ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ സഞ്ജു സാംസണിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് അടുത്ത സുഹൃത്തും ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറുമായ യുസ്വേന്ദ്ര ചഹല്‍. തുടര്‍ച്ചായി നാലു ടി20കളിലാണ് മലയാളി സൂപ്പര്‍ താരം ബാറ്റിങില്‍ നിരാശപ്പെടുത്തിയത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ചഹലിന്റെ അഭിപ്രായം.
നാലു മല്‍സങ്ങളില്‍ വെറും 40 റണ്‍സ് മാത്രമാണ് കിവികളുമായുള്ള പരമ്പരയില്‍ സഞ്ജുവിന്റെ സമ്പാദ്യം. ഒരു ഗോള്‍ഡന്‍ ഡെക്കും ഇതിലുള്‍പ്പെടും. നേരത്തേ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയാണ് അദ്ദേഹത്തെ ഓപ്പണിങിലേക്കു തിരികെ കൊണ്ടുവന്നത്. പക്ഷെ ഈ തീരുമാനം തെറ്റായിപ്പോയെന്നാണ് സഞ്ജുവിന്റെ ദയനീയ പ്രകടനം കാണിക്കുന്നത്.

സഞ്ജുവിനെതിരേ ചഹല്‍
ജിയോസ്റ്റാറുമായി സംസാരിക്കവെയാണ് ന്യൂസിലാന്‍ഡുമായുള്ള ദയനീയ പ്രകടനത്തിന് സഞ്ജു സാംസണിനെ യുസ്വേന്ദ്ര ചഹല്‍ രൂക്ഷമായി വിമര്‍ശിച്ചത്. വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്നയാളാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ മധ്യനിര ബാറ്ററായാണ് അദ്ദേഹം തുടങ്ങയത്. പിന്നീട് ഓപ്പണിങിലേക്കും മാറി.
10-12 വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടും ഇപ്പോഴും സമ്മര്‍ദ്ദമാണെന്നു ഒഴികഴിവ് പറയാന്‍ സാധിക്കില്ല. ന്യൂസിലാന്‍ഡുമായുള്ള ഈ ടി20 പരമ്പരയില്‍ സഞ്ജുവിനു നാലു അവസരങ്ങള്‍ ലഭിച്ചു. ഒന്നോ, രണ്ടോ കളിയിലെ ബാറ്റിങ് പരാജയങ്ങള്‍ എനിക്കു മനസ്സിലാവും. പക്ഷെ മൂന്ന്- നാല് മല്‍സരങ്ങളിലേത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.
തന്റെ ബാക്കപ്പായി ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നു സഞ്ജുവിനറിയാം. മൂന്നാം നമ്പറില്‍ അവന്‍ ടീമിനായി നല്ല പ്രകടനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമാവാന്‍ കാത്തിരിക്കുകയാണ്. സഞ്ജുവിനു ഇനി സ്വയം കുറ്റപ്പെടുത്താനേ സാധിക്കുകയുള്ളൂ. നാലു അവസരങ്ങള്‍ ലഭിച്ചിട്ടും അദ്ദേഹത്തിനു അതു നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിഞ്ഞില്ലെന്നും ചഹല്‍ വിമര്‍ശിക്കുന്നു.
ഐപിഎല്ലില്‍ നേരത്തേ 2021 മുതല്‍ 2023വരെ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ക്യാപ്
റ്റന്‍സിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരമാണ് ചഹല്‍. താന്‍ ഇതുവരെ കളിച്ചിടിട്ടുള്ള ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മിടുക്കന്‍ സഞ്ജുവാണെന്നും സ്റ്റാര്‍ പിന്നീട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
സഞ്ജുവിന്റെ ഭാവിയെന്ത്?
ശനിയാഴ്ച സ്വന്തം നാടായ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡുമായൂള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ സഞ്ജു സാംസണിന് കളിക്കാന്‍ അവസരം ലഭിക്കുമോയെന്നത് ഇനിയും ഉറപ്പില്ല. ഇതേ കുറിച്ചും യുസ്വേന്ദ്ര ചഹല്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ടി20കളില്‍ നിരാശപ്പെടുത്തിയെങ്കിലും അതിനെ കുറിച്ചോര്‍ത്ത് കൂടുതലായി വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ടി20 ലോകകപ്പ് ഇനിയും അകലെയാണ്. ന്യൂസിലാന്‍ഡുമായി ഒരു ടി20 മല്‍സരം കൂടി ബാക്കി നില്‍ക്കുകയാണ്. ഇതില്‍ സഞ്ജു സാംസണ്‍ കളിക്കുമോ, ഇല്ലയോ എന്നത് ടീം മാനേജ്‌മെന്റിന്റെ തീരുമാനം ആശ്രയിച്ചിരിക്കും.
ഓപ്പണറെന്ന നിലയില്‍ സഞ്ജു ബുദ്ധിട്ടുകയും ഇഷാന്‍ നല്ല പ്രകടനമാണ് നടത്തുന്നതെന്ന് അവര്‍ക്കു തോന്നുകയും ചെയ്താല്‍ ശരിയായ കോളെടുക്കുക തന്നെ ചെയ്യും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സഞ്ജു പുറത്തിരിക്കുകയും ഇഷാന്‍ കീപ്പറുടെയും ഓപ്പണറുടെയും റോളില്‍ ടീമിലുണ്ടാവുമെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.