പൂനെ: ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോം ടീം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ഒമ്പതു ബോള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെ മുട്ടിടിച്ച ഇന്ത്യന്‍ നായകനെ വെറ്ററന്‍ പേസര്‍ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കുകയിരുന്നു.
ഈ തരത്തില്‍ പുറത്താവുന്നത് രോഹിത് ഇപ്പോള്‍ ശീലമാക്കിയിരിക്കുകയാണെന്നു പറയേണ്ടി വരും. കാരണം ഇതേ ആംഗിളില്‍ വന്നിട്ടുള്ള ബോളുകളില്‍ നേരത്തേയും രോഹിത്തിന്റെ വിക്കറ്റുകള്‍ തെറിച്ചിട്ടുള്ളതായി കാണാം. ഒരേ തരത്തില്‍ അദ്ദേഹം ബൗള്‍ഡായി മടങ്ങുന്നത് തീര്‍ച്ചയായും ആശങ്കാജനകം തന്നെയാണ്. എന്തുകൊണ്ടാണ് രോഹിത് ഈ ദൗര്‍ബല്യം മറികടക്കാന്‍ ശ്രമിക്കാത്തതെന്നാണ് ചോദ്യം.

സൗത്തിക്കു വിക്കറ്റ്
ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നാമത്തെ ഓവറില്‍ തന്നെ രോഹിത് ശര്‍മ ബൗള്‍ഡായിരുന്നു. പരിചയസമ്പന്നനായ ടിം സൗത്തിക്കൊപ്പം യുവ പേസര്‍ വില്ല്യം ഒറൂക്കിയാണ് കിവികള്‍ക്കു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത്. രണ്ടു പേര്‍ക്കുമെതിരേ മുട്ടിടിക്കുന്ന രോഹിത്തിനെയാണ് ക്രീസില്‍ കണ്ടത്. സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ സാധിക്കാതെ അദ്ദേഹം ശരിക്കും ലോക്കാവുകയായിരുന്നു.
ഒടുവില്‍ മൂന്നാമത്തെ ഓവറിലെ അവസാനത്തെ ബോളില്‍ ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിക്കുകയും ചെയ്തു. മിഡില്‍, ഓഫ്സ്റ്റംപ് ലൈനില്‍ ഒരു ഗുഡ്‌ലെങ്ത് ബോളാണ് സൗത്തിയെറിഞ്ഞത്. രോഹിത് അതു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ടൈമിങ് ചെറുതായി പിഴച്ചു. ബാറ്റിനിടയിലൂടെ ബോള്‍ സ്റ്റംപുകളിലേക്കു തുളഞ്ഞു കയറുകയായിരുന്നു. ബാക്ക് പാഡില്‍ ഉരസിയാണ് വിക്കറ്റുകളിലേക്കു ബോള്‍ വന്നത്. ഇതോടെ രോഹിത് ഞെട്ടലോടെ മടങ്ങുകയും ചെയ്തു.
ആവര്‍ത്തിക്കുന്ന വീക്ക്‌നെസ്
രോഹിത് ശര്‍മയുടെ കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെയുള്ള ബാറ്റിങ് പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ഈ രീതിയില്‍ ബൗള്‍ഡാവുന്നത് തുടര്‍ക്കഥയാവുകയാണ്. മിഡില്‍- ഓഫ്സ്റ്റംപ് ഏരിയയില്‍ വരുന്ന ഗുഡ് ലെങ്ത്ത് ബോളുകളെ പലപ്പോഴും എങ്ങനെ നേരിടണമെന്നു പോലും അറിയാതെ അദ്ദേഹം വിക്കറ്റ് കൈവിടുന്നത് പതിവു കാഴ്ചയായി മാറുന്നത് ഇന്ത്യയെ അലട്ടുന്നുണ്ട്.
രോഹിത്ത് ഒരേ രീതിയിലുള്ള ബോളില്‍ ബൗള്‍ഡാവുന്ന വീഡിയോ കാണാം
എത്രയും വേഗത്തില്‍ ഈ വീക്ക്‌നെസ് മറികടക്കാനുള്ള ശ്രമങ്ങള്‍ രോഹിത് നടത്തിയേ തീരൂ. അതിനു സാധിക്കാതെ പോയാല്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറും വൈകാതെ അവസാനിപ്പിക്കേണ്ടി വരുമെന്ന കാര്യമുറപ്പാണ്.
വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. രോഹിത്തിന്റെ ഈ വീക്ക്‌നെസ് ഓസീസിന്റെ അപകടകാരികളായ പേസ് നിര തീര്‍ച്ചയായും മുതലാക്കാന്‍ ശ്രമിക്കുക തന്നെ ചെയ്യും. അങ്ങനെ വന്നാല്‍ പരമ്പരയില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
എന്തു ചെയ്യണം?
മിഡില്‍ സ്റ്റംപ്- ഓഫ്സ്റ്റംപ് ഏരിയയില്‍ വരുന്ന ഗുഡ് ലെങ്ത്ത് ബോളുകള്‍ നേരിടാന്‍ രോഹിത് ശര്‍മ എന്തു ചെയ്യണമെന്നതാണ് അടുത്ത പ്രധാനപ്പെട്ട ചോദ്യം. ഇതിനായി അദ്ദേഹം തീര്‍ച്ചയായും ബാറ്റിങ് ടെക്‌നിക്കില്‍ മാറ്റം വരുത്തിയേ തീരൂ. ഈ തരത്തിലുള്ള ബോളുകള്‍ അദ്ദേഹത്തിനു മിസ്സാവാനും അതു വഴി ബൗള്‍ഡാവാനുമുള്ള പ്രധാന കാരണം ടൈമിങ് പിഴയ്ക്കുന്നുവെന്നതാണ്.
ബോളിന്റെ ലൈനിലേക്കു കൃത്യസമയത്തു ബാറ്റ് കൊണ്ടുവരാന്‍ രോഹിത്തിനു സാധിക്കുന്നില്ല. ഇത്തരം ബോളുകള്‍ ഏതൊരു ബാറ്ററെയും സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. പക്ഷെ രോഹിത്തിനു ഈ പോരായ്മ പരിഹരിച്ചേ തീരൂ. ഫ്രണ്ട് ഫൂട്ടില്‍ ഈ തരത്തിലുള്ള ബോളുകളെ ഡിഫന്റ് ചെയ്യാന്‍ ശ്രമിക്കുന്നതു കാരണമാണ് അദ്ദേഹം ഒരേ രീതിയില്‍ വീണ്ടും വീണ്ടും ബൗള്‍ഡാവുന്നത്.
പ്രതിരോധിക്കുന്നതിനു പകരം ഈ ബോള്‍ ലെഗ് സൈഡിലേക്കു കളിച്ച് റണ്ണെടുക്കാനായിരിക്കണം രോഹിത് ശ്രമിക്കേണ്ടത്. ഇതിനായി ബോളിന്റെ ലൈനിലേക്കു കൃത്യമായി ആദ്യം വരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ താന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ ഹിറ്റ്മാന് സാധിക്കുകയുള്ളൂ. ഒരു പക്ഷെ പ്രായവും രോഹിത്തിന്റെ റിഫ്‌ളക്‌സുകളെ മോശമായി ബാധിച്ചിട്ടുണ്ടാവാം.