കൊല്‍ക്കത്ത: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഞെട്ടിക്കുന്ന തോല്‍വി. ബാറ്റിങ് നിര വന്‍ ദുരന്തമായി മാറിയപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ലോക ചാംപ്യന്‍മാര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-0നു മുന്നിലെത്തുകയും ചെയ്തു.
124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കന്‍ ടീം ഇന്ത്യക്കു നല്‍കിയത്. പക്ഷെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ വെറും 93 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടമവസാനിക്കുകയായിരുന്നു.
മൂന്നാമനായി ബാറ്റ് ചെയ്ത വാഷിങ്ടണ്‍ സുന്ദറൊഴികെ (31) മറ്റാരും തന്നെ ഇന്ത്യന്‍ നിരയില്‍ അല്‍പ്പം പോലും പിടിച്ചുനിന്നില്ല. 92 ബോളില്‍ രണ്ടു ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. അക്ഷര്‍ പട്ടേല്‍ (26), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറേല്‍ (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.

യശസ്വി ജയ്‌സ്വാള്‍ (0), കെഎല്‍ രാഹുല്‍ (1), റിഷഭ് പന്ത് (2), കുല്‍ദീപ് യാദവ് (1), മുഹമ്മദ് സിറാജ് (0) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഈ മല്‍സരത്തില്‍ ബാറ്റിങിനു ഇറങ്ങിയതുമില്ല. നാലു വിക്കറ്റെടുത്ത സൈമണ്‍ ഹാമറും രണ്ടു വിക്കറ്റ് വീതം പങ്കിട്ട മാര്‍ക്കോ യാന്‍സണും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്.
ഏഴു വിക്കറ്റിനു 93 റണ്‍സെന്ന നിലയിലാണ് ഇന്നു സൗത്താഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. 159 റണ്‍സിനു അവരുടെ ഇന്നിങ്‌സ് ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു. 110-120 റണ്‍സിനെങ്കിലും അവരെ ഇന്ത്യ എറിഞ്ഞിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ എട്ടാം വിക്കറ്റില്‍ ബവൂമ- കോര്‍ബിന്‍ ബോഷ് ജോടി 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ സൗത്താഫ്രിക്ക കയകയറി. 79 ബോളിലാണ് ആ സഖ്യം 44 റണ്‍സ് നേടിയത്. വളരെ അഗ്രസിവായാ ബാറ്റ് ചെയ്ത ബോഷിനെ (25) ജസ്പ്രീത് ബുംറ ബൗള്‍ഡാക്കുകയായിരുന്നു (135-8).
പിന്നാലെ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിരെയും പുറത്താക്കി സൗത്താഫ്രിക്കയുടെ ഇന്നിങ്‌സും ഇന്ത്യ അവസാനിപ്പിച്ചു. രവീന്ദ്ര ജഡേജ നാലു വിക്കറ്റുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റ് വീതവുമെടുത്തു.

അതേസമയം, രണ്ടാംദിനം വിക്കറ്റ് മഴയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. 16 വിക്കറ്റുകളാണ് ഒറ്റദിവസം മാത്രം കടപുഴകിയത്. ഇന്ത്യ ഒമ്പതു വിക്കറ്റുകള്‍ കൈവിട്ടപ്പോള്‍ സൗത്താഫ്രിക്കയ്ക്കു ഏഴു വിക്കറ്റും നഷ്ടമായി. സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 159 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 189നു ഓള്‍ഔട്ടാവുകയായിരുന്നു.
കെഎല്‍ രാഹുല്‍ (39), വാഷിങ്ടണ്‍ സുന്ദര്‍ (29), റിഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (27) എന്നിവര്‍ക്കു മാത്രമേ ഇന്ത്യന്‍ നിരയില്‍ 20ന് മുകളിലില്‍ സ്‌കോര്‍ ചെയ്യാനുമായുള്ളൂ. നാലു വിക്കറ്റുകളെടുത്ത സ്പിന്നര്‍ സൈമണ്‍ ഹാര്‍മറും മൂന്നു പേരെ പുറത്താക്കിയ മാര്‍ക്കോ യാന്‍സണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.
പ്ലെയിങ് 11
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കെയ്ല്‍ വെറെയ്ന (വിക്കറ്റ് കീപ്പര്‍), സൈമണ്‍ ഹാര്‍മര്‍, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്.