Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലേക്ക്, ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് എട്ട് വിക്കറ്റ്

1

കേപ്ടൗണ്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലേക്ക്. 212 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന സൗത്താഫ്രിക്ക മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 101 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കു ജയിക്കാന്‍ ഇനി എട്ടു വിക്കറ്റുകള്‍ വേണമെങ്കില്‍ സൗത്താഫ്രിക്കയ്ക്കു ആവശ്യം 111 റണ്‍സാണ്. മൂന്നാം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് സൗത്താഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറിനെ (30) പുറത്താക്കാനായത് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. 48 റണ്‍സോടെ കീഗന്‍ പീറ്റേഴ്‌സനാണ് ക്രീസില്‍.

ജസ്്പ്രീത് ബുംറയുടെ ബൗളിങില്‍ റിഷഭ് പന്താണ് തകര്‍പ്പനൊരു ക്യാച്ചിലൂടെ എല്‍ഗറെ പുറത്താക്കിയത്. അംപയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കോലി ഡിആര്‍എസ് വിളിക്കുകയായിരുന്നു. ഇന്ത്യ ആഗ്രഹിച്ചതുപോലെ ഈ തീരുമാനം വിജയം കാണുകയും ചെയ്തു. എയ്ഡന്‍ മര്‍ക്രാമാണ് (16) പുറത്തായ മറ്റൊരു ബാറ്റര്‍. രണ്ടാം വിക്കറ്റില്‍ എല്‍ഗര്‍- പീറ്റേഴ്‌സന്‍ ജോടി 78 റണ്‍സിന്റെ കൂട്ടുകെട്ടുമായി മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കവെയാണ് ബുംറ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്.

13 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 198 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത് റിഷഭ് പന്തിന്റെ അപരാജിത സെഞ്ച്വറിയാണ്. 100 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. 139 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റിഷഭിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന് ടെസ്റ്റ് പരമ്പരയിലെ സെഞ്ച്വറിക്കു ശേഷം ആദ്യത്തെ സെഞ്ച്വറി കൂടിയാണ് റിഷഭ് കേപ്ടൗണില്‍ നേടിയത്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ മറ്റാരും തന്നെ 30 റണ്‍സ് പോലും തികച്ചില്ല. ക്യാപ്റ്റന്‍ വിരാട് കോലി (29), കെഎല്‍ രാഹുല്‍ (10) എന്നിവരാണ് രണ്ടക്കം കടന്നവര്‍, മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പുജാര (9), അജിങ്ക്യ രഹാനെ (1), ആര്‍ അശ്വിന്‍ (7), ശര്‍ദ്ദുല്‍ ടാക്കൂര്‍ (5), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (2) എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി.

2

ഒരു ഘട്ടത്തില്‍ നാലിനു 58 റണ്‍സിലേക്കു വീണ ഇന്ത്യയെ രക്ഷിച്ചത് കോലി- റിഷഭ് ജോടിയായിരുന്നു. 94 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷം കോലി പുറത്തായതിനു പിന്നാലെ ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. പക്ഷെ പുറത്താവാതെ നിന്ന റിഷഭ് സൗത്താഫ്രിക്കയ്ക്കു മോശമല്ലാത്ത വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യയെ സഹായിക്കുകയായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി മാര്‍ക്കോ യാന്‍സണ്‍ നാലു വിക്കറ്റുകളെടുത്തപ്പോള്‍ കാഗിസോ റബാഡയും ലുംഗി എന്‍ഗിഡിയും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

രണ്ടു വിക്കറ്റിനു 57 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ രണ്ടാംദിനത്തിലെ കളി അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (7) എന്നിവരെ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 25 ആവുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരും പവലിയനില്‍ തിരിച്ചെത്തിയിരുന്നു.

നേരത്തേ ഒന്നാമിന്നിങ്‌സില്‍ 13 റണ്‍സിന്റെ നേരിയ ലീഡായിരുന്നു ഇന്ത്യക്കു നേടാനായത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 223 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക രണ്ടാംദിനം 210ന് ഓള്‍ഔട്ടായി. ഇന്ത്യയുടെ ലീഡ് വെറും 13 റണ്‍സിലേക്കു ചുരുക്കാന്‍ സൗത്താഫ്രിക്കയെ സഹായിച്ചത് കീഗന്‍ പീറ്റേഴ്‌സന്റെ ഫിഫ്റ്റിയായിരുന്നു. അദ്ദേഹം 72 റണ്‍സോടെ ആതിഥേയരുടെ ടോപ്‌സ്‌കോററായി മാറി. 166 ബോളുകള്‍ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പീറ്റേഴ്‌സന്റെ ഇന്നിങ്‌സ്. ടെംബ ബവുമ (28), കേശവ് മഹാരാജ് (25), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (21) എന്നിവരാണ് സൗത്താഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍.

കളിയുടെ ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്ക ലീഡ് നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നാലു വിക്കറ്റിന് 158 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് അവര്‍ 210ന് ഓള്‍ഔട്ടായത്. 51 റണ്‍സിനിടെ ആറു വിക്കറ്റുകള്‍ പിഴുത് സൗത്താഫ്രിക്കയെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. ബവുമയെയും കൈല്‍ വെറയ്‌നെയും ഷമി ഒരേ ഓവറില്‍ പുറത്താക്കിയതാണ് കളിയിലെ വഴിത്തിരിവായത്. പിന്നീട് വാലറ്റത്തെ ബുംറയും ശര്‍ദ്ദുലും ചേര്‍ന്ന് തകര്‍ക്കുകയും ചെയ്തു.

സൗത്താഫ്രിക്കയ്ക്കു ലീഡ് നിഷേധിച്ചത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. അദ്ദേഹം അഞ്ചു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു. 23.3 ഓവറില്‍ എട്ടു മെയ്ഡനുകളടക്കം 42 റണ്‍സിനാണ് ബുംറ അഞ്ചു വിക്കറ്റുകള്‍ പിഴുതത്. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ ഏഴാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. മുഹമ്മദ് ഷമിയും പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിച്ച ഉമേഷ് യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ശര്‍ദ്ദുല്‍ ടാക്കൂറിന് ഒരു വിക്കറ്റ് ലഭിച്ചു.

പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Thursday, January 13, 2022, 21:42 [IST]
Other articles published on Jan 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+