ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക് ഇന്ത്യന്‍ ടീമിനെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. രണ്ടാംദിനം അവസാനത്തെ സെഷനില്‍ വിക്കറ്റ് കീപ്പിങിനിടെയാണ് റിഷഭിന്റെ കാല്‍മുട്ടിനു പരിക്കറ്റത്. തുടര്‍ന്നു അദ്ദേഹം മുടന്തി ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ റിഷഭിന്റെ സേവനം ഇന്ത്യക്കു ലഭിക്കുമോയെന്ന കാര്യവും ഇതോടെ സംശയയത്തിലായിട്ടുണ്ട്.
അദ്ദേഹത്തിനു പകരം മലയാളി താരം സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു കഴിഞ്ഞെങ്കിലും ടെസ്റ്റില്‍ അരങ്ങേറ്റം കാത്തിരിക്കുകയാണ് താരം. വൈകാതെ തന്നെ ഇതു സംഭവിച്ചേക്കുമെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ടീ റിസ്‌കെടുക്കില്ല
റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത താരമാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയക്കെതിരേയുള്ള കടുപ്പമേറിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വരാനിരിക്കവെ റിഷഭിന്റെ സേവനം എല്ലാ മല്‍സരങ്ങളും ഇന്ത്യക്കു ആവശ്യമാണ്. അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനം 2025 ജനുവരി വരെ നീളുന്നതാണ്.
ഈ പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് റിഷഭ്. ഓസ്‌ട്രേലിക്കെതിരേ ഈ ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള അദ്ദേഹത്തെ ഇലവനില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കില്ല. ഇതിനിടെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായി എത്തിയിരിക്കുന്നത്. നേരത്തേ കാറപകടത്തില്‍ പരിക്കേറ്റ അതേ കാലിനു തന്നെയാണ് റിഷഭിനു ഇപ്പോള്‍ വീണ്ടും പരിക്കേറ്റത്.
പരിക്ക് അത്ര നിസാരമല്ലെന്നാണ് സൂചനകള്‍. ഈ കാരണത്താല്‍ തന്നെയാണ് മൂന്നാംദിനത്തില്‍ അദ്ദേഹം വിക്കറ്റ് കീപ്പിങില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്നത്. ഇനി ബാറ്റിങിലും റിഷഭ് ഇറങ്ങുമോയെന്ന കാര്യമുറപ്പില്ല. പരമ്പരയിലെ അടുത്ത രണ്ടു ടെസ്റ്റുകളില്‍ കൂടി റിഷഭിനെ കളിപ്പിച്ച് പരിക്ക് കൂടുതല്‍ മോശമാക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീര്‍ച്ചയായും ആഗ്രഹിക്കില്ല. പകരം ഇനിയുള്ള ടെസ്റ്റുകളില്‍ വിശ്രമം നല്‍കി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി റിഷഭിനെ തയ്യാറാക്കി നിര്‍ത്താനായിരിക്കും ഇന്ത്യന്‍ ടീമിന്റെ പ്ലാന്‍.
റിഷഭിനു വിശ്രമം നല്‍കിയാല്‍ യുവതാരം ധ്രുവ് ജുറേലായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലെത്തുക. ബാക്കപ്പിന്റെ സ്ഥാനത്തിനായി കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരും മല്‍സരരംഗത്തുണ്ടെങ്കിലും നറുക്കുവീണേക്കുക സഞ്ജു സാംസണിനായിരിക്കും. കാരണം ഭരത് ബാറ്റിങില്‍ അത്ര മികച്ച ഫോമിലല്ല ഇപ്പോഴുള്ളത്. ഇഷാനാവട്ടെ ഇപ്പോള്‍ ടീം പ്ലാനുകളുടെ ഭാഗവുമല്ല. അപ്പോള്‍ പിന്നെ അടുത്ത ഓപ്ഷന്‍ സഞ്ജു മാത്രമാണ്.
പ്രതീക്ഷയോടെ സഞ്ജു
സഞ്ജു സാംസണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറാന്‍ കാത്തിരിക്കുകയാണ്. താരത്തിനു പ്രതീക്ഷ നല്‍കുന്ന ചില സൂചനകള്‍ ടീം മാനേജ്‌മെന്റ് അടുത്തിടെ നല്‍കുകയും ചെയ്തിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കു പരിഗണനയിലാണെന്നും രഞ്ജി ട്രോഫിയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നുമാണ് നിലവിലെ ടീം മാനേജ്‌മെന്റ് അദ്ദേഹത്തോടു ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേ തുടര്‍ന്നു രഞ്ജിയില്‍ കര്‍ണാടകയുമായുള്ള രണ്ടാംറൗണ്ട് മല്‍സരത്തില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ഈ മല്‍സരത്തില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്താനായാല്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് സാധ്യതകള്‍ കൂടുതല്‍ സജീവമാവുകയും ചെയ്യും.
ദുലീപ് ട്രോഫിയാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സഞ്ജു അവസാനമായി കളിച്ച ടൂര്‍ണമെന്റ. അവസാന കളിയില്‍ ഇന്ത്യ ഡി ടീമിനായി തകര്‍പ്പന്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചുരുന്നു. 106 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. രണ്ടാമിന്നിങ്‌സില്‍ 45 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
ഇതു മാത്രമല്ല ഏറ്റവും അവസാനമായി കളിച്ച ടി20ിയിലും തീപ്പൊരി സെഞ്ച്വറിയാണ് സഞ്ജു നേടിയത്. ബംഗ്ലാദേശിനെതിരേ 47 ബോളില്‍ 111 റണ്‍സ് അടിച്ചെടുക്കാന്‍ മലയാളി താരത്തിനായിരുന്നു.