Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജു ഷോ, അര്‍ഷ്ദീപും കസറി, സൗത്താഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്നാം മത്സരത്തില്‍ 78 റണ്‍സിന്റെ ജയം നേടിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നാണംകെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 296 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സഞ്ജു സാംസണിന്റെ (108) സെഞ്ച്വറിയും അര്‍ഷ്ദീപ് സിങ്ങിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് കരുത്തായത്.

ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം മത്സരം ജയിച്ച് പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ത്യക്കായി ആവേശ് ഖാനും വാഷിങ്ടണ്‍ സുന്ദറും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാറും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകളും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടിവന്ന ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പ്രതീക്ഷ നല്‍കിയ രജത് പാട്ടീധാറാണ് ആദ്യം പുറത്തായത്. 16 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 22 റണ്‍സാണ് രജത് നേടിയത്.

നാന്ദ്രെ ബുര്‍ഗര്‍ രജത്തിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. അധികം വൈകാതെ സായ് സുദര്‍ശനും പുറത്തായി. 16 പന്ത് നേരിട്ട് 10 റണ്‍സെടുത്ത സുദര്‍ശനെ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിലൊത്തുകൂടിയ കെ എല്‍ രാഹുലും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി. 52 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 35 പന്ത് നേരിട്ട് 21 റണ്‍സ് നേടിയ രാഹുലിനെ വിയാന്‍ മുള്‍ഡറാണ് പുറത്താക്കിയത്. ഒരുവശത്ത് സഞ്ജു സാംസണ്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്തി. രാഹുല്‍ മടങ്ങിയ ശേഷം തിലക് വര്‍മയ്‌ക്കൊപ്പം സഞ്ജു പൊരുതി. ആദ്യം പതറിയ തിലക് പിന്നാലെ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടിയെടുത്തു.

sanju samson, tilak varma

77 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സുമായി തിലക് മടങ്ങുമ്പോള്‍ ഇന്ത്യ നാലിന് 217 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനാവാന്‍ തിലകിന് സാധിച്ചു.

ഇതിന് ശേഷം സഞ്ജു സാംസണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. 114 പന്ത് നേരിട്ട് 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സുമായാണ് സഞ്ജുവിന്റെ മടക്കം.

റിങ്കു സിങ് ഫിനിഷര്‍ റോളില്‍ കൈയടി നേടി. 27 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. അക്ഷര്‍ പട്ടേല്‍ 1 റണ്‍സില്‍ മടങ്ങിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 14 റണ്‍സാണ് നേടിയത്. അര്‍ഷ്ദീപ് സിങ്ങും (7) ആവേശ് ഖാനും (1) പുറത്താവാതെ നിന്നു. ഇതോടെ 8 വിക്കറ്റിന് 296 എന്ന മികച്ച സ്‌കോറിലേക്കെത്താനും ഇന്ത്യക്ക് സാധിച്ചു.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റീസ ഹെന്‍ഡ്രിക്‌സിനെ (19) അര്‍ഷ്ദീപ് സിങ് പുറത്താക്കി. റാസി വാന്‍ ഡെര്‍ ഡ്യൂസനെ (2) അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ (36) വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി.

രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയുടെ വിജയ ശില്‍പ്പിയായി മാറിയ ടോണി ഡി സോര്‍സി മൂന്നാം മത്സരത്തിലും ഗംഭീര പ്രകടനം കാഴ്ചവെച്ചു.

81 റണ്‍സുമായി ഇന്ത്യക്ക് വെല്ലുവിളിയായി മാറിയ ടോണിയെ അര്‍ഷ്ദീപ് എല്‍ബിയില്‍ കുടുക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. അപകടകാരിയായ ഹെന്റിച്ച് ക്ലാസനെ (21) ആവേശ് ഖാന്റെ പന്തില്‍ സായ് സുദര്‍ശന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. ക്ലാസന്‍ പുറത്താവുമ്പോള്‍ 174ന് അഞ്ച് എന്ന നിലയിലായിരുന്നു ആതിഥേയര്‍.

വിയാന്‍ മുള്‍ഡറെ (1) വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ഒരു വശത്ത് ഇന്ത്യക്ക് ഭീഷണിയായി നിന്ന ഡേവിഡ് മില്ലറെ (10) മുകേഷ് കുമാര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. വാലറ്റത്തേയും ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍ 45.5 ഓവറില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാവുകയായിരുന്നു.

പ്ലേയിങ് 11: ഇന്ത്യ- സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, രജത് പാട്ടീധാര്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (c), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

ദക്ഷിണാഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നന്ദ്രേ ബുര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്

Story first published: Thursday, December 21, 2023, 12:49 [IST]
Other articles published on Dec 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+