മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര കളിച്ച് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ യുവതാരങ്ങളാണ് ഈ പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇന്ത്യയുടെ വലിയ വെല്ലുവിളി വരാന്‍ പോവുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. മൂന്ന് വീതം ഏകദിനവും ടി20യും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്.
ഇതില്‍ പരിമിത ഓവര്‍ പരമ്പരയില്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ശക്തമായ നിരയോടെയാണ് ഇറങ്ങുന്നത്. രോഹിത് ശര്‍മയാണ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. ഏകദിന ടീമിനെ കെ എല്‍ രാഹുലും ടി20 ടീമിനെ സൂര്യകുമാര്‍ യാദവുമാണ് നയിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ അഭിമാന പോരാട്ടമാണ്.
ഇപ്പോഴിതാ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി സൂപ്പര്‍ പേസര്‍ക്ക് പരിക്കേറ്റിരിക്കുകയാണ്. മുഹമ്മദ് ഷമിയാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ കസറിയ ഷമി ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഷമിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചില്‍ ഷമിയെപ്പോലൊരു സൂപ്പര്‍ പേസറുടെ സേവനം ഇന്ത്യക്ക് അത്യാവശ്യമായിരുന്നു.
അതുകൊണ്ടുതന്നെ ഷമിക്ക് കളിക്കാനാവാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. നിലവില്‍ ജസ്പ്രീത് ബുംറ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ടെസ്റ്റില്‍ ഷമിക്കൊപ്പം പേസര്‍മാരായി ഉള്ളത്. ഷമി, ബുംറ, സിറാജ് കൂട്ടുകെട്ട് ഇറങ്ങാനായിരുന്നു സാധ്യത. എന്നാല്‍ ഷമിക്ക് പരിക്കേറ്റതോടെ പകരം പ്രസിദ്ധോ മുകേഷോ പ്ലേയിങ് 11ലേക്കെത്തിയേക്കും.

എന്നാല്‍ ഷമിയുടെ വിടവ് നികത്തുക എളുപ്പമാവില്ല. അതിവേഗ പേസറായ ഷമിക്ക് മികച്ച സ്വിങ്ങുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിന് വലിയ പിന്തുണയുള്ളതാണ്. അവിടെ അനുഭവസമ്പന്നനായ ഷമിയുടെ സാന്നിധ്യം ഇന്ത്യക്ക് കരുത്താവുമായിരുന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഷമിക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത കൂടുതല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഷമിയുടെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കിയേക്കും.
ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ എല്ലാവരും ഇന്ത്യയുടെ ബാറ്റിങ്ങിലേക്കാണ് ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരിലാണ് എല്ലാ പ്രതീക്ഷകളും. ചേതേശ്വര്‍ പുജാരയേയും അജിന്‍ക്യ രഹാനെയേയും ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവും.
വിക്കറ്റ് കീപ്പര്‍മാരായി രാഹുലും ഇഷാന്‍ കിഷനുമാണുള്ളത്. കരുത്തുറ്റ പേസ് നിരയാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കെത്തിയാല്‍ എറിഞ്ഞുപിടിക്കാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ ടീമിന്റെ എല്ലാ ശ്രദ്ധയും ബാറ്റിങ് നിരയിലേക്കാണ്. ഇത്തവണ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ശാര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.