Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യക്കു ഓപ്പണര്‍മാരെ നഷ്ടം, ലീഡ് 50 കടന്നു

1

കേപ്ടൗണ്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് പോര് മുറുകുന്നു. 13 റണ്‍സിന്റെ നേരിയ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിനു 57 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റുകളും മൂന്നു ദിനവും ബാക്കിനില്‍ക്കെ ഇന്ത്യക്കു 70 റണ്‍സിന്റെ ലീഡാണ് ഇപ്പോഴുള്ളത്. നായകന്‍ വിരാട് കോലിയും (14) ചേതേശ്വര്‍ പുജാരയുമാണ് (9) ക്രീസില്‍. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും (10) മായങ്ക് അഗര്‍വാശളുമാണ് (7) പുറത്തായത്. രണ്ടിനു 24 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ കോലി- പുജാര ജോടി 33 റണ്‍സിന്റെ കൂട്ടുകെട്ടുമായി കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങിന്റെ മികവിലാണ് സൗത്താഫ്രിക്കയെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 210 റണ്‍സിനു എറിഞ്ഞിട്ടത്. അഞ്ചു വിക്കറ്റുകളെടുത്ത ബുംറയുടെ മാജിക്കല്‍ ബൗളിങാണ് ടെസ്റ്റില്‍ ഇന്ത്യക്കു നേരിയ മുന്‍തൂക്കം സമ്മാനിച്ചത്. 23.4 ഓവറില്‍ എട്ടു മെയ്ഡനുകളടക്കം 42 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ഉമേഷ് യാദവും മുഹമ്മദ് ഷമിയും ബുംറയ്ക്കു മികച്ച പിന്തുണയേകി. ശര്‍ദ്ദുല്‍ ടാക്കൂറിന് ഒരു വിക്കറ്റ് ലഭിച്ചു.

2

നാലാമനായി ഇറങ്ങിയ കീറ്റന്‍ പീറ്റേഴ്‌സന്റെ (72) ഒറ്റയാന്‍ പോരാട്ടമാണ് സൗത്താഫ്രിക്കയെ 200 കടക്കാന്‍ സഹായിച്ചത്. ക്രീസിലെത്തിയ ശേഷം തുടക്കത്തില്‍ ഒന്നിലേറെ തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം ഇതു മുതലാക്കിയാണ് മികച്ച ഇന്നിങ്‌സ് കളിച്ചത്. എഡ്ജായ ശേഷം പല തവണ പീറ്റേഴ്‌സന്‍ സ്ലിപ്പ് ഫീല്‍ഡര്‍മാരുടെ അരികില്‍ വീണെങ്കിലും രക്ഷപ്പെടുകയായിരുന്നു. ടെംബ ബവുമ (28), കേശവ് മഹാരാജ് (25), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (21) എന്നിവരാണ് സൗത്താഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. നാലു വിക്കറ്റിനു 154 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് സൗത്താഫ്രിക്ക 210 റണ്‍സിന് ഓള്‍ഔട്ടായത്.

ഒരു വിക്കറ്റിന് 17 റണ്‍സെന്ന നിലയിലാണ് സൗത്താഫ്രിക്ക രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ചത്. എയ്ഡന്‍ മര്‍ക്രാമിനോടൊപ്പം (8) നൈറ്റ് വാച്ചമാന്‍ കേശവ് മഹാരാജായിരുന്നു (6) ക്രീസില്‍. നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ആദ്യദിനം മൂന്നാം സെഷനില്‍ അവസാനിച്ചിരുന്നു. 223 റണ്‍സാണ് ഇന്ത്യക്കു നേടാനായത്.

