ജൊഹാനസ്ബര്‍ഗ്: റണ്‍മഴ കണ്ട പോരാട്ടത്തില്‍ സൗത്താഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ടി20 പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം സെഞ്ച്വറികളോടെ സഞ്ജു സാംസണും തിലക് വര്‍മയും അഴിഞ്ഞാടിയപ്പോള്‍ ആതിഥേയര്‍ക്കു മറുപടിയില്ലായിരുന്നു. 135 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ സൗത്താഫ്രിക്കയുടെ തോല്‍വി ഉറപ്പായിരുന്നു. കാരണം 284 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് ഇന്ത്യ അവര്‍ക്കു നല്‍കിയത്.
മറുപടിയില്‍ സൗത്താഫ്രിക്ക പെരുതാന്‍ രപോലുമാവാതെ മല്‍സരം കൈവിടുകയായിരുന്നു. 18.2 ഓവറില്‍ 148 റണ്‍സിനു ഇന്ത്യ കൂടാരം കയറുകയും ചെയ്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (43), ഡേവിഡ് മില്ലര്‍ (38), മാര്‍ക്കോ യാന്‍സണ്‍ (29) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയുടെ പ്രകടനം പരിതാപകരമായിരുന്നു.

മൂന്നോവറില്‍ കളി തീര്‍ന്നു
284 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കണമെങ്കില്‍ സൗത്താഫ്രിക്കയ്ക്കു അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊന്നും വാണ്ടറേഴ്‌സില്‍ സംഭവിച്ചില്ല. വെറും മൂന്നോവറില്‍ തന്നെ അവര്‍ കളി തോറ്റു കഴിഞ്ഞിരുന്നു. കാരണം മൂന്നോവര്‍ ആവുമ്പോഴേക്കും സൗത്താഫ്രിക്ക നാലു വിക്കറ്റിനു 10 റണ്‍സിലേക്കു കൂപ്പുകുത്തി. പിന്നീടൊരു മടങ്ങിവരവ് അവര്‍ക്കു അസാധ്യമായിരുന്നു.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സ്- ഡേവിഡ് മില്ലര്‍ സഖ്യം 86 റണ്‍സിന്റെ കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ മില്ലറും സ്റ്റബ്‌സും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ സൗത്താഫ്രിക്ക പരാജയത്തിലേക്കു വീഴുകയും ചെയ്തു. മൂന്നു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപ് സിങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മിന്നിച്ചത്. വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേല്‍ രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ബാറ്റിങ് വെടിക്കെട്ടിലൂടെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ത്തെറിഞ്ഞത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 283 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ അടിച്ചെടുത്തത്. തിലക് വര്‍മ തുടരെ രണ്ടാം സെഞ്ച്വറി നേടിയപ്പോള്‍ സഞ്ജു സാംസണും പരമ്പരയിലെ രണ്ടാം സെഞ്ച്വറിയുമായി മിന്നിക്കുകയായിരുന്നു.
വെറും 4 ബോളില്‍ ഒമ്പതു ഫോറും 10 കൂറ്റന്‍ സിക്‌സറുകളടക്കം തിലക് പുറത്താവാതെ വാരിക്കൂട്ടിയത് 120 റണ്‍സാണ്. സഞ്ജു 56 ബോളില്‍ ഒമ്പതു സിക്‌സറും ആറു ഫോറുപമടക്കം പുറത്താവാതെ 109 റണ്‍സും സ്‌കോര്‍ ചെയ്തു. 18 ബോളില്‍ 36 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്കു നഷ്ടമായത്. നാലു സിക്‌സറും രണ്ടു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ സഞ്ജു- അഭിഷേക് ജോടി 73 റണ്‍സ് അടിച്ചെടുത്തിരുന്നു. 35 ബോളുകളില്‍ നിന്നായിരുന്നു ഇത്്. അഭിഷേക് പുറത്തായ ശേഷം ക്രീസിലെത്തിയ തിലകിനൊപ്പം 210 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ നിസ്സഹായരാക്കുകയായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമുള്‍പ്പെടെ ഏഴു പേര്‍ പന്തെറിഞ്ഞെങ്കിലും എല്ലാവരും നന്നായി തല്ലുവാങ്ങി.
നേരത്തേ വിജയത്തോടെയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തിനു ഇന്ത്യ തുടക്കമിട്ടത്. ആദ്യ കളിയില്‍ 61 റണ്‍സിന്റെ ഗംഭീര വിജയമാണ് സൂര്യയും സംഘും ആഘോഷിച്ചത്. എന്നാല്‍ അവേശകരമായ രണ്ടാമങ്കത്തില്‍ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി സൗത്താഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. മൂന്നാം ടി20യില്‍ ജയിച്ച് ഇന്ത്യ വീണ്ടും ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു. 11 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.
സൗത്താഫ്രിക്ക- റയാന്‍ റിക്കെല്‍റ്റണ്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, എയ്ഡന് മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്‌സി, ആന്‍ഡി സിലെയ്ന്‍, കേശവ് മഹാരാജ്, ലൂതോ സിപ്ലമ.