പൂനെ: ന്യൂസിലാന്‍ഡുമായുള്ള ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. കാരണം ഇതിനകം തന്നെ മൂന്നു മാച്ച് വിന്നര്‍മാരായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. വെറ്ററന്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെക്കൂടാതെ അക്ഷര്‍ പട്ടേലും ടീമിന്റെ ഭാഗമാണ്. എന്നിട്ടും വാഷിങ്ടണിനെ കൂടി എന്തിനാണ് ടീമിലേക്കു കൊണ്ടു വന്നതെന്നായിരുന്നു പലരുടെയും സംശയം.
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ പ്ലാനാണ് ഇതിനു പിന്നിലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനായി കളിക്കുന്ന വാഷിങ്ടണിനു ഇന്ത്യന്‍ ടീമിലേക്കു സര്‍പ്രൈസ് കോള്‍ വരാനുള്ള പ്രധാന കാരണം. ബെംഗളൂരുവിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനാണ് കിവികള്‍ ഇന്ത്യയെ സ്തബ്ധരാക്കിയത്. ഇതോടെ പൂനെയില്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന അടുത്ത മല്‍സരം ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറുകയും ചെയ്തിരിക്കുകയാണ്.

വാഷിങ്ടണിന്റെ വരവ്
ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയതായി ഞായറാഴ്ചയാണ് വാര്‍ത്താക്കുറിപ്പിലൂടെ ബിസിസിഐ അറിയിച്ചത്. ഇതിനു പിന്നിലെ കാരണമെന്താണെന്നു ഇതില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടില്ല. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യന്‍ എക്‌സ്പ്രസാണ്.
ആദ്യത്തെ കാരണം ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ആദ്യ ഇന്നിങ്‌സിലെ പരിതാപകരമായ പ്രകടനമാണ്. ബെംഗളൂരു ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 46 റണ്‍സിനു ഓള്‍ഔട്ടായി എല്ലാവരെയും സ്തബ്ധരാക്കുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടലും കൂടിയായിരുന്നു ഇത്.
പരിക്കു കാരണം മൂന്നാം നമ്പറില്‍ യുവതാരം ശുഭ്മന്‍ ഗില്‍ ഈ മല്‍സരം കളിച്ചിരുന്നില്ല. റിഷഭ് പന്തിനു ഈ ടെസ്റ്റിനിടെ പരിക്കുമേറ്റിരുന്നു. ബാറ്റിങിലെ ഈ ആശങ്കകള്‍ കാരണമാണ് വാഷിങ്ടണിനെ ഇപ്പോള്‍ ടീമിലേക്കു ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്.
കാരണം ഇനിയുമുണ്ട്
ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലെ ആശങ്കകള്‍ കൊണ്ടു മാത്രമല്ല വാഷിങ്ടണ്‍ സുന്ദറിനെ ശേഷിച്ച ടെസ്റ്റുകളില്‍ ടീമിലേക്കു വിളിച്ചിരിക്കുന്നത്. അതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. വാഷിങ്ടണ്‍ ടീമില്‍ വേണമെന്നു ബിസിസിഐയോടു ആവശ്യപ്പെട്ടത് ഗൗതം ഗംഭീറുള്‍പ്പെടുന്ന ടീം മാനേജ്‌മെന്റ് തന്നെയാണ്. ബാറ്റിങില്‍ ആശ്രയിക്കാവുന്ന ഫിംഗര്‍ സ്പിന്‍ ഓപ്ഷന്‍ കൂടിയാണ് വാഷിങ്ടണ്‍.
രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുന്ന പൂനെയിലെ പിച്ചില്‍ ഇത്തരമൊരു താരത്തിന്റെ സാന്നിധ്യം തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടായി മാറുമെന്നു അവര്‍ കണക്കുകൂട്ടുകയും ചെയ്തു. അതുകൊണ്ടു തന്നെ വാഷിങ്ടണ്‍ ഉറപ്പായും ടീമില്‍ വേണമെന്നു ബിസിസിഐയെ ഗംഭീര്‍ ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

2021നു ശേഷം കളിച്ചിട്ടില്ല
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ സമീപകാലത്തൊന്നും കളിച്ചിട്ടില്ല. 2021നു ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴിലാണ് വാഷിങ്ടണ്‍ ഈ ഫോര്‍മാറ്റില്‍ അരങ്ങേറിയത്. രോഹിത് ശര്‍മ നായകനായതിനു ശേഷം ഒരു ടെസ്റ്റില്‍ പോലും താരം കളിക്കുകയും ചെയ്തിട്ടില്ല.
വെറും നാലു ടെസ്റ്റുകളില്‍ മാത്രമേ വാഷിങ്ടണ്‍ ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 265 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം ആറു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് പരമാവധി ഓള്‍റൗണ്ടര്‍മാരെ തയ്യാറാക്കി നിര്‍ത്താനാണ് ഗംഭീറിന്റെ പ്ലാനെന്നു വാഷിങ്ടണിന്റെ തിരിച്ചുവരവില്‍ നിന്നും വളരെ വ്യക്തമാണ്.