4

ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെ ആദ്യദിനം തന്നെ പുറത്താക്കാനായത് ഇന്ത്യക്കു മുന്‍തൂക്കം നല്‍കി. കാരണം സൗത്താഫ്രിക്കന്‍ നിരയില്‍ പുറത്താക്കാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടുള്ള താരമാണ് അദ്ദേഹം. മൂന്നു റണ്‍സ് മാത്രമേ എല്‍ഗറിനെ ഇന്ത്യ എടുക്കാന്‍ അനുവദിച്ചുള്ളൂ. 16 ബോളില്‍ നിന്നും മൂന്നു റണ്‍സെടുത്ത അദ്ദേഹത്തിന്റെ വിക്കറ്റ് ജസ്പ്രീത് ബുംറയ്ക്കാണ്. ബാറ്റില്‍ എഡ്ജായ ബോള്‍ സ്ലിപ്പില്‍ ചേതേശ്വര്‍ പുജാര പിടികൂടുകയായിരുന്നു.

തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും ടോസ് ഇന്ത്യക്കു ലഭിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളെയും പോലെ തന്നെ ഇന്ത്യ ഇത്തവണയും ബാറ്റിങ് തന്നെയാണ് തിരഞ്ഞെടുത്തത്. 300ന് മുകളില്‍ ഒരു ടോട്ടല്‍ പടുത്തുയര്‍ത്തിയ സൗത്തൗഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു വിരാട് കോലി ലക്ഷ്യമിട്ടത്. പക്ഷെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റി. സൗത്താഫ്രിക്കന്‍ പേസാക്രമണത്തില്‍ പതിവുപോലെ തന്നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പകച്ചുനിന്നു. ഓഫ്സ്റ്റ്ംപിന് പുറത്ത് കുത്തിയുയരുന്ന പന്തുകള്‍ കളിക്കണോ, ഒഴിവാക്കണമോയെന്നു പോലും പലര്‍ക്കും നിശ്ചയമില്ലായിരുന്നു. രണ്ടു മനസ്സോടെ ഷോട്ടുകള്‍ കളിച്ചാണ് ഭൂരിഭാഗം പേരും പുറത്തായത്. മിക്ക താരങ്ങളും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്.

നായകന്റെ ഇന്നിങ്‌സുമായി കോലി ഒരു ഭാഗത്ത് എങ്ങനെ ഇത്തരം പിച്ചില്‍ കളിക്കാമെന്ന് കാണിച്ചു തന്നെങ്കിലും ടീമംഗങ്ങളില്‍ ആരും തന്നെ ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ല. 79 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയ കോലി ഒമ്പതാമനായാണ് ക്രീസ് വിട്ടത്. 201 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചേതേശ്വര്‍ പുജാരയാണ് ഇന്ത്യന്‍ നിരയില്‍ ആത്മവിശ്വാസത്തോടെ കളിച്ച മറ്റൊരു താരം. അദ്ദേഹം 43 റണ്‍സ് നേടി. 77 ബോളില്‍ പുജാര ഏഴു ബൗണ്ടറികളുമടിച്ചു. 27 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല.

പ്രിയപ്പെട്ട വേദിയായ കേപ്ടൗണില്‍ സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ഒരിക്കല്‍ക്കൂടി നിറഞ്ഞാടി. നാലു വിക്കറ്റുകളുമായി ടീമിന്റെ ബൗളിങിനു ചുക്കാന്‍ പിടിച്ചത് റബാഡയായിരുന്നു. ഈ പരമ്പരയിലൂടെ അരങ്ങേറിയ യുവ പേസര്‍ മാര്‍ക്കോ യാന്‍സണ്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. മൂന്നു വിക്കറ്റുകളുമായി അദ്ദേഹം റബാഡയ്ക്കു മികച്ച പിന്തുണയേകി. ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കില്‍ നിന്നും മോചിതനായി നായകന്‍ കോലി മടങ്ങിയെത്തിയപ്പോള്‍ ഹനുമാ വിഹാരിക്കു ടീമില്‍ നിന്നും പുറത്തു പോവേണ്ടിവന്നു. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനു വിശ്രമം നല്‍കിയ ഇന്ത്യ പകരം ഉമേഷ് യാദവിനെയും കളിപ്പിച്ചു.

പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Wednesday, January 12, 2022, 21:56 [IST]
Other articles published on Jan 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+