IND vs SA: 3, ഗോള്‍ഡന്‍ ഡെക്ക്! 2022ലും രക്ഷയില്ല, പുജാരയും രഹാനെയും ഇനിയും വേണോ?
ടെസ്റ്റ് ക്രിക്കറ്റല്‍ ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ താരങ്ങളായിരുന്നു ചേതേശ്വര്‍ പുജാരയും മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും. പക്ഷെ ഇപ്പോള്‍ ഇരുവരും ടീമിന് ഏറ്റവും വലിയ ഭാരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന രണ്ടു പേരും 2022ലെങ്കിലും പഴയ താളം വീണ്ടെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ വര്‍ഷവും ഇവരുടെ തുടക്കം പാളിയിരിക്കുകയാണ്.
സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പുജാരയും രഹാനെയും ബാറ്റിങില്‍ ദയനീമായി പരാജയപ്പെട്ടു. റണ്ണെടുക്കാന്‍ പാടുപെട്ട പുജാര 33 ബോളില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ രഹാനെ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ഡുവാന്‍ ഒലിവിയറാണ് അടുത്തടുത്ത ബോളുകളില്‍ രണ്ടു പേരെയും പുറത്താക്കിയത്. ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ ഇരുവര്‍ക്കും സെലക്ടമാരും ടീം മാനേജ്‌മെന്റും വീണ്ടുമൊരു അവസരം നല്‍കുമോയെന്നു കാത്തിരുന്നു തന്നെ കാണണം.

പുജാരയുടെ പ്രകടനം
2019 ഫെബ്രുവരിക്കു ശേഷമുള്ള കണക്കുകളെടുത്താല്‍ ചേതേശ്വലര്‍ പുജാര 45 ഇന്നിങ്‌സുകളാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 26.89 എന്ന മോശം ശരാശരിയില്‍ 1189 റണ്‍സാണ് നേടാനായത്. അവസാനമായി അദ്ദേഹം ടെസ്റ്റ് സെഞ്ച്വറി നേടിയത് 2019 ജനുവരിയിലാണ്. സെഞ്ച്വറിയില്ലാതെ പുജാര മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. എന്നിട്ടും ടീം മാനേജ്‌മെന്‍ അദ്ദേഹത്തിലുള്ള വിശ്വാസം കൈവിട്ടിട്ടില്ല. ഈ കാരണത്താലാണ് പുജാരയ്ക്കു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ അതിനോടി നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല.
സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇനിയൊരു ടെസ്റ്റാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഒരുപക്ഷെ ഇതില്‍ക്കൂടി പുജാരയ്ക്കു അവസരം നല്‍കിയേക്കും. എന്നാല്‍ അടുത്ത ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ഉണ്ടാവുമോയെന്ന കാര്യം സംശയമായിരിക്കും.

ശരാശരി താഴേക്ക്
ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ്
ശരാശരി ഓരോ സീസണിലും താഴേക്കു പതിക്കുകയാണ്. 2020-21ല്‍ എട്ടു ടെസ്റ്റുകളില്‍ നിന്നും 28.85 ശരാശരിയില്‍ 404 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 77 റണ്‍സായിരുന്നു. നാലു ഫിഫ്റ്റികളാണ് ഈ കാലയളവില്‍ പുജാര നേടിയത്. രണ്ടിന്നിങ്‌സുകളില്‍ ഡെക്കാവുകയും ചെയ്തു.
2021ല്‍ അദ്ദേഹത്തിന്റെ കരിയറില്‍ വീണ്ടും ഇടിവുണ്ടായി. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 27.77 ശരാശരിയില്‍ പുജാരയ്ക്കു നേടാനായത് 250 റണ്‍സ് മാത്രം. രണ്ടു ഫിഫ്റ്റികളോടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സായിരുന്നു. 2021-22 സീസണെടുത്താല്‍ ഇതുവരെ കളിച്ചത് നാല് ഇന്നിങ്‌സുകളിലാണ്. 16.28 ശരാശരിയില്‍ പുജാര ഇവയില്‍ നിന്നും നേടിയതാവട്ടെ 114 റണ്‍സും. ഒരു സെഞ്ച്വറിയോ, ഫിഫ്റ്റിയോ ഇതിലുള്‍പ്പെട്ടിട്ടില്ല. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ക്ലിക്കാവാതെ രഹാനെ
ബാറ്റിങിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് അടുത്തിടെയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി അജിങ്ക്യ രഹാനെയ്ക്കു നഷ്ടമായത്. ഇതോടെ ടീമിലെ സുരക്ഷിതത്വവും അദ്ദേഹത്തിനു നഷ്ടമായിരിക്കുകയാണ്. ചുമതലകളൊന്നുമില്ലാത്തതിനാല്‍ തന്നെ രഹാനെയെ വളരെ എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ ഇന്ത്യക്കു കഴിയും. ഈ കാരണത്താല്‍ തന്നെ ആദ്യ പടിയായാണ് വൈസ് ക്യാപ്റ്റന്‍സി സെലക്ടര്‍മാര്‍ തിരികെ വാങ്ങിയിരിക്കുന്നത്. സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയിലാണ് രഹാനെയെ മാറ്റി രോഹിത് ശര്‍മയെ പുതിയ വൈസ് ക്യാപ്റ്റനാക്കിയത്. പക്ഷെ പരിക്കു കാരണം അദ്ദേഹത്തിനു പിന്മാറേണ്ടി വന്നതിനാല്‍ പകരക്കാരമായി രാഹുലിന് നറുക്ക് വീഴുകയായിരുന്നു.
നേരത്തേ നാട്ടിലെ പിച്ചുകളേക്കാള്‍ വിദേശത്തെ പേസും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ വളരെ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്ന താരമായിരുന്നു രഹാനെ. പക്ഷെ ഇപ്പോള്‍ ബാറ്റിങിലെ ഈ മൂര്‍ച്ച അദ്ദേഹത്തിനു നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനമെടുക്കുകയാണെങ്കില്‍ രഹാനെയുടെ ബാറ്റിങ് ശരാശരി 19 മാത്രമാണ്.

രഹാനെയുടെ കരിയര്‍ ഗ്രാഫ്
അജിങ്ക്യ രഹാനെയുടെ കരിയര്‍ ഗ്രാഫെടുത്താല്‍ 2020-21 സീസണില്‍ എട്ടു ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 29.23 ശരാശരിയില്‍ ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്തത് 380 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. രണ്ടിന്നിങ്‌സുകളില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സായിരുന്നു.
2021 സീസണില്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്നും 19.22 ശരാശരിയില്‍ രഹാനെയുടെ സമ്പാദ്യം 173 റണ്‍സായിരുന്നു. ഒരു ഫിഫ്റ്റി നേടിയ അദ്ദേഹം ഒന്നില്‍ ഡെക്കാവുകയും ചെയ്തു. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2021-22 സീസണില്‍ മൂന്നു ടെസ്റ്റുകളാണ് രഹാനെ കളിച്ചത്. ഇവയില്‍ നിന്നും 21.4 ശരാശരിയില്‍ 107 റണ്‍സാണ് താരം നേടിയത്. ഫിഫ്റ്റി പോലും ഇതിലുള്‍പ്പെട്ടിട്ടില്ല. ഒരു തവണ ഡെക്കാവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications