സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ മൂന്ന് ദിവസംകൊണ്ട് ഇന്ത്യക്ക് തലകുനിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുമെത്തി. ഈ ക്ഷീണം മാറ്റാന്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ വഴിയില്‍ തിരിച്ചെത്തേണ്ടതായുണ്ട്.
ഇന്ത്യക്ക് ജയിക്കാന്‍ നിലവിലെ ബാറ്റിങ് ഓഡറില്‍ ചില പൊളിച്ചെഴുത്ത് നടത്തേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മൂന്നാം നമ്പറില്‍ നിന്ന് ശുബ്മാന്‍ ഗില്ലിനെ മാറ്റുകയെന്നതാണ്. ശുബ്മാന്‍ ഗില്‍ മികച്ച താരമാണെങ്കിലും മൂന്നാം നമ്പറില്‍ കളിക്കാനുള്ള ക്ഷമയില്ല. പിടിച്ചുനിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ഗില്ലിന് സാധിക്കുന്നില്ല. താരത്തിന്റെ സാങ്കേതികതയിലും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ഇന്ത്യ ഗില്ലിനെ മാറ്റി വിരാട് കോലിയെ കളിപ്പിക്കണം.
ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മൂന്നാം നമ്പറില്‍ ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തുള്ള താരം വേണം. ഗില്ലിനെ ദക്ഷിണാഫ്രിക്കയില്‍ വലിയ പരിചയസമ്പത്തില്ല. പേസിനൊപ്പം നല്ല ബൗണ്‍സുമുള്ള പിച്ചില്‍ വലിയ സ്‌കോര്‍ നേടാന്‍ ക്ഷമയും മികച്ച സാങ്കേതികതയും വേണം. ചേതേശ്വര്‍ പുജാരയെ ഇന്ത്യ മൂന്നാം നമ്പറിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറിലേക്കെത്തണം.
ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറില്‍ കളിക്കുന്നതാണ് നിലവിലെ ടീം ഘടനയില്‍ ഇന്ത്യക്ക് നല്ലത്. സീനിയര്‍ താരമെന്ന നിലയില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. മൂന്നാം നമ്പറില്‍ ഇറങ്ങി ആവശ്യത്തിന് സമയമെടുത്ത് കളിക്കാന്‍ കോലിക്ക് മുന്നില്‍ അവസരമുണ്ട്. അതുകൊണ്ടുതന്നെ ഈ മാറ്റം അനിവാര്യമാണ്.

രണ്ടാമത്തെ കാര്യം തുടക്കത്തിലേ നല്ല സ്വിങ്ങും ബൗണ്‍സും പിച്ചിലുണ്ടാവും. കോലി ഇത്തരം പന്തുകളെ നന്നായി നേരിടുന്ന താരമാണ്. വേഗവും സ്വിങ്ങും കോലിക്ക് ദൗര്‍ബല്യമല്ല. എന്നാല്‍ ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഓഫ്സ്റ്റംപിന് പുറത്തേക്കെത്തുന്ന പന്തുകളില്‍ താരം പതറുന്നതായാണ് കാണുന്നത്. കവര്‍ ഡ്രൈവിന് ശ്രമിച്ച് ഗില്‍ എഡ്ജാവുന്നു. കോലിക്ക് അനുഭവസമ്പത്തുള്ളതിനാല്‍ പിടിച്ചുനിന്ന് വലിയ സ്‌കോറിലേക്കുയരാന്‍ സാധിച്ചേക്കും.
ദക്ഷിണാഫ്രിക്കയിലെ കോലിയുടെ ടെസ്റ്റ് ശരാശരി മികച്ചതാണ്. 52ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. ഓസ്‌ട്രേലിയയില്‍ 54ന് മുകളിലാണ് കോലിയുടെ ബാറ്റിങ് ശരാശരി. ദക്ഷിണാഫ്രിക്കയിലെ രോഹിത് ശര്‍മയുടെ ശരാശരി 20ല്‍ താഴെയാണെന്നതും എടുത്തു പറയേണ്ടതാണ്. കോലി ബാറ്റിങ് ഓഡറില്‍ മുകളിലേക്ക് കയറുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണകരമാവുകയെന്ന് നിസംശയം പറയാം. മൂന്നാം സ്ഥാനത്ത് ഗില്ലിന് തിളങ്ങാനാവുന്നില്ല.
ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന് പറയുമ്പോഴും ഗില്ലിന്റെ നിലവിലെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ഗില്ലിനെ നാലാം നമ്പറിലേക്കിറക്കുകയും ചെയ്താല്‍ താരത്തിന്റെ പ്രകടനവും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഗില്ലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു മാറ്റം ഇന്ത്യ കൊണ്ടുവരേണ്ടതാണ്. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരും ആറാം നമ്പറില്‍ കെ എല്‍ രാഹുലും തുടരണം.
രഹാനെയുടെ അഭാവം നികത്തുക ശ്രേയസിന് വെല്ലുവിളിയാണ്. ബൗണ്‍സ് പൊതുവേ ശ്രേയസിന് തലവേദനയാണ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ താരം പതറുന്നു. എന്നാല്‍ ക്ഷമയോടെ പിടിച്ചുനിന്നാല്‍ മികവ് കാട്ടാന്‍ ശ്രേയസിന് സാധിച്ചേക്കും. രവീന്ദ്ര ജഡേജ കൂടി തിരിച്ചുവന്നാല്‍ ഇന്ത്യയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കാം.