For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഈ ഇതിഹാസങ്ങള്‍ ഇനി ഒന്നിച്ചില്ല, മുംബൈയിലേത് അവസാനത്തേത്! റിപ്പോര്‍ട്ട് ഇങ്ങനെ

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ മുംബൈയില്‍ ആരംഭിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ മൂന്ന് മത്സര പരമ്പര ഇതിനോടകം കൈവിട്ട് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മൂന്നാം മത്സരം അഭിമാന പ്രശ്‌നമാണ്. നാട്ടില്‍ വൈറ്റ് വാഷ് നേരിടാതിരിക്കാന്‍ അവസാന മത്സരം ഇന്ത്യക്ക് എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. അതിനായുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ താരങ്ങളുള്ളത്.

ഇന്ത്യയിലെ പല സൂപ്പര്‍ താരങ്ങളും വഴിമാറിക്കൊടുക്കേണ്ട അവസ്ഥയാണുള്ളത്. പലരുടേയും ഫോം വളരെയധികം നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരൊന്നും തട്ടകത്തില്‍ പ്രതീക്ഷിച്ച നിലവാരത്തിനൊത്ത പ്രകടനമല്ല കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ മുംബൈ വേദിയാകുന്ന മൂന്നാം ടെസ്റ്റ് ഇവര്‍ ഒന്നിച്ച് കളിക്കുന്ന അവസാനത്തെ മത്സരമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ത്യയുടെ ഹോം ടെസ്റ്റ് 2025 ഒക്ടോബറില്‍

ഇന്ത്യയുടെ അടുത്ത ഹോം ടെസ്റ്റ് പരമ്പര വരുന്നത് 2025 ഒക്ടോബറിലാണ്. വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളെ പ്രായവും ഫിറ്റ്‌നസും തളര്‍ത്തുന്നുണ്ട്. അശ്വിന് 38, രോഹിത്തിന് 37, വിരാട് കോലിക്ക് 36, ജഡേജക്ക് 36 എന്നിങ്ങനെയാണ് പ്രായം. ഇവരുടെ സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തും. വലിയ ടീമുകള്‍ക്കെതിരേ മികവ് കാട്ടാന്‍ ഇവര്‍ക്ക് സാധിക്കാതെ പോകുന്നു. വിരാട് കോലി സ്പിന്നിനും പേസിനുമെതിരേ ഒരുപോലെ പതറുന്നു.

പഴയ സാങ്കേതിക മികവും കോലിക്കില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ കോലിക്ക് പകരക്കാരനെ തേടുകയാണ്. അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം വളര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോലി അടുത്ത ടെസ്റ്റ് പരമ്പര നാട്ടില്‍ കളിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയം. രോഹിത് ശര്‍മയും അടുത്ത ടെസ്റ്റ് പരമ്പര നാട്ടില്‍ കളിക്കാന്‍ സാധ്യതയില്ല. അവസാന എട്ട് ഇന്നിങ്‌സില്‍ ഏഴിലും രോഹിത് ഒറ്റ സംഖ്യയിലാണ് പുറത്തായത്.

പുതിയ ടെസ്റ്റ് നായകനേയും ഓപ്പണറേയും ഇന്ത്യ ആലോചിച്ചേക്കും. രോഹിത്തിന്റെ നിലവിലെ പ്രകടനം നോക്കുമ്പോള്‍ അടുത്ത നാട്ടിലെ ടെസ്റ്റ് പരമ്പരവരെ ടീമില്‍ തുടരുക പ്രയാസമായിരിക്കും. അതുകൊണ്ടുത്തന്നെ രോഹിത്തും ടീമിന് പുറത്താകാനാണ് സാധ്യത.

rohit sharma

ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ഉറപ്പ്

12 വര്‍ഷത്തിന് ശേഷം ഇന്ത്യ നാട്ടില്‍ പരമ്പര തോറ്റതോടെ ടീമില്‍ അഴിച്ചുപണിക്കുള്ള സാധ്യത കൂടുതലാണെന്ന് പറയാം. 2012ല്‍ ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം ഇന്ത്യ 55 മത്സരങ്ങളാണ് നാട്ടില്‍ കളിച്ചത്. ഇതില്‍ 42 മത്സരം ജയിച്ചപ്പോള്‍ ആറ് മത്സരം മാത്രമാണ് തോറ്റത്. രോഹിത്തിന് കീഴില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളാണ് നാട്ടില്‍ തോറ്റത്. ആര്‍ അശ്വിന് പകരം വാഷിങ്ടണ്‍ സുന്ദറേയും രവീന്ദ്ര ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനേയും വളര്‍ത്താനാണ് ഇന്ത്യയുടെ പദ്ധതി.

അതുകൊണ്ടുതന്നെ വലിയ അഴിച്ചുപണികള്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ ഉണ്ടായേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് ഗൗതം ഗംഭീര്‍ എത്തിയ ശേഷമാണ് ഇത്തരത്തില്‍ തകര്‍ച്ച നേരിട്ടത്. ഓസ്‌ട്രേലിയയിലും ഇന്ത്യക്ക് വലിയ നാണക്കേട് നേരിടേണ്ടി വന്നാല്‍ ഗൗതം ഗംഭീറിന്റെ പകരക്കാരനേയും ഇന്ത്യ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. സമീപകാലത്തെ ടെസ്റ്റിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം വലിയ ചര്‍ച്ചയായിട്ടുണ്ടെന്ന് തന്നെ പറയാം.

ഇതിഹാസ കൂട്ടുകെട്ട് ടീമിന് ബാധ്യതയാകുന്നോ?

കോലി, രോഹിത്, അശ്വിന്‍, ജഡേജ എന്നിവര്‍ ഒന്നിച്ച് കളിച്ചിരുന്ന സമയം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നല്ല കാലമായിരുന്നുവെന്ന് പറയാം. 22 മത്സരം ഒന്നിച്ച് കളിച്ചപ്പോള്‍ 17 മത്സരവും ജയിച്ചു. മൂന്ന് മത്സരം തോറ്റപ്പോള്‍ രണ്ട് മത്സരം സമനിലയായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ച് മത്സരം ഒന്നിച്ച് കളിച്ചപ്പോള്‍ അഞ്ചിലും ജയിച്ചു. ന്യൂസീലന്‍ഡിനെ അഞ്ച് മത്സരത്തില്‍ ഒന്നിച്ച് നേരിട്ട് മൂന്ന് ജയവും രണ്ട് തോല്‍വിയും നേരിട്ടു.

ഓസ്‌ട്രേലിയക്കെതിരേ നാല് മത്സരം ഒന്നിച്ച് കളിച്ചപ്പോള്‍ രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയും വഴങ്ങി. ശ്രീലങ്കയ്‌ക്കെതിരേ നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ബംഗ്ലാദേശിനെതിരേ നാലില്‍ നാല് മത്സരവും ജയിച്ചു. എന്നാല്‍ ഇപ്പോള്‍ ഫോം തളര്‍ത്തുന്നതില്‍ അഴിച്ചുപണിക്ക് ഇന്ത്യ നിര്‍ബന്ധിതനായിരിക്കുകയാണ്.

Story first published: Thursday, October 31, 2024, 13:12 [IST]
Other articles published on Oct 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+