IND vs SA: സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ റെക്കോര്‍ഡ് വെറും മൂന്ന് പേര്‍ക്ക്! സെവാഗ് മൂന്നാമന്‍
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരുകളായ ടീമുകളിലൊന്നാണ് സൗത്താഫ്രിക്ക. ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ ടീമെന്നാണ് അവര്‍ അറിയപ്പെടുന്നത്. വളരെ നന്നായി പെര്‍ഫേം ചെയ്തിട്ടും പല തവണ നിര്‍ഭാഗ്യം കാരണം സൗത്താഫ്രിക്കയ്ക്കു കണ്ണുനീര്‍ പൊഴിക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി ഈ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇതു നമ്മള്‍ കണ്ടു. മരണഗ്രൂപ്പില്‍ മിന്നുന്ന പ്രകടനം നടത്തി രണ്ടാംസ്ഥാനക്കാര്‍ക്കൊപ്പമെത്തിയിട്ടും നെറ്റ് റണ്‍റേറ്റ് വില്ലനായതോടെ സൗത്താഫ്രിക്കയ്ക്കു സെമി ബെര്‍ത്ത് നഷ്ടമായിരുന്നു.
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഈയാഴ്ച തുടക്കമാവുകയാണ്. ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഏറ്റവും മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള ചില ഇന്ത്യന്‍ താരങ്ങുണ്ട്. അക്കൂട്ടത്തില്‍ തന്നെ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ളത് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമാണ് അവര്‍ ആരൊക്കെയാണെന്നു നോക്കാം.

വീരേന്ദര്‍ സെവാഗ് (50.23)
മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ 50ന് മുകളില്‍ ശരാശരിയില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ബാറ്റര്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ 15 ടെസ്റ്റുകളിലാണ് അദ്ദേഹം കരിയറില്‍ കളിച്ചിട്ടുള്ളത്. അവയില്‍ നിന്നും 50.23 ശരാശരിയില്‍ 1306 റണ്‍സ് സെവാഗ് അടിച്ചെടുക്കുകയും ചെയ്തു.
അഞ്ചു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും സൗത്താഫ്രിക്കയ്‌ക്കെതിരേ സെവാഗ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2001ല്‍ ബ്ലുംഫൊണ്ടെയ്‌നില്‍ നടന്ന ടെസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി സെവാഗ് വരവറിയിക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ 31 റണ്‍സും നേടി. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 2004ല്‍ കാണ്‍പൂരില്‍ നടന്ന ടെസ്റ്റിലായിരുന്നു സെവാഗ് രണ്ടാം സെഞ്ച്വറി കുറിച്ചത്. 164 റണ്‍സ് അ്‌ദേഹം വാരിക്കൂട്ടി. ഈ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
2008ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി സെവാഗ് ലോകത്തെ വിസ്മയിപ്പിച്ചു. 319 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. ഈ ടെസ്റ്റും പക്ഷെ സമനിലയില്‍ കലാശിച്ചു. 2010ല്‍ നാഗ്പൂരിലും ഇതേ വര്‍ഷം കൊല്‍ക്കത്തയിലും നടന്ന ടെസ്റ്റുകളിലും സെഞ്ച്വറിയടിച്ചു. 109, 165 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ആദ്യത്തേതില്‍ ഇന്ത്യ തോറ്റപ്പോള്‍ രണ്ടാമത്തേതില്‍ വിജയിക്കുകയും ചെയ്തു. അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ സെവാഗ് സെഞ്ച്വറിയും നേടിയില്ല.

അജിങ്ക്യ രഹാനെ (53.20)
പുതിയ വൈസ് ക്യാപ്റ്റനും ഇപ്പോള്‍ ടീമിന്റെ ഭാഗവുമായ അജിങ്ക്യ രഹാനെയാണ് ഈ ലിസ്റ്റില രണ്ടാമന്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ 53.20 എന്ന തകര്‍പ്പന്‍ ശരാശരി അദ്ദേഹത്തിനുണ്ട്. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുകയായിട്ടും രഹാനെയെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടീമില്‍ നിലനിര്‍ത്താന്‍ കാരണവും ഇതു തന്നെയാവും.
മൂന്നു ടെസ്റ്റുകള്‍ മാത്രമേ സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 266 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേസമയം, ടെസ്റ്റിലെ ആകെ കരിയര്‍ നോക്കിയാല്‍ 79 ടെസ്റ്റുകളില്‍ നിന്നും രഹാനെ നേടിയിട്ടുളളത് 4795 റണ്‍സാണ്. 39.30 ശരാശരിയില്‍ 12 സെഞ്ച്വറികളും 24 ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.

വിരാട് കോലി (59.72)
ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് കിങെന്നു വിളിക്കാവുന്നത് ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയെയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരി അദ്ദേഹത്തിനാണ്. 59.72 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമക്കം കോലി വാരിക്കൂട്ടിയത് 1075 റണ്‍സാണ്. പുറത്താവാതെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റ് കരിയറില്‍ ഇന്ത്യന്‍ നായകന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്.
നിലവില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം റണ്ണെടുത്ത നാലാമത്തെ ഇന്ത്യന്‍ താരവും അദ്ദേഹമാണ്. മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1741 റണ്‍സ്), വീരേന്ദര്‍ സെവാഗ് (1306), നിലവിലെ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡ് (1252) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications