ബെംഗളൂരു; ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാക്ക്ഫൂട്ടിലായിരിക്കുന്ന ഇന്ത്യന്‍ ടീമിനു ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോയെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ബെംഗളൂരു ടെസ്റ്റില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 134 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാംദിനത്തിലെ കളി ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായി മാറുകയും ചെയ്തിരിക്കുകയാണ്.
ഒന്നാമിന്നിങ്‌സില്‍ ബാറ്റിങ് നിര വന്‍ ദുരന്തമായി മാറിയതാണ് ടെസ്റ്റില്‍ ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയിരിക്കുന്നത്. റിഷഭ് പന്ത് (20), യശസ്വി ജയ്‌സ്വാള്‍ (13) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ല. ഇന്ത്യയുടെ അഞ്ചു ബാറ്റര്‍മാരാണ് കളിയില്‍ പൂജ്യത്തിനു പുറത്തായത്. കളേഴ്‌സ് സിനെപ്ലെക്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യതകളെക്കുറിച്ച് ചോപ്ര സംസാരിച്ചത്.

2001ല്‍ സംഭവിച്ചത് മറന്നോ?
2001ല്‍ ഓസ്‌ട്രേലിയക്കെതിരേ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ 200ലധികം റണ്‍സിന്റെ ലീഡ് വഴങ്ങിയിട്ടും ശക്തമായി തിരിച്ചുവന്ന് ഇന്ത്യ ജയിച്ചു കയറിയത് മറക്കരുതെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. 2001ല്‍ അതു സംഭവിച്ചപ്പോള്‍ ഇങ്ങനെയൊരു തിരിച്ചുവരവ് സാധ്യമാണെന്നു അവസാനം വരെ ആരും പ്രതീക്ഷിച്ചതല്ല. കാണ്‍പൂരില്‍ എന്താണ് സംഭവിച്ചത്? അവിടെയും നമ്മളുടെ തിരിച്ചുവരവ് സംഭവിക്കുമെന്നു ആരും പ്രതീക്ഷിച്ചില്ല,
ബെംഗളൂരുവിലെ ഈ ടെസ്റ്റിലും പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ സ്വപ്‌നമൊന്നും കാണുന്നില്ല. പക്ഷെ തിരിച്ചുവരവ് സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. 46 റണ്‍സിനും ഇന്ത്യ പുറത്തായത് കഴിഞ്ഞ കാര്യമാണ്. വിക്കറ്റ് ഇനി നല്ലതായിരിക്കും. 10 വിക്കറ്റുകളെടുത്ത എതിര്‍ ടീം ബൗളര്‍മാര്‍ ഇനി നിങ്ങളെ കുഴപ്പത്തിലാക്കില്ല. അതു കഴിഞ്ഞ കാര്യമാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
എട്ടാം നമ്പര്‍ വരെ ആറു സെഞ്ച്വറികളടിച്ചു
ന്യൂസിലാന്‍ഡിനു വേണ്ടി രണ്ടാമിന്നിങ്‌സില്‍ ബൗള്‍ ചെയ്യാന്‍ പോവുന്ന സ്പിന്നര്‍മാര്‍ രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, അജാസ് പട്ടേല്‍ എന്നിവരായിരിക്കും. ഇന്ത്യന്‍ താരങ്ങള്‍ സ്വയം പിന്തുണയ്‌ക്കേണ്ടതു ആവശ്യമാണ്. ടെസ്റ്റില്‍ നിങ്ങളുടെ എട്ടാം നമ്പറിലുള്ള ബാറ്റര്‍ പോലും ആറു സെഞ്ച്വറികളടിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ നിങ്ങള്‍ ആ തരത്തില്‍ കളിക്കുകയാണെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ 400-450 റണ്‍സെങ്കിലും ടീമിനു സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ക്കു അവിടേക്കു എത്തണമെങ്കില്‍ ആദ്യം ന്യൂസിലാന്‍ഡിനെ തടയണം. കാരണം ഡിക്ലയര്‍ ചെയ്യാനുള്ള ഒരു സാഹചര്യത്തിലേക്കു അവര്‍ എത്തുകയാണെങ്കില്‍ ഇന്ത്യ തോല്‍ക്കുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ആര്‍ അശ്വിന്‍ ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. എന്നാല്‍ ടെസ്റ്റില്‍ ആറു സെഞ്ച്വറികള്‍ കുറിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഏറ്റവും അവസാനമായി ബംഗ്ലാദേശിനെതിരേയുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സുമായി അശ്വിന്‍ കസറിയിരുന്നു.

അച്ചടക്കം പാലിക്കണം
മൂന്നാംദിനത്തിലെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നും അച്ചടക്കോടെ ബൗള്‍ ചെയ്യേണ്ടത് പ്രധാനമാണെന്നും ചോപ്ര ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ അച്ചടക്കത്തോടെ പന്തെറിയേണ്ടത് ആവശ്യമാണ്. കാരണം ഒരുപാട് റണ്‍സ് അവര്‍ ഇതിനകം നേടിക്കഴിഞ്ഞു. അതിനാല്‍ അവര്‍ക്കു എളുപ്പത്തില്‍ റണ്‍സ് നല്‍കില്ലെന്നു ഇന്ത്യ ഉറപ്പ് വരുത്തണം.
ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് നോക്കിയാല്‍ ഒരു കാര്യം കാണാന്‍ സാധിക്കും. സ്പിന്നര്‍മാരെ നേരിടുമ്പോഴെല്ലാം അവര്‍ റണ്‍സെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. റിവേഴ്‌സ് സ്വീപ്പിലൂടെയും സ്വീപ്പിലൂടെയും കട്ട് ഷോട്ടിലൂടെയുമെല്ലാം അവര്‍ റണ്‍സ് കണ്ടെത്തുകയും ചെയ്യുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.