IND vs SA: പരുഷമായാല്‍ എനിക്കതു പറയേണ്ടി വരും! ഇന്ത്യന്‍ തോല്‍വിയുടെ കാരണത്തെക്കുറിച്ച് രാഹുല്‍
സൗത്താഫ്രിക്കയ്‌ക്കെതിരാ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏകപക്ഷീമായ പരാജയമേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനായിരുന്നു സൗത്താഫ്രിക്ക ഇന്ത്യയെ കെട്ടുകെട്ടിച്ചത്. നാലു ദിവസം കൊണ്ടു തന്നെ ആതിഥേയര്‍ ഇന്ത്യയുടെ കഥ കഴിക്കുകയും ചെയ്തു. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യയുടെ അപരാജിത ടെസ്റ്റ് റെക്കോര്‍ഡ് കൂടിയാണ് സൗത്താഫ്രിക്ക തകര്‍ത്തത്. നേരത്തേ ഇവിടെ കളിച്ച അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല. രണ്ടു ജയവും മൂന്നു സമനിലയുമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. പക്ഷെ ആറാം തവണ ഭാഗ്യവേദി ഇന്ത്യയെ ചതിക്കുകയായിരുന്നു.
സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവം മാറ്റിനിര്‍ത്തിയാല്‍ ആദ്യ ടെസ്റ്റില്‍ ചരിത്രവിജയം കൊയ്ത ടീമില്‍ മറ്റൊരു അഴിച്ചുപണിയും നടത്താതെയാണ് ഇന്ത്യ വാണ്ടറേഴ്‌സില്‍ കളിച്ചത്. കോലിക്കു പകരം കെഎല്‍ രാഹുല്‍ നായകസ്ഥാനത്തേക്കു വന്നപ്പോള്‍ കോലിക്കു പകരം ഹനുമാ വിഹാരി കളിച്ചതായിരുന്നു പ്രധാന മാറ്റം. ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയതും ബൗളിങ് നിരയ്ക്കു പതിവുപോലെ മൂര്‍ച്ചയില്ലാതെ വന്നതും ഇന്ത്യക്കു തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യന്‍ പരാജയത്തിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രാഹുല്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോല്‍വിയുടെ കാരണം
സൗത്താഫ്രിക്കന്‍ ടീം കളിയിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അവര്‍ വിജയം അര്‍ഹിച്ചിരുന്നതായും കെഎല്‍ രാഹുല്‍ പറഞ്ഞു. ഒന്നാമിന്നിങ്‌സിലെ ടോട്ടലാണ് ഇന്ത്യക്കു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാജയത്തെക്കുറിച്ച് എനിക്കു പരുഷമായി പറയേണ്ടി വന്നാല്‍ ആദ്യ ഇന്നിങ്‌സിലെ ബാറ്റിങാണ് പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കേണ്ടി വരും. ആദ്യ ഇന്നിങ്‌സില്‍ നമുക്ക് 202 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. ചുരുങ്ങിയയത് 50-60 റണ്‍സെങ്കിലും കുറവായിരുന്നു ഇത്. കൂടുതല്‍ റണ്‍സെടുത്ത് സൗത്താഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കേണ്ടിയിരുന്നുവെന്നും രാഹുല്‍ വിശദമാക്കി.

ശര്‍ദ്ദുലിനെ പ്രശംസിച്ചു
ഇന്ത്യക്കു വേണ്ടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ ശര്‍ദ്ദുല്‍ ടാക്കൂറിനെ രാഹുല്‍ പ്രശംസിച്ചു. കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റി നേട്ടമടക്കം കുറിച്ച അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സിന് വീഴ്ത്തിയത് ഏഴു വിക്കറ്റുകളായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണിത്. രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ രണ്ടാമിന്നിങ്‌സില്‍ അതിവേഗം 28 റണ്‍സും അടിച്ചെടുത്തിരുന്നു.
ശര്‍ദ്ദുല്‍ ഞങ്ങള്‍ക്കു വേണ്ടി ഉജ്ജ്വലമായാണ് പെര്‍ഫോം ചെയ്തത്. നേരത്തേ ഒരുപാട് മല്‍സരങ്ങള്‍ അവന്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ശര്‍ദ്ദുല്‍ വളരെ നന്നായി ബൗള്‍ ചെയ്തു, രണ്ടാമിന്നിങ്‌സിലും ടീമിനു വിജയസാധ്യത നല്‍കിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

പുജാരയക്കും രഹാനെയ്ക്കും പിന്തുണ
ഇന്ത്യന്‍ നിരയിലെ പരിചയസമ്പന്നനരായ ബാറ്റിങ് ജോടികളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ കെഎല്‍ രാഹുല്‍ പിന്തുണയ്ക്കുകയും ചെയ്തു. മോശം പ്രകടനത്തിന്റെ പേരില്‍ രണ്ടും പേരും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പുജാരയും രഹാനെയും തകര്‍പ്പന്‍ ഫിഫ്റ്റികള്‍ നേടിയിരുന്നു. രഹാനെ 58ഉം പുജാര 53ഉം റണ്‍സായിരുന്നു സ്‌കോര്‍ ചെയ്തത്.

രഹാനെയും പുജാരയും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കളിക്കാരാണ്. വര്‍ഷങ്ങളായി ടീമിനു വേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നവര്‍ കൂടിയാണ് ഇരുവരും. സമീപകാലത്ത് ഇവര്‍ക്കു വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു, പക്ഷെ ഞങ്ങള്‍ക്കു ഇവരില്‍ വിശ്വാസമുണ്ട്. ടീമിന്റെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍മാരാണ് പുജാരയും രഹാനെയും. രണ്ടാമിന്നിങ്‌സില്‍ ക്രീസിലെത്തിയ ശേഷം മികച്ച ഇന്നിങ്‌സുകളായിരുന്നു ഇരുവരും കളിച്ചത്. ഇത് തീര്‍ച്ചയായും പുജാരയ്ക്കും രഹാനെയ്ക്കും ആത്മവിശ്വാസം നല്‍കുകയും അടുത്ത ടെസ്റ്റില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള ആവേശം നല്‍കുകയും ചെയ്യുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications