റായ്പൂര്‍: ഐസിസി ടി20 ലോകകപ്പ് കൈയെത്തുംദൂരത്ത് നില്‍ക്കവെ ഇന്ത്യന്‍ കുപ്പായത്തി ല്‍ തുടരെ രണ്ടാമത്തെ കളിയിലും ഫ്‌ളോപ്പായിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (SANJU SAMSON). ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത രണ്ടാമങ്കത്തില്‍ വെറും അഞ്ചു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളു. ഒരു സിക്‌സറടക്കം നേടാനായത് ആറു റണ്‍സ് മാത്രം.
നേരത്തേ നാഗ്പൂരിലെ ആദ്യ ടി20യിലും സഞ്ജു നിറം മങ്ങിയിരുന്നു. അന്നു ഏഴു ബോളില്‍ രണ്ടു ഫോറടക്കം 10 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തുള്ളൂ. ബാറ്റിങില്‍ തുടരെയുള്ള ഈ ഫ്‌ളോപ്പ് ഷോ സഞ്ജുവിനു വലിയ തിരിച്ചടിയായേക്കും. കാരണം ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ കഴിഞ്ഞ കളിയില്‍ ടീമിന്റെ ഹീറോയായിരുന്നു.

വെറും 32 ബോളില്‍ 76 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇഷാന്റെ ഈ ഫോം സഞ്ജു ഭയക്കുക തന്നെ വേണം. ലോകകപ്പില്‍ അദ്ദേഹത്തെ പിന്തള്ളി ഇഷാന്‍ ഓപ്പണറും കീപ്പറുമായാലും അദ്ഭുതപ്പെടാനില്ല.
സഞ്ജുവിന്റെ ഇപ്പോഴത്തെ മോശം ഫോമിനു ചിലര്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയടക്കം പഴിക്കുന്നുണ്ട്. കാരണം ഈ പരമ്പരയ്ക്കു മുമ്പ് അദ്ദേഹം യുവിക്കു കീഴില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.
സഞ്ജു കാരണം ടീമില്‍ സ്ഥാനം നഷ്ടമായ മുന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നേരത്തേ തന്നെ യുവിയുടെ ശിഷ്യനാണ്. അതുകൊണ്ടു തന്നെ ഗില്ലിനു വേണ്ടി സഞ്ജുവിനു യുവി പണി കൊടുത്തതാണോയെന്നും പലരും സോഷ്യല്‍ മീഡിയയില്‍ സംശയവും പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ മലയാളി ഓപ്പണറുടെ ഫ്‌ളോപ്പ് ഷോയ്ക്ക് യഥാര്‍ഥ കാരണം ഇതൊന്നുമല്ല. അതു എന്താണെന്നു നോക്കാം.
സഞ്ജുവിന്റെ പിഴവെന്ത്?
കരിയറിലെ മോശം സമയത്ത് ആവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു പിഴവ് വീണ്ടും ചെയ്തു കൊണ്ടിരിക്കുന്നുവെന്നതാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍ നിറം മങ്ങാനുള്ള പ്രധാന കാരണം. അന്നു അദ്ദേഹം ചെയ്തു കൊണ്ടിരുന്ന പ്രധാന അബദ്ധം പിച്ചും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു മുമ്പ് തന്നെ ആഞ്ഞടിക്കാന്‍ ശ്രമിക്കുകയെന്നതായിരുന്നു.
ഇതു കാരണം സഞ്ജുവിനു വലിയ തിരിച്ചടികളും നേരിട്ടു കൊണ്ടിരുന്നു. സ്ഥിരതയില്ലാത്തവനെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നുമെല്ലാം അദ്ദേഹത്തിനു ചീത്തപ്പേര് വീണതും അതോടെയാണ്. ഈ അമിത റിസ്‌ക്കുള്ള ബാറ്റിങ് സമീപനം സഞ്ജുവിനു ഒട്ടും യോജിച്ചതല്ല. പിന്നീട് ഈ ശൈലിയില്‍ മാറ്റം വരുത്തിയതോടെയാണ് അദ്ദേഹത്തിന്റെ സമയവും തെളിഞ്ഞത്.

ക്രീസിലെത്തിയ ഉടന്‍ തന്നെ ആഞ്ഞടിക്കാതെ അല്‍പ്പസമയം അവിടെ ചെലവഴിച്ച് സാഹചര്യവുമായി പൊരുത്തപ്പെട്ട ശേഷം പതിയെ ബാറ്റിങിലെ ഗിയര്‍ മാറ്റുകയെന്നതായിരുന്നു ആ തന്ത്രം. ഇതു വലിയ വിജയവായി തീര്‍ന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും ഈ ശൈലി സഞ്ജുവിനു ഗുണം ചെയ്തു.
ആദ്യത്തെ 8-10 ബോളുകള്‍ സിംഗിളെടുത്ത് ശ്രദ്ധയോടെ കളിച്ച ശേഷം പതിയെ സ്‌കോറിങിനു വേഗം കൂട്ടിയുള്ള ഈ ശൈലി മാറ്റിയതാണ് അദ്ദേഹത്തിനു ഇപ്പോള്‍ വിനയാവുന്നത്. ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തി എതിര്‍ ടീം ബൗളറെ സമ്മര്‍ദ്ദത്തിലാക്കുകയെന്നത് അഭിഷേക് ശര്‍മയുടെ ശൈലിയാണ്. അദ്ദേഹം ഇതില്‍ വിജയിക്കുകയും ചെയ്യുന്നു.
പക്ഷെ ഇതു കോപ്പിയടിക്കാന്‍ ശ്രമിച്ചാണ് സഞ്ജു ഇപ്പോള്‍ ദുരന്തമാവുന്നത്. കഴിഞ്ഞ കളിയില്‍ രണ്ടാമത്തെ ബോളില്‍ തന്നെയാണ് അദ്ദേഹം സിക്‌സറടിച്ചത്. ഡെവന്‍ കോണ്‍വേ ക്യാച്ചെടുത്തിരുന്നെങ്കില്‍ സഞ്ജു ഡെക്കായും മടങ്ങിയേനെ.
അതുകൊണ്ടു തന്നെ ഈ ശൈലി അദ്ദേഹം ഉടന്‍ മാറ്റിയേ തീരൂ. തുടക്കം മുതല്‍ ആഞ്ഞടിക്കാന്‍ അഭിഷേകുള്ളപ്പോള്‍ സഞ്ജുവും ഇതു തന്നെ ചെയ്യേണ്ട കാര്യമില്ല. പകരം നേരത്തേ പരീക്ഷിച്ച് വിജയിച്ച തന്റെ ബാറ്റിങ് ശൈലിയിലേക്കു അദ്ദേഹം ഉടന്‍ തിരികെ പോയേ തീരൂ. ഇല്ലെങ്കില്‍ ലോകകപ്പില്‍ അവസരമില്ലാതെ സഞ്ജുവിനു ബെഞ്ചില്‍ ഇരിക്കേണ്ടിയും വരും.