കൊല്‍ക്കത്ത: സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ തകര്‍ന്നടിഞ്ഞ് സൗത്താഫ്രിക്ക. ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയെ ഒന്നാമിന്നിങ്‌സില്‍ വെറും 159 റണ്‍സിനു ഇന്ത്യ എറിഞ്ഞിട്ടു. തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യദിനം വെളിച്ചക്കുറവ് കാരണം നേരത്തേ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിനു 37 റണ്‍സെടുത്തിട്ടുണ്ട്.
12 റണ്‍സെടുത്ത യശസി ജയ്‌സ്വാളാണ് പുറത്തായത്. 13 റണ്‍സോടെ കെഎല്‍ രാഹുലും മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച വാഷിങ്ടണ്‍ സുന്ദറുമാണ് (6)ക്രീസില്‍. സൗത്താഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 122 റണ്‍സ് കൂടി വേണം.

നേരത്തേ ബുംറയുട ഫൈഫര്‍ പ്രകടനമാണ് സൗത്താഫ്രിക്കയെ കട പുഴക്കിയത്. അവരുടെ ബാറ്റിങ് നൈപ്പിലെ ഒരാളെ പോലും 35 റണ്‍സ് തികയ്്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 31 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ടോപ്‌സ്‌കോററര്‍. വിയാന്‍ മുള്‍ഡര്‍ (24), ടോണി ഡിസോര്‍സി (24), റയാന്‍ റിക്കെല്‍റ്റണ്‍ (23) എന്നിവരും 20 പ്ലസ് സകോറുകള്‍ നേടി.
14 ഓവറില്‍ അഞ്ചു മെയ്ഡനുകളടക്കം വെറും 27 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ അഞ്ചു പേരെ പുറത്താക്കിയത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയില്‍ നിന്നാണ് വെറും 102 റണ്‍സിനിടെ മുഴുവന്‍ വിക്കറ്റുകളും സൗത്താഫ്രിക്ക കളഞ്ഞു കുളിച്ചത്.
ടോസ് ഭാഗ്യം ഒരിക്കല്‍ക്കൂടി കൈവിട്ടു പോയപ്പോള്‍ സൗത്താഫ്രിക്കന്‍ നായകന്‍ ഡെംബ ബവൂമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടെസറ്റുകളിലാണ് ഇരുടീമുകളം കൊമ്പുകോര്‍ക്കുക. പുതിയ ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പര കൂടിയാണിത്. നാട്ടിലും വിദേശത്തുമായി ഓരോ പരമ്പര വീതമാണ് ഇന്ത്യ ഇതിനകം കളിച്ചത്.
ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളച്ചാണ് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ തുടങ്ങിയത്. അതിനു ശേഷം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0നു തൂത്തുവാരുകയും ചെയ്തു.
ഇപ്പോള്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യുള്ളത്. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ 2-0ന്റെ ആധികാരിക വിജയമായിരിക്കും ഗില്ലും സംഘവും ലക്ഷ്യമിടുക.
അതിനു സാധിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ പിന്തള്ളി ഇന്ത്യക്കു രണ്ടാംസ്ഥാനത്തേക്കു കയറാം. എന്നാല്‍ തിരിച്ച് സൗത്താഫ്രിക്കയാണ് പരമ്പര തൂത്തുവാരുന്നതെങ്കില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തേക്കും വീഴും.
പ്ലെയിങ് 11
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കെയ്ല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), സൈമണ്‍ ഹാര്‍മര്‍, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്.