച്ച് നോക്കിയേ, തബ്രൈസ് ഷംസി
ഇന്ത്യ-ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