IND vs SA: ലോകകപ്പില്‍ കസറി, പക്ഷെ ഇവര്‍ ടി20 പരമ്പരക്കുണ്ടാവില്ല! ഇന്ത്യ തഴഞ്ഞേക്കും
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. മൂന്ന് വീതം ഏകദിനവും ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കാന്‍ പോകുന്നത്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട പരമ്പരയാണ് വരാനിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.
ടി20 ലോകകപ്പിലേക്ക് ആറ് മാസം മാത്രം ശേഷിക്കെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക പരമ്പര പിടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടി20 ടീമില്‍ വരുത്തിയേക്കുമെന്നാണ് വിവരം. ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ പല പ്രമുഖ താരങ്ങളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കാണാന്‍ സാധിച്ചേക്കില്ല. ടി20 ടീമില്‍ നിന്ന് ഇന്ത്യ തഴയാന്‍ സാധ്യതയുള്ള ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
വിരാട് കോലിയാണ് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെച്ചത്. 11 മത്സരത്തില്‍ നിന്ന് 3 സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കോലിയെ ഇനി പരിഗണിച്ചേക്കില്ല. 2023ല്‍ ഒരു ടി20 മത്സരം പോലും ഇന്ത്യക്കായി കോലി കളിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോലി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ കോലി കളിച്ചേക്കില്ല. എന്നാല്‍ ഏകദിന, ടെസ്റ്റ് പരമ്പരയില്‍ കോലി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടും. രണ്ടാമത്തെ താരം ആര്‍ അശ്വിനാണ്. അക്ഷര്‍ പട്ടേലിന് പരിക്കേറ്റപ്പോഴാണ് ഏകദിന ലോകകപ്പ് ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയത്. ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ ഇനി ഇന്ത്യക്കായി പരിമിത ഓവറില്‍ അശ്വിന്‍ കളിച്ചേക്കില്ല. 37കാരനായ താരത്തിന് ഇനി പരിമിത ഓവറില്‍ ഇടം നല്‍കില്ലെന്നുറപ്പാണ്.

എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇന്ത്യയുടെ നട്ടെല്ലായി അശ്വിനുണ്ടാവുമെന്നുറപ്പാണ്. മൂന്നാമത്തെ താരം ശാര്‍ദ്ദുല്‍ ടാക്കൂറാണ്. പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലിടം നേടിയിരുന്നു. മൂന്ന് മത്സരം കളിച്ച താരം രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് ബാക്കപ്പായി ഇന്ത്യ പരിഗണിക്കുന്ന താരമാണ് ശാര്‍ദ്ദുല്‍. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമായതിനാല്‍ ശാര്‍ദ്ദുലിനെ ഇന്ത്യ പരിഗണിച്ചേക്കില്ല.
എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്ക് ശാര്‍ദ്ദുല്‍ പരിഗണിക്കപ്പെടാനാണ് സാധ്യത കൂടുതല്‍. നാലാമത്തെ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് ഇന്ത്യയുടെ ടി20 നായകനാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ പോകുന്നത് ഹാര്‍ദിക്കാണ്. എന്നാല്‍ പരിക്ക് മൂലം താരത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക്കിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായേക്കും.
അടുത്ത ഐപിഎല്ലിലൂടെയേ ഹാര്‍ദിക്കിന് തിരിച്ചുവരാനാവൂ. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഹാര്‍ദിക്കുണ്ടാവില്ലെന്നുറപ്പ്. രോഹിത് ശര്‍മയാണ് അഞ്ചാമന്‍. കോലിയെപ്പോലെ തന്നെ 2023ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും രോഹിത് ശര്‍മ കളിച്ചിട്ടില്ല. ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവെച്ചത്. ടീമിനെ ഫൈനലിലേക്കെത്തിക്കാനായെങ്കിലും കലാശപ്പോരാട്ടത്തില്‍ തോറ്റു. ഇതോടെ പരിമിത ഓവറില്‍ നിന്ന് രോഹിത് വിട്ടുനിന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ നയിക്കാന്‍ അനുഭവസമ്പന്നനായ താരത്തെ ആവശ്യമാണ്. അതുകൊണ്ടുതന്നെ രോഹിത് ടി20 കളിക്കണമെന്നും നായകനായി തുടരണമെന്നും പല ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ രോഹിത് ടി20 പരമ്പരയില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications