റായ്പൂര്‍: ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി ഏകദിന സെഞ്ച്വറിയോടെ കസറിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ 105 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് അദ്ദേഹം ക്രീസ് വിട്ടത്. വെറും 83 ബോളില്‍ 12 ഫോറുകളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ഇത്. സെഞ്ച്വറി തികയ്ക്കാന്‍ റുതുവിനു വേണ്ടി വന്നത് 77 ബോളുകള്‍ മാത്രമായിരുന്നു.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അല്‍പ്പമൊന്നു പതറിയെങ്കിലും പിന്നീട് ക്ലാസ് ബാറ്റിങിലൂടെ റുതുരാജ് കളം വാഴുകയായിരുന്നു. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ തനിക്കു അത്ര കളിച്ചു ശീലമില്ലാത്ത നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വന്നിട്ടും അതൊന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചില്ല.

ഏതു പൊസിഷനിലും ടീമിനായി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്ക് തനിക്കുണ്ടെന്നു ഈ മല്‍സരത്തിലൂടെ റുതുരാജ് കാണിച്ചു തന്നു. വളരെ സ്ലോ ആയിട്ടുള്ള ഫിഫ്റ്റിക്കു ശേഷമാണ് അദ്ദേഹം ടോപ്പ് ഗിയറിലേക്കു മാറി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതു എങ്ങനെയാണെന്നു നോക്കാം.
റുതുരാജിന്റെ ബാറ്റിങ് ക്ലാസ്
ഇന്ത്യന്‍ ഇന്നിങ്‌സില്‍ 10ാം ഓവറില്‍ തന്നെ റുതുരാജ് ഗെയ്ക്വാദ് ബാറ്റിങിനായി ക്രീസിലെത്തിയിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ (22) പുറത്താവലിനു ശേഷമാണിത്. ആദ്യ ഏകദിനത്തിനെ (8 റണ്‍സ്) ഫ്‌ളോപ്പ് ഷോയ്ക്കു പ്രായശ്ചിത്തം ചെയ്യാനുള്ള സുവര്‍ണാസരം കൂടിയായിരുന്നു ഇത്. റുതു ഇതു ശരിക്കും മുതലാക്കുകയും ചെയ്തു.
വിരാട് കോലിക്കൊപ്പം വമ്പന്‍ കൂട്ടുകെട്ടുമായി അദ്ദേഹം ടീമിനെ അതിശക്തമായ നിലയിലെത്തിക്കുകയായിരുന്നു. വലിയ ഷോട്ടുകളേക്കാള്‍ പരമാവധി സിംഗിളിം ഡബിളുമെടുത്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാനാണ് ഇരുവരും ശ്രമിച്ചത്. ഈ പ്ലാന്‍ ക്ലിക്കാവുകയും ചെയ്തു.
52 ബോളുകളില്‍ നിന്നായിരുന്നു റുതുരാജ് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. എയ്ഡന്‍ മാര്‍ക്രമെറിഞ്ഞ 24ാം ഓവറിലെ നാലാമത്തെ ബോളില്‍ ഫോറടിച്ച അദ്ദേഹം തൊട്ടടുത്ത ബോളില്‍ സിംഗിളിലൂടെ ഫിഫ്റ്റിയും തികയ്ക്കുകയായിരുന്നു. എന്നാല്‍ അതിനു ശേഷം റുതുരാജിന്റെ ഇന്നിങ്‌സ് ടോപ് ഗിയറിലേക്കും കയറുകയായിരുന്നു.

ആദ്യ ഫിഫ്റ്റിക്കായി 52 ബോളുകള്‍ നേരിട്ട അദ്ദേഹം അടുത്ത ഫിഫ്റ്റി പൂര്‍ത്തിയാക്കിയത് വെറും 25 ബോളുകളിലാണ്. സൗത്താഫ്രിക്കന്‍ ബൗളര്‍മാരില്‍ റുതുരാജിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത് സ്പിന്നര്‍ കേശവ് മഹാരാജാണ്. അദ്ദേഹമെറിഞ്ഞ 28ാംഓവറില്‍ റുതു വാരിക്കൂട്ടിയത് 16 റണ്‍സാണ്. രണ്ടു ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെടും.
പേസര്‍ കോര്‍ബിന്‍ ബോഷെറിഞ്ഞ തൊട്ടടുത്ത ഓവറിലെ അവസാനത്തെ രണ്ടു ബോളും ഫോറിലേക്കു പായിച്ച് റുതുരാജ് തന്റെ 90കളിലേക്കും കടന്നു. ബേഷ് തന്നെയെറിഞ്ഞ 34ാമത്തെ ഓവറിലായിരുന്നു ആരാധകര്‍ കാത്തിരുന്ന ആ നിമിഷം. മൂന്നാമത്തെ ബോള്‍ പുള്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തിയ അദ്ദേഹം 96ലെത്തി.
തൊടുത്ത ബോളും മിഡ് ഓണിലൂടെ തന്നെ പുള്‍ ഷോട്ടിലൂടെ ബൗണ്ടറിയിലെത്തിച്ച് റുതുരാജ് കന്നി സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. വായുവില്‍ ചാടിയുയര്‍ന്ന് പഞ്ച് ചെയ്തായിരുന്നു അദ്ദേഹം ഇതു ആഘോഷിച്ചത്. കരിയറിലെ എട്ടാമത്തെ മല്‍സരത്തിലാണ് റുതുരാജ് ആദ്യത്തെ സെഞ്ച്വറി കുറിച്ചിരിക്കുന്നത്. നേരത്തേ നേടിയ ഉയര്‍ന്ന സ്‌കോറായ 71 റണ്‍സെന്ന റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു.