സൗത്താഫ്രിക്കന്‍ എ ടീമുമായി ഈ മാസം നടക്കാനിരിക്കുന്ന അനൗദ്യോഗിക ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയ്ക്കാണ് ടീമിന്റെ ക്യാപ്റ്റനായി നറുക്കുവീണത്. വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദുമാണ്.
അവസാനായി ഓസ്‌ട്രേലിയന്‍ എ ടീമുമായി ഇന്ത്യന്‍ എ ടീം കൊമ്പുകോര്‍ത്തപ്പോള്‍ നയിച്ചത് സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരായിരുന്നു. പക്ഷെ ഓസ്ട്രലിയന്‍ പര്യടനത്തിനിടെയേറ്റ പരിക്കു കാരണം അദ്ദേഹം വിശ്രമത്തിലായതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.

ഇതേ തുടര്‍ന്നാണ് തിലകിനു ക്യാപ്റ്റനായി നറുക്കിവീണത്. ഈ മാസം 13നാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം. തുടര്‍ന്നുള്ള കളികള്‍ 16, 19 തിയ്യതികളിലായും നടക്കും. മുഴുവന്‍ മല്‍സരങ്ങളും രാജ്‌കോട്ടിലാണ്. ആദ്യ കളിക്കുള്ള ഇന്ത്യയുടെ സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കാം.
ടോപ്പ് സിക്‌സില്‍ ഇവര്‍
ഇന്ത്യന്‍ എ ടീമിനായി ഓപ്പണ്‍ ചെയ്യുക ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദുമായിരിക്കും. രണ്ടു വ്യത്യസ്ത ശൈലിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന താരങ്ങളാണ് ഇരുവരും.
ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അഭിഷേകെങ്കില്‍ ക്ലാസിക്ക് ശൈസിയില്‍ ആങ്കര്‍ റോളില്‍ മിന്നിക്കാന്‍ മിടുക്കനാണ് റുതുരാജ്. ഇവര്‍ക്കു ശേഷം മൂന്നാം നമ്പറിലെത്തുക വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരിക്കും. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്നും പൂര്‍ണമായും പുറത്തായിക്കഴിഞ്ഞ അദ്ദേഹത്തിനു കരിയര്‍ തിരിച്ചുപിടിക്കാനുള്ള നല്ലൊരു അവസരം കൂടിയായിരിക്കും ഈ പരമ്പര.

എ ടീമിനായി ബാറ്റിങില്‍ തിളങ്ങാനായാല്‍ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇഷാനു സാധിക്കുമെന്നുറപ്പാണ്. താരത്തിന്റെ ലക്ഷ്യവും ഇതു തന്നെയായിരിക്കും. നാലാം നമ്പറിലാവും ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ തിലക് വര്‍മ ബാറ്റ് ചെയ്യുക. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും അദ്ദേഹത്തിനു ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതു പ്രധാനമാണ്.
അഞ്ചാമനായി മറ്റൊരു യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ കാണാം. ഇഷാനെ പോലെ തന്നെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും സീനിയര്‍ ടീമിലേക്കു വരാനും അദ്ദേഹത്തിനു ലഭിക്കുന്ന മികച്ച അവസരമായിരിക്കും ഇത്.
ആറാമനായി കളിക്കുക യുവതാരവും ഓള്‍റൗണ്ടറുമായ ആയുഷ് ബഡോണിയാണ്. ഐലിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയ താരമാണ് അദ്ദേഹം.
ടീമിലെ മറ്റുള്ളവര്‍ ആരൊക്കെ?
ഇന്ത്യന്‍ എ ടീമിന്റെ ഏഴാം നമ്പറിലേക്കു വന്നാല്‍ വീണ്ടുമൊരു ഓള്‍റൗണ്ടറെ കാണാം. കഴിഞ്ഞ ഐപിഎല്ലിലൂടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം അരങ്ങേറുകയും കന്നി സീസണില്‍ തന്നെ വരവറിയിക്കുകയും ചെയ്ത വിപ്രാജ് നിഗമാണിത്.
വിപ്രാജ് കഴിഞ്ഞാല്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ അണ്‍ക്യാപ്ഡ് താരങ്ങളായ മാനസ് സുത്തറും നിഷാന്ത് സിന്ധുവുമാണ്. ബാറ്റിങിനൊപ്പം ബൗളിങിലും തിളങ്ങാന്‍ സാധിക്കുന്നവരാണ് ഇരുവരും. അതിനു ശേഷം ഫാസ്റ്റ് ബൗളര്‍മാരായി ടീമിലുണ്ടാവുക അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയുമായിരിക്കും. പ്രസിദ്ധ് കൃഷ്ണയ്ക്കും ഖലീല്‍ അഹമ്മദിനും പുറത്തിരിക്കേണ്ടി വരികയും ചെയ്‌തേക്കും.
ഇന്ത്യന്‍ എയുടെ സാധ്യതാ 11
അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ആയുഷ് ബഡോണി, വിപ്രാജ് നിഗം, മാനവ് സുത്തര്‍, നിഷാന്ത് സിന്ധു, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.