കൊല്‍ക്കത്ത: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ട് തകര്‍ന്നടിഞ്ഞിട്ടും പിച്ചിനെ ന്യായീകരിച്ച കോച്ച് ഗൗതം ഗംഭീറിനു രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ ടീം തോല്‍ക്കാനുള്ള കാരണം പിച്ചല്ലെന്നും അവിടെ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു കോച്ചിന്റെ വാദം.
സമ്മര്‍ദ്ദഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിയാതിരുന്നതു കാരണമാണ് ടീം പരാജയപ്പെട്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

പിച്ചിനു കുഴപ്പമുണ്ട്
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തയ്യാറാക്കിയ പിച്ചിനു കുഴപ്പമുണ്ടെന്നാണ് ഡെയ്ല്‍ സ്റ്റെയ്‌നിന്റെ നിരീക്ഷണം. ഗ്രൗണ്ടില്‍ വച്ച് ജിയോ ഹോട്‌സ്റ്റാറിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിച്ചില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് മല്‍സരശേഷം ഗൗതം ഗംഭീര്‍ പറഞ്ഞത്. പക്ഷെ ഞാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഈ പിച്ചില്‍ കണ്ടു കഴിഞ്ഞു. അനിലും (അനില്‍ കുംബ്ലെ) ഇക്കാര്യം തന്നെയാണ് ഇപ്പോള്‍ പറഞ്ഞത്.
ചില ബോളുകള്‍ ബാറ്റിനു രണ്ടടി അകലെ സ്പിന്‍ ചെയ്യുകയാണ്, വിക്കറ്റ് കീപ്പറുടെ തോളിലും തട്ടുന്നു. അടുത്ത ബോള്‍ സ്‌കിഡ് ചെയ്ത ശേഷം പാഡില്‍ കൊള്ളുകയും നിങ്ങള്‍ ഔട്ടാവുകയയും ചെയ്യുന്നു. ഇവിടെ ബാറ്റ് ചെയ്യുകയെന്നത് വളരെ കടുപ്പം തന്നെയാണ്.
ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കാന്‍ കൂടുതല്‍ ഓപ്ഷനുകളില്ലാതെ വരുമ്പോള്‍ ഡിഫന്‍സാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബാറ്റിങ് അത്രയും ബുദ്ധിമുട്ടാണെന്നു തന്നെയാണ് അതിന്റെ അര്‍ഥമെന്നും സ്‌റ്റെയ്ന്‍ വിശദമാക്കി.
നന്നായി കളിച്ചത് 2 പേര്‍
ബാറ്റിങ് ഏറെ ദുഷ്‌കരമായിരുന്ന കൊല്‍ക്കത്തയിലെ പിച്ചില്‍ സ്വയം അപ്ലൈ ചെയ്ത് നന്നായി കളിച്ചത് വെറും രണ്ടു പേര്‍ മാത്രമാണെന്നാണ് ഡെയ്ല്‍ സ്റ്റെയ്‌നിന്റെ അഭിപ്രായം. ഒരാള്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവൂമയാണെന്നും മറ്റൊരു താരം ഇന്ത്യയുടെ വാഷിങ്ടണ്‍ സുന്ദറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാലാമിന്നിങ്‌സില്‍ ക്ഷമയോടെ ക്രീസില്‍ നിന്നും കളിക്കാന്‍ ശ്രമിച്ചവര്‍ വാഷിങ്ടണ്‍ സുന്ദറും ടെംബ ബവൂമയുമാണ്. അവര്‍ പോലും ഏതു നിമിഷവും ഔട്ടായേക്കുമെന്ന രീതിയിലാണ് കാണപ്പെട്ടത്. ഒരു ബോളില്‍ അവരുടെയും നമ്പറുണ്ടാവും.
പക്ഷെ ഈ രണ്ടു താരങ്ങളുടെയും ഡിഫന്‍സ് ഗംഭീരം തന്നെയായിരുന്നു. ഈ വിക്കറ്റില്‍ തീര്‍ച്ചയായും അപകടം പതിഞ്ഞിരിപ്പുണ്ട്, അക്കാര്യമുറപ്പാണ്. മൂന്നു ദിവസം കൊണ്ട് അവസാനിക്കുന്ന ഏതു പിച്ചെടുത്താലും അവിടെ ഉറപ്പായും കുഴപ്പമുണ്ടാവുമെന്നും സ്റ്റെയ്്ന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ ടെസ്റ്റില്‍ നാലിന്നിങ്‌സുകളിലും ടീം ടോട്ടല്‍ 190ന് മുകലില്‍ പോയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. സൗതത്താഫ്രിക്കയുടെ സ്‌കോറകുകള്‍ 159, 153 എന്നിങ്ങനെയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 189 റണ്‍സെടുത്തെങ്കിലും രണ്ടാമിന്നിങ്‌സില്‍ നാണം കെട്ടു. 124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സിനാണ് മൂന്നാം ദിനം ടീ ബ്രേക്കിനു മുമ്പ് ഓള്‍ഔട്ടായത്.
കൂടാതെ ഈ ടെസ്റ്റില്‍ ഒരു താരത്തിനു മാത്രമേ ഫിഫ്റ്റി പ്ലസ് സ്‌കോറും തികയ്ക്കാനായുള്ളൂ. രണ്ടാമിന്നങ്‌സില്‍ സൗത്താഫ്രിക്കന്‍ നായയകനായ ടെംബ ബവൂമ പുറത്താവാതെ നേടിയ 55 റണ്‍സാണ് കളിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.