ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ സൗത്താഫ്രിക്കന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ നാലു മല്‍സരങ്ങളുടെ പരമ്പര കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗ്വെബര്‍ഹയില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ മൂന്നു വിക്കറ്റിന്റെ വിജയമാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും സ്വന്തമാക്കിയത്. നേരത്തേ ആദ്യ കളിയില്‍ ഇന്ത്യന്‍ ടീം 61 റണ്‍സിന്റെ ആധികാരിക വിജയം നേടിയിരുന്നു.
പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെ മല്‍സരം ബുധനാഴ്ച രാത്രി സെഞ്ചൂറിയനില്‍ നടക്കാനിരിക്കെ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഒരു തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറാവാത്തതാണ് കാരണം.
മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തുറുപ്പുചീട്ടായിരുന്നു അക്ഷര്‍. ബാറ്റിങിലും ബൗളിങിലുമെല്ലാം അദ്ദേഹത്തെ പരമാവധി ഉപയോഗിക്കാനും രോഹിത് ശ്രമിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഫൈനലിലുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു അക്ഷര്‍ കാഴ്ചവച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ബൗളിങില്‍ വേണ്ടത്ര വിശ്വാസമില്ലാത്ത തരത്തിലാണ് പുതിയ നായകന്‍ സൂര്യയുടെ സമീപനം.

വെറും രണ്ടോവര്‍ മാത്രം
സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ അക്ഷര്‍ പട്ടേലിനെ ബൗളിങില്‍ സൂര്യകുമാര്‍ യാദവ് മനപ്പൂര്‍വ്വം ഒതുക്കുന്നതു പോലെയാണ് കാണപ്പെടുന്നത്. നേരത്തേ രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കെ പവര്‍പ്ലേയിലടക്കം ബൗള്‍ ചെയ്ത് വിക്കറ്റെടുക്കുകയും പല മല്‍സരങ്ങളിലും ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കുകയും ചെയ്തിട്ടുള്ള ബൗളറാണ് അക്ഷര്‍.
എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയില്‍ അക്ഷറിനെ ബൗളിങില്‍ സൂര്യ അവഗണിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മല്‍സരങ്ങളിലായി വെറും രണ്ടോവറുകള്‍ മാത്രമാണ് അദ്ദേഹത്തിനു ബൗള്‍ ചെയ്യാന്‍ അവസരം നല്‍കിയത്. ബൗളിങില്‍ സൂര്യക്കു ആവശ്യമില്ലെങ്കില്‍ അക്ഷറിനു പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ കളിപ്പിക്കുന്നതല്ലേ നല്ലതെന്ന ചോദ്യവും ഉയരുന്നു.
ഡര്‍ബനില്‍ ഇന്ത്യ 61 റണ്‍സിന്റെ വിജയം കൊയ്ത ആദ്യ മല്‍സരത്തില്‍ ഒരോവര്‍ മാത്രമാണ് അക്ഷറിനു ബൗളിങ് ലഭിച്ചത്. വിക്കറ്റൊന്നുമില്ലാതെ എട്ടു റണ്‍സും വിട്ടുകൊടുത്തു. കളിയുടെ 14ാം ഓവറിലായിരുന്നു താരം പന്തെറിഞ്ഞത്. അതിനു ശേഷം അദ്ദേഹത്തെ ബൗളിങിനായി സൂര്യ വിളിച്ചതുമില്ല.
രണ്ടാം ടി20യിലും അവഗണന
ഇന്ത്യന്‍ ടീം പൊരുതിവീണ രണ്ടാം ടി20യിലും ഒരോവര്‍ മാത്രമേ അക്ഷര്‍ പട്ടേലിനു ബൗളിങ് ലഭിച്ചുള്ളൂ. വിക്കറ്റില്ലാതെ വെറും രണ്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടു നല്‍കിയത്. സൗത്താഫ്രിക്ക മൂന്നു വിക്കറ്റിനു 55 റണ്‍സില്‍ നില്‍ക്കെ പത്താം ഓവറിലാണ് അക്ഷര്‍ ബൗള്‍ ചെയ്തത്. വിട്ടുകൊടുത്തത് വെറും രണ്ടു സിംഗിളുകള്‍ മാത്രം. ഇത്രയും നന്നായി ബൗള്‍ ചെയ്ത അദ്ദേഹം തീര്‍ച്ചയായും കൂടുതല്‍ ഓവറുകള്‍ അര്‍ഹിച്ചിരുന്നു. പക്ഷെ സൂര്യ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
ഇന്ത്യയുടെ സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തിയെയും രവി ബിഷ്‌നോയിയെയും നേരിടാന്‍ സൗത്താഫ്രിക്കന്‍ താരങ്ങള്‍ നന്നായി വിയര്‍ത്തിരുന്നു. കളിയില്‍ ആകെ വീണ ഏഴു വിക്കറ്റില്‍ ആറും ഇവരാണ് സ്വന്തമാക്കിയത്. എന്നിട്ടും ഇടംകൈയന്‍ സ്പിന്നറായ അക്ഷറിനെ സൂര്യ കൂടുതല്‍ ഉപയോഗിക്കാതിരുന്നത് വലിയ മണ്ടത്തരം തന്നെയാണെന്നതില്‍ സംശയമില്ല.

ആത്മവിശ്വാസം തകരും
സൂര്യകുമാര്‍ യാദവുള്‍പ്പെടുന്ന ടീം ഇന്ത്യയുടെ പുതിയ ടീം മാനേജ്‌മെന്റ് ഈ തരത്തില്‍ അക്ഷര്‍ പട്ടേലിനെതിരേയുള്ള അവഗണന തുടര്‍ന്നാല്‍ അതു താരത്തിന്റെ ആത്മവിശ്വാസം കൂടി തകര്‍ക്കുമെന്ന കാര്യമുറപ്പാണ്. കാരണം ബാറ്റിങായാലും ബൗളിങായാലും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബാറ്റിങിനൊപ്പം ബൗളിങിലും താരത്തെ ടീം പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.
നേരത്തേ ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലും അക്ഷര്‍ ഒതുക്കപ്പെട്ടിരുന്നു. പരമ്പരയിലെ മൂന്നു ടെസ്റ്റുകളിലും അദ്ദേഹത്തെ കളിപ്പിക്കാതെ പുറത്തിരുത്തുകയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ബൗളിങിലും അക്ഷറിനെ തുടരെ അവഗണിച്ചു കൊണ്ടിരിക്കുന്നത്.