സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ നിറം മങ്ങിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 245 റണ്‍സിനാണ് ഓള്‍ഔട്ടായത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 256 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റ് ശേഷിക്കെ 11 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ഡീന്‍ എല്‍ഗറും (140) മാര്‍ക്കോ യാന്‍സനുമാണ് (3) ക്രീസില്‍.
ഇന്ത്യക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് നിരക്ക് പ്രതീക്ഷിച്ച മൂര്‍ച്ചയില്ലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. പരിക്കേറ്റ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലില്ല.
'വിദേശത്ത് ഇന്ത്യയുടെ പേസ് നിരയുടെ നായകനാണ് മുഹമ്മദ് ഷമി. ജസ്പ്രീത് ബുംറയെക്കൂടി ഫോമിലേക്കെത്തിക്കാന്‍ ഷമിക്കാവും. ഇത്തരമൊരു പിച്ചില്‍ ഷമിയുടെ പേസ് ബൗളിങ്ങിനെക്കുറിച്ച് ചിന്തിച്ച് നോക്കുക. തീര്‍ച്ചയായും അവന്‍ ഒന്നിലധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ടാവും. ഇന്ത്യന്‍ ടീം തീര്‍ച്ചയായും അവനെ മിസ് ചെയ്യുന്നുണ്ട്'- ക്രിക്ക് ബസില്‍ സംസാരിക്കവെ കാര്‍ത്തിക് പറഞ്ഞു. ഷമിയുടെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്.
പേസും ബൗണ്‍സും നിറഞ്ഞ പിച്ചുകളില്‍ ഷമി എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. സമീപകാലത്തെ ഷമിയുടെ മികച്ച ഫോമും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് തന്നെ ഷമിയെ പരിക്ക് പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ ഗംഭീര പ്രകടനം നടത്താന്‍ ഷമിക്ക് കഴിവുണ്ട്. ഇന്‍സ്വിങ്ങറായി സ്റ്റംപിലേക്കെത്തുന്ന ഷമിയുടെ പന്തുകള്‍ ഏത് ബാറ്റ്‌സ്മാനേയും പ്രയാസപ്പെടുത്തുന്നതാണ്.

നാല് പേസര്‍മാരെയാണ് ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചത്. ഇതില്‍ ബുംറയും സിറാജും ഭേദപ്പെട്ട് നിന്നെങ്കിലും ശാര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയും നിരാശപ്പെടുത്തി. ഇവരുടെ പ്രകടനവും കാര്‍ത്തിക് വിലയിരുത്തി. '27 ഓവറില്‍ 118 റണ്‍സാണ് ശാര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയും വിട്ടുകൊടുത്തത്. എന്നാല്‍ സിറാജും ബുംറയും 31 ഓവറില്‍ 111 റണ്‍സാണ് വഴങ്ങിയത്. സിറാജ് റണ്‍സ് വഴങ്ങുന്ന കാര്യത്തില്‍ അല്‍പ്പം കൂടി പിശുക്കുകാട്ടേണ്ടിയിരിക്കുന്നു.
അവസാന സ്‌പെല്ലില്‍ കൂടുതല്‍ റണ്‍സ് വഴങ്ങി. എന്നാല്‍ ചില മനോഹര പന്തുകള്‍ എറിയാന്‍ സിറാജിനായി. അവന്റെ ബൗളിങ് എപ്പോഴും വിക്കറ്റ് നേടുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്. ശാര്‍ദ്ദുലും പ്രസിദ്ധും എവിടെയാണ് പിഴവുകളെന്ന് തിരിച്ചറിയണം'- കാര്‍ത്തിക് പറഞ്ഞു. ഷമിക്ക് പകരമാണ് പ്രസിദ്ധ് പ്ലേയിങ് 11ലെത്തിയത്. മുകേഷ് കുമാറിനെ ഇന്ത്യ പുറത്തിരുത്തുകയും ചെയ്തു. ഉയരക്കൂടുതലുള്ള പ്രസിദ്ധിന് ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ മികവ് കാട്ടാനാവുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ നിലവാരത്തിനൊത്ത പ്രകടനം താരത്തിന് കാഴ്ചവെക്കാനായിട്ടില്ല. മൂന്നാം ദിനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എല്‍ഗറുടെ വിക്കറ്റ് നേടുകയെന്നതാണ് പ്രധാന വെല്ലുവിളി. സ്പിന്നിന് യാതൊരു പിന്തുണയും ലഭിക്കാത്ത പിച്ചില്‍ അശ്വിന്‍ കാഴ്ചക്കാരന്‍ മാത്രമാണ്. ശാര്‍ദ്ദുലിനെ ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിച്ചതും മണ്ടത്തരമായി. എല്‍ഗറെ പുറത്താക്കാന്‍ ബുംറ, സിറാജ് എന്നിവരിലൊരാള്‍ക്ക് സാധിക്കേണ്ടതായുണ്ട്.
ദക്ഷിണാഫ്രിക്കയുടെ വാലറ്റം ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ലീഡ് 100 കടന്നാല്‍ ഇന്ത്യക്ക് തിരിച്ചുവരവ് പ്രയാസമാവും. വലിയ തോല്‍വിയാവും ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ കെ എല്‍ രാഹുലിന്റെ (101) സെഞ്ച്വറി പ്രകടനമില്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരുമായിരുന്നു. ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.