കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഗംഭീരമായി തുടങ്ങിയിരിക്കുയാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് നേടിയെടുത്തത്. രോഹിത് ശര്‍മയും (56) ശുബ്മാന്‍ ഗില്ലും (58) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് അടിച്ചെടുത്തത്. ഷഹീന്‍ ഷാ അഫ്രീദിയെ സിക്‌സര്‍ പായിച്ച് തുടങ്ങിയ രോഹിത് പിന്നീട് നസീം ഷായോട് വിറച്ചെങ്കിലും ഷദാബ് ഖാനെയടക്കം തല്ലിപ്പറത്തി അര്‍ധ സെഞ്ച്വറി നേടുകയായിരുന്നു.
6 ഫോറും നാല് സിക്‌സുമാണ് രോഹിത് അടിച്ചെടുത്തത്. 114.28 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഹിറ്റ്മാന്റെ ബാറ്റിങ്. ഇതോടെ ചില വമ്പന്‍ റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഒരു ടീമിനെതിരേ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തിയിരിക്കുകയാണ്. പാകിസ്താനെതിരേ ഏഷ്യാ കപ്പില്‍ രോഹിത് നേടുന്ന ആറാമത്തെ അര്‍ധ സെഞ്ച്വറിയാണിത്.
ശ്രീലങ്കയ്‌ക്കെതിരേ അഞ്ച് അര്‍ധ സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യക്കെതിരേ അഞ്ച് അര്‍ധ സെഞ്ച്വറി നേടിയ കുമാര്‍ സംഗക്കാര, ബംഗ്ലാദേശിനെതിരേ അഞ്ച് അര്‍ധ സെഞ്ച്വറി നേടിയ സനത് ജയസൂര്യ എന്നിവരുടെയെല്ലാം റെക്കോഡാണ് രോഹിത് ശര്‍മ പഴങ്കഥയാക്കിയത്. നേപ്പാളിനെതിരേ തല്ലിത്തകര്‍ത്ത രോഹിത് അതേ ഫോം കരുത്തരായ പാക് ബൗളര്‍മാര്‍ക്കെതിരേയും കാട്ടി. ഷദാബ് ഖാനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് രോഹിത് പുറത്തായത്.
എന്നാല്‍ പുറത്താവുന്നതിന് മുമ്പുതന്നെ ചരിത്ര നേട്ടങ്ങള്‍ പേരിലാക്കാന്‍ രോഹിത്തിനായി. അര്‍ധ സെഞ്ച്വറിയില്‍ മറ്റൊരു റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്നവരില്‍ സച്ചിനൊപ്പമെത്താന്‍ ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. ഇത് 9ാം തവണയാണ് രോഹിത് അര്‍ധ സെഞ്ച്വറി നേടുന്നത്. സച്ചിന്റെ പേരിലും ഒമ്പത് അര്‍ധ സെഞ്ച്വറികളാണുള്ളത്.

12 അര്‍ധ സെഞ്ച്വറികളുമായി കുമാര്‍ സംഗക്കാരയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ടാം സ്ഥാനത്ത് സച്ചിനും രോഹിത്തിനുമൊപ്പം സനത് ജയസൂര്യയുമുണ്ട്. നവജോത് സിങ് സിദ്ദു, മര്‍വന്‍ അട്ടപ്പട്ടു, അര്‍ജുന്‍ രണതുംഗ, മഹേല ജയവര്‍ധന എന്നിവര്‍ ഏഴ് വീതം അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള അവസരം രോഹിത് ശര്‍മക്ക് മുന്നിലുണ്ട്.
തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് രോഹിത്തിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഷദാബ് ഖാന്റെ ഒരോവറില്‍ത്തന്നെ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും പായിച്ച് ആധിപത്യം കാട്ടാന്‍ രോഹിത്തിനായി. ഷഹീനെ തുടക്കം മുതലേ ഇന്ത്യ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ മുന്നേറിയ രോഹിത് 100പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ 10ാം സ്ഥാനത്തേക്കെത്തി.
ഇത് 37ാം തവണയാണ് 100ന് മുകളില്‍ ശരാശരിയില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടുന്നത്. 56 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. എബി ഡിവില്ലിയേഴ്‌സ് (54), ആദം ഗില്‍ക്രിസ്റ്റ് (49), വിരാട് കോലി (47), സനത് ജയസൂര്യ (47), ഷാഹിദ് അഫ്രീദി (41), വീരേന്ദര്‍ സെവാഗ് (39), എംഎസ് ധോണി (39) എന്നിവരാണ് ഈ നേട്ടത്തില്‍ രോഹിത്തിന് മുന്നിലുള്ളത്.
പ്ലെയിങ് ഇലവന്‍ - ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.