ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യ 11 റണ്‍സിന്റെ വിജയമാണ് നേടിയെടുത്തത്. ഇതോടെ നാലാം മത്സരം നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. നാലാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായില്ലെങ്കില്‍ പരമ്പര സമനിലയാവും.
ആതിഥേയരെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അഭിമാന പ്രശ്‌നമാണ്. നിര്‍ണ്ണായക മത്സരത്തിന് മുമ്പ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നായകന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമാണ്. 21, 4, 1 എന്നിങ്ങനെയാണ് മൂന്ന് മത്സരത്തിലെ സൂര്യയുടെ സ്‌കോര്‍. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സൂര്യകുമാറിന് സാധിക്കുന്നില്ല.
ബാറ്റിങ് പിച്ചില്‍ പോലും സൂര്യകുമാറിന് തിളങ്ങാനാവുന്നില്ല. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് സൂര്യക്ക് നയിക്കേണ്ടതായുണ്ട്. പക്ഷെ അദ്ദേഹത്തിന് അതിന് സാധിക്കുന്നില്ല. ഇപ്പോഴിതാ സൂര്യ കളിക്കുന്നത് പരിക്ക് മറച്ചുവെച്ചാണെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. സൂര്യകുമാറിന് ആദ്യ മത്സരത്തിന് മുമ്പ് പരിക്കേറ്റിരുന്നുവെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ സൂര്യ മൂന്ന് മത്സരങ്ങള്‍ കളിക്കുകയും ചെയ്തു.
സൂര്യക്ക് വിശ്രമം നല്‍കുമോ?
സൂര്യകുമാര്‍ യാദവിന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം ബാറ്റിങ്ങില്‍ നടത്തുന്നത്. ഇന്ത്യയുടെ മറ്റ് താരങ്ങള്‍ മികവ് കാട്ടുന്നതിനാല്‍ സൂര്യയുടെ മോശം പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല. സൂര്യ മോശം ഫിറ്റ്‌നസോടെയാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഫീല്‍ഡിങ്ങില്‍ നിന്നടക്കം വ്യക്തമാകുന്നു. സൂര്യയുടെ ഷോട്ടുകള്‍ കാണുമ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ്ണ ഫിറ്റ്‌നസുണ്ടെന്ന് തോന്നുന്നില്ല.
സൂര്യ നായകനായതിനാല്‍ പരിക്ക് മറച്ചുവെച്ച് കളിക്കുന്നത് ടീമിനെ പിന്നോട്ടടിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇന്ത്യ സൂര്യകുമാറിന് നിര്‍ണ്ണായകമായ നാലാം മത്സരത്തില്‍ വിശ്രമം നല്‍കുമെന്ന സൂചനകളുമുണ്ട്. സൂര്യയുടെ പരിക്ക് ഗുരുതരമായാല്‍ ഇന്ത്യക്കത് തിരിച്ചടിയാവും. ഇംഗ്ലണ്ട് പരമ്പരയും ഐപിഎല്ലുമെല്ലാം വരാനിരിക്കെ ഇന്ത്യ സൂര്യകുമാറിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സാഹസത്തിന് മുതിര്‍ന്നേക്കില്ല. അതുകൊണ്ടുതന്നെ സൂര്യക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം.

ഹാര്‍ദിക് നയിക്കുമോ?
സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചാല്‍ ഇന്ത്യയെ നാലാം മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കാനാണ് സാധ്യത. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിയാണ് ഗൗതം ഗംഭീര്‍ സൂര്യകുമാറിനെ നായകനാക്കിയത്. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യ അത് സ്വീകരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ നായകനാവാന്‍ വിസമ്മതിച്ചാല്‍ സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കാനാണ് സാധ്യത.
സൂര്യകുമാര്‍ യാദവ് നാലാം മത്സരം കളിക്കാന്‍ താല്‍പര്യം കാട്ടുമെന്നുറപ്പാണ്. എന്നാല്‍ അദ്ദേഹത്തെ പരിക്ക് വേട്ടയാടുന്നുണ്ട്. നായകനെന്ന നിലയില്‍ നിര്‍ണ്ണായക മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സൂര്യകുമാര്‍ ആഗ്രഹിക്കില്ല. എന്നാല്‍ സൂര്യയുടെ ഫിറ്റ്‌നസ് വിലയിരുത്തി നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. എന്തായാലും സൂര്യയുടെ മോശം ബാറ്റിങ് പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതാണെന്ന് തന്നെ പറയാം.
ഇന്ത്യ പരമ്പര നേടുമോ?
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം മെച്ചപ്പെട്ട പ്രകടനം നടത്തുന്നത് ടി20 ടീം മാത്രമാണ്. സൂര്യകുമാര്‍ യാദവിന് കീഴില്‍ കളിച്ച ടി20 പരമ്പരകളൊന്നും ഇന്ത്യ തോറ്റിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര നേടാനായാല്‍ ഇന്ത്യക്കത് അഭിമാന നേട്ടമാവും. അതുകൊണ്ടുതന്നെ ഇന്ത്യ നാലാം മത്സരത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കും.
സഞ്ജു സാംസണ്‍ അവസാന രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയത് ഇന്ത്യക്ക് നിരാശയുണ്ടാക്കുന്നു. രണ്ട് മത്സരത്തിലും അദ്ദേഹം ഡെക്കായിരുന്നു. തിലക് വര്‍മ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. ഈ ഫോം തുടരാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമായി മാറും.