Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സെഞ്ച്വറിയുമായി എല്‍ഗര്‍, പിടിമുറുക്കി സൗത്താഫ്രിക്ക; ബൗളിങിലും പതറി ഇന്ത്യ

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി സൗത്താഫ്രിക്ക. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 245നു മറുപടിയില്‍ അഞ്ചു വിക്കറ്റിനു 256 റണ്‍സെന്ന നിലയിലാണ് സൗത്താഫ്രിക്ക രണ്ടാംദിനത്തിലെ കളി അവസാനിപ്പിച്ചത്. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ സൗത്താഫ്രിക്കയ്ക്കു ഇപ്പോള്‍ 11 റണ്‍സിന്റെ നേരിയ ലീഡുണ്ട്. മൂന്നാംദിനം എത്രയും വേഗത്തില്‍ സൗത്താഫ്രിക്കയുടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ മാത്രമേ ഇന്ത്യക്കു കളിയില്‍ പ്രതീക്ഷയ്ക്കു വകയുള്ളൂ.

കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ ഡീന്‍ എല്‍ഗറുടെ (140*) സെഞ്ച്വറിയാണ് സൗത്താഫ്രിക്കയ്ക്കു ടെസ്റ്റില്‍ മേല്‍ക്കൈ സമ്മാനിച്ചത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 211 ബോളില്‍ 23 ഫോറുകളടിച്ചു. എല്‍ഗറിനൊപ്പം മൂന്നു റണ്‍സുമായി പേസര്‍ മാര്‍ക്കോ യാന്‍സണാണ് ക്രീസിലുള്ളത്.

DEAN ELGAR

എയ്ഡന്‍ മാര്‍ക്രം (5), ടോണി ഡി സോര്‍സി (28), കീഗന്‍ പീറ്റേഴ്‌സന്‍ (2), ഡേവിഡ് ബെഡിങ്ഹാം (56), കൈല്‍ വെറയ്ന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് സൗത്താഫ്രിക്കയ്ക്കു നഷ്ടമായത്. ആദ്യദിനം ഫീല്‍ഡിങിനിടെ പരിക്കേറ്റ സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ ബാറ്റിങിനു ഇറങ്ങിയില്ല. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.

നേരത്തേ എട്ടു വിക്കറ്റിനു 208 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷനില്‍ ലഞ്ച് ബ്രേക്കിനു മുമ്പ് 245 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. കെഎല്‍ രാഹുലിന്റെ (101) സെഞ്ച്വറിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മാനംകാത്തത്.

137 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ബാറ്റുങ് നിരയില്‍ മറ്റാര്‍ക്കും 40 റണ്‍സ് പോലും തികയ്ക്കാനായില്ല. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ അഞ്ചു വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റ മല്‍സരം കളിച്ച നാന്ദ്രെ ബര്‍ഗര്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി.

INDIA

രാഹുലിനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു രണ്ടു താരങ്ങള്‍ വിരാട് കോലിയും (38) ശ്രേയസ് അയ്യരുമാണ് (31). വാലറ്റത്ത് ശര്‍ദ്ദുല്‍ ടാക്കൂര്‍ 24 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 17 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കത്തിലെത്താനായില്ല.

12 ഓവറാവുമ്പോഴേക്കും മൂന്നു വിക്കറ്റിനു 24 റണ്‍സിലേക്കു വീണ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് കോലി- ശ്രേയസ് ജോടിയായിരുന്നു. 68 റണ്‍സുമായി നാലാം വിക്കറ്റില്‍ ഈ ജോടി ഇന്ത്യയെ രക്ഷിച്ചു. ലഞ്ച് ബ്രേക്ക് വരെ ഇവര്‍ ക്രീസില്‍ തുടരുകയും ചെയ്തു. വലിയ ഇന്നിങ്‌സുകളുമായി കോസലിയും ശ്രേയസും ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കുമെന്നിരിക്കെയാണ് ലഞ്ച് ബ്രേക്കിനു പിന്നാലെ സൗത്താഫ്രിക്ക ആഞ്ഞടിച്ചത്.

കളി പുനരാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ ശ്രേയസിനെ മടക്കിയ കാഗിസോ റബാഡ അധികം വൈകാതെ കോലിയെയും പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും ബാക്ക്ഫൂട്ടിലാവുകയായിരുന്നു. ഏഴാം വിക്കറ്റില്‍ രാഹുല്‍- ശര്‍ദ്ദുല്‍ ജോടി 43 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 160 കടക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്സന്‍, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്‌സി, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍.

Story first published: Wednesday, December 27, 2023, 12:50 [IST]
Other articles published on Dec 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+