സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട പരാജയമേറ്റു വാങ്ങിയതിനു ശേഷം ആരാധകരുടെ പഴി മുഴുവന്‍ മുന്‍ സൗത്താഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന എബി ഡിവില്ലിയേഴ്‌സിനാണ്. എബിഡിയുടെ പ്രവചനമാണ് ഇന്ത്യയെ ചതിച്ചതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേയും രണ്ടു തവണ എബിഡിയുടെ പ്രവചനം കാരണം ഇന്ത്യക്കു പണി കിട്ടിയിട്ടുണ്ട്.
ഇന്ത്യക്കു തിരിച്ചടി ലഭിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം ഇതു മനപ്പൂര്‍വ്വം ചെയ്യുകയാണോയെന്നും ആരാധകര്‍ ചോദിക്കുന്നു. ഇന്ത്യയെക്കുറിച്ച് ഇതാദ്യമായിട്ടല്ല എബിഡിയുടെ പ്രവചനം തെറ്റായി വന്നത്. ഇത്തവണ സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കു കഴിയുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും ഇന്ത്യയെ സൗത്താഫ്രിക്ക കശാപ്പ് ചെയ്തിരിക്കുകയാണ്.

ഇതോടെ സൗത്താഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരവും ഇന്ത്യക്കു നഷ്ടമായി. ഇനി രണ്ടാം ടെസ്റ്റില്‍ ജയിച്ചാലും രണ്ടു മല്‍സരങ്ങളുടെ പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിക്കാന്‍ മാത്രമേ ഇന്ത്യക്കു സാധിക്കുകയുള്ളൂ.
നേരത്തേയും രണ്ടു വലിയ പ്രവചനങ്ങള്‍ ഇന്ത്യക്കു അനുകൂലമായി എബിഡി നടത്തിയിരുന്നു. രണ്ടിലും ഇന്ത്യക്കു ദയനീയമായി തിരിച്ചടി നേരിടുകയും ചെയ്തു. ഓസ്‌ട്രേലിയയുമായുള്ള ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വിജയം കൊയ്യുമെന്നായിരുന്നു എബിഡിയുടെ ഒരു പ്രവചനം. പക്ഷെ 200 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ ഇന്ത്യ ഫൈനലില്‍ തകര്‍ന്നടിയുകയായിരുന്നു.
നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരാവുമെന്നതായിരുന്നു എബിഡി നടത്തിയ രണ്ടാമത്തെ പ്രവചനം. ഇതും ദയനീയമായി പാളി. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തി തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യക്കു ഫൈനലില്‍ കാലിടറുകയായിരുന്നു. ഓസ്‌ട്രേലിയയോടു കനത്ത പരാജയമായിരുന്നു രോഹിത് ശര്‍മയ്ക്കും സംഘത്തിനും നേരിട്ടത്.
ഇന്ത്യന്‍ ടീമിനെക്കുറിച്ചു മാത്രമല്ല നേരത്തേ ടെന്നീസിനെക്കുറിച്ച് എബിഡി നടത്തിയ മറ്റൊരു പ്രവചനവും പാളിയിരുന്നു. വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പറും സെര്‍ബിയന്‍ ഇതിഹാസവുമായ നൊവാക് ജോകോവിച്ച് ചാംപ്യന്‍മാരാവുമെന്നായിരുന്നു എബിഡി പ്രവചിച്ചത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. 10 വര്‍ഷങ്ങള്‍ക്കു ശേഷം വിംബിള്‍ഡണ്‍ ഫൈനലില്‍ ജോകോവിച്ച് പരാജയപ്പെടുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാമാണ് സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്ത്യന്‍ തോല്‍വിക്കു ശേഷം എബിഡി നേരിട്ടു കൊണ്ടിരിക്കുന്നത്. സംഭവിക്കരുതെന്നു താന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് എബിഡി പ്രവചിക്കുന്നതെന്നു തോന്നുന്നുവെന്നായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എബിഡി വളരെയധികം ഭയപ്പെടുത്തുന്ന ബാറ്ററായിരുന്നു. പക്ഷെ ഭാവി പറയുന്ന കാര്യത്തില്‍ വന്‍ ദുരന്തവുമാണെന്നും ആരാധകര്‍ പരിഹസിക്കുന്നു.
അതേസമയം, ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഫ്‌ളോപ്പായി മാറിയതാണ് സൗത്താഫ്രിക്കയുമായുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഏകപക്ഷീയമായ തോല്‍വിക്കു കാരണം. ഒന്നാമിന്നിങ്‌സില്‍ കെഎല്‍ രാഹുലും (101) രണ്ടാമിന്നിങ്‌സില്‍ വിരാട് കോലിയും (76) മാത്രമേ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയുള്ളൂ.
ബൗളിങിലാവട്ടെ ജസ്പ്രീത് ബുംറ നാലു വിക്കറ്റുകള്‍ നേടിയതൊഴിച്ചാല്‍ ഇന്ത്യക്കു മറ്റൊന്നും എടുത്തുകാണിക്കാനില്ല. ശര്‍ദ്ദുല്‍ ടാക്കൂറും അരങ്ങേറ്റ മല്‍സരം കളിച്ച പ്രസിദ്ധ് കൃഷ്ണയും ബൗളിങില്‍ വന്‍ ദുരന്തമാവുകയും ചെയ്തു. ശര്‍ദ്ദുല്‍ 5.3 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് 4.7 ഇക്കോണമി റേറ്റില്‍ നേടിയത് ഒരേയൊരു വിക്കറ്റാണ്.