Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യ 223ന് ഓള്‍ഔട്ട്, എല്‍ഗറെ തുടക്കത്തില്‍ തന്നെ മടക്കി കോലിപ്പട

1

കേപ്ടൗണ്‍: നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സൗത്താഫ്രിക്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 223 റണ്‍സിനു മറുപടിയില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക ഒരു വിക്കറ്റിനു 17 റണ്‍സെടുത്തിട്ടുണ്ട്. നായകനും അപകടകാരിയുമായ ഡീന്‍ എല്‍ഗറിനെ (7) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചു. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ബുംറയുടെ ബൗളിങില്‍ എഡ്ജ് ചെയ്ത എല്‍ഗറിനെ സ്ലിപ്പില്‍ ചേതേശ്വര്‍ പുജാര പിടികൂടുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ എയ്ഡന്‍ മര്‍ക്രാം (8), നൈറ്റ് വാച്ച്മാന്‍ കേശവ് മഹാരാജ് (6) എന്നിവരാണ് ക്രീസിലുള്ളത്. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ സൗത്താഫ്രിക്കയ്ക്കു 206 റണ്‍സ് കൂടി വേണം.

ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം പ്രതീക്ഷിച്ച വിജയം കണ്ടില്ല. നായകന്റെ ഇന്നിങ്‌സുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 79 റണ്‍സോടെയാണ് കോലി ടീമിന്റെ അമരക്കാരനായത്. 201 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. നാലാമനായി ക്രീസിലെത്തിയ അദ്ദേഹം ഒമ്പതാമനായാണ് ക്രീസ് വിട്ടത്.

കോലിയെക്കൂടാതെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്ന മറ്റൊരു താരം പരിചയസമ്പന്നായ ചേതേശ്വര്‍ പുജാരയാണ്. അദ്ദേഹം 43 റണ്‍സെടുത്തു. 77 ബോളില്‍ ഏഴു ബൗണ്ടറികളോടെയായിരുന്നു ഇത്. റിഷഭ് പന്താണ് (27) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. 50 ബോളില്‍ അദ്ദേഹം നാലു ബൗണ്ടറികളടിച്ചു. കെഎല്‍ രാഹുല്‍ (12), മായങ്ക് അഗര്‍വാള്‍ (15), അജിങ്ക്യ രഹാനെ (9), ആര്‍ അശ്വിന്‍ (2), ശര്‍ദ്ദുല്‍ ടാക്കൂര്‍ (12), ജസ്പ്രീത് ബുംറ (0), എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

2

ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടു മികച്ച കൂട്ടുകെട്ടുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. മൂന്നാം വിക്കറ്റില്‍ കോലി- പുജാര സഖ്യം ചേര്‍ന്നു നേടിയ 62 റണ്‍സാണ് ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റില്‍ രഹാനെ- റിഷഭ് സഖ്യം 51 റണ്‍സും അടിച്ചെടുത്തു. മറ്റു കൂട്ടുകെട്ടുകളൊന്നും ഫിഫ്റ്റി തികച്ചില്ല. നാലു വിക്കറ്റുകളെടുത്ത കാഗിസോ റബാഡയും മൂന്നു വിക്കറ്റുകല്‍ വീഴ്ത്തിയ മാര്‍ക്കോ യാന്‍സണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ഡുവാന്‍ ഒലിവിയറും കേശവ് മഹാരാജും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. ലുംഗി എന്‍ഗിഡിക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഫിറ്റ്‌നസ് വീണ്ടെടുത്ത കോലി മടങ്ങിയെത്തിയപ്പോള്‍ ഹനുമാ വിഹാരിക്കാണ് സ്ഥാനം നഷ്ടായത്. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവും ടീമിലേക്കു വന്നു. സൗത്താഫ്രിക്കയാവട്ടെ രണ്ടാം ടെസ്റ്റിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുന്നതിനാല്‍ ഇരുടീമുകള്‍ക്കും ഈ ടെസ്റ്റ് ഒരുപോലെ നിര്‍ണായകമാണ്. സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന മോഹം പൂവണിയണമെങ്കില്‍ ഇന്ത്യക്കു കേപ്ടൗണില്‍ വിജയിച്ചേ തീരൂ. മറുഭാഗത്ത് സൗത്താഫ്രിക്കയാവട്ടെ ഇന്ത്യയോടു ഇതു വരെ നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാമെന്ന പ്രതീക്ഷയിലാണ്.

കേപ്ടൗണില്‍ ഇന്ത്യക്കു ടെസ്റ്റില്‍ മോശം റെക്കോര്‍ഡാണുള്ളത്. ഇവിടെ ഇതുവരെ ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. നേരത്തേ ഇവിടെ അഞ്ചു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോല്‍ മൂന്നെണ്ണത്തില്‍ സൗത്താഫ്രിക്കയ്ക്കായിരുന്നു ജയം. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഈ ചരിത്രം തിരുത്തിക്കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇത്തവണ കേപ്ടൗണിലെത്തിയിരിക്കുന്നത്.

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ചരിത്രവിജയം കൊയ്തു കൊണ്ടായിരുന്നു ഈ പര്യടനത്തില്‍ വിരാട് കോലിയുടെയും സംഘത്തിന്റെയും തുടക്കം. 113 റണ്‍സിന്റെ ഉജ്ജ്വല വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാമിന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയും രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇന്ത്യക്കു മിന്നുന്ന വിജയം സമ്മാനിച്ചത്. ഈ വേദിയില്‍ ഇന്ത്യയുടെ കന്നി വിജയം കൂടിയായിരുന്നു ഇത്. മാത്രമല്ല ഒരു ഏഷ്യന്‍ ടീം സെഞ്ചൂറിയനില്‍ ടെസറ്റ് വിജയിച്ചതും ആദ്യമായിരുന്നു.

പക്ഷെ ഭാഗ്യവേദിയായ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ഈ വിജയം ആവര്‍ത്തിക്കാനായിട്ടില്ല. ഇതുവരെ ഈ വേദിയില്‍ തോറ്റിട്ടില്ലെന്ന (അഞ്ച് ടെസ്റ്റ്, രണ്ടു ജയം, മൂന്നു സമനില) റെക്കോര്‍ഡുമായെത്തിയ ഇന്ത്യക്കു പക്ഷെ ഇത്തവണ പിഴച്ചു. വിരാട് കോലിയുടെ അഭാവത്തില്‍ രാഹുലിന് കീഴില്‍ ഇറങ്ങിയ ഇന്ത്യയെ സൗത്താഫ്രിക്ക നാലു ദിനം കൊണ്ട് തകര്‍ത്തുവിടുകയായിരുന്നു. ബൗളര്‍മാരും ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറുമായിരുന്നു സൗത്താഫ്രിക്കയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Tuesday, January 11, 2022, 21:42 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+