ഇന്ത്യന്‍ ടീമില്‍ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് നിരന്തരം അവസരങ്ങള്‍ ലഭിക്കുന്നതിനെതിരേ തുറന്നടിച്ചിരിക്കുകയാണ് മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്. ന്യൂസിലാന്‍ഡുമായി ഈ മാസം 11ന് തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ നിതീഷ് സംഘത്തിലുണ്ടായിരുന്നു.
ഐസിസി ടി20 ലോകകപ്പ് തൊട്ടരികെ എത്തി നില്‍ക്കുന്നിനാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പരമ്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഇതാണ് നിതീഷിനു ടീമിലേക്കു വഴി തുറക്കാനുള്ള പ്രധാന കാരണം.

പക്ഷെ ദേശീയ ടീമിനായി കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും നിതീഷിനു വീണ്ടും അവസരങ്ങള്‍ നല്‍കുന്നതില്‍ ബദ്രിനാഥ് ഒട്ടും ഹാപ്പിയല്ല. സ്വന്തം യൂട്യൂബ് ചാനലില്‍ ഏകദിന സ്‌ക്വാഡിനെ കുറിച്ച് വിശകലനം ചെയ്യവെയാണ് അദ്ദേഹം തുറന്നടിച്ചത്.
നിതീഷിനെ എന്തിനെടുത്തു?
ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവന്‍ എന്തിനാണ് ടീമിലെന്നു എനിക്കു യാതൊരു ഐഡിയയുമില്ല. നിതീഷ് ഓള്‍റൗണ്ടറാണെന്നാണ് അവര്‍ പറയുന്നത്. പക്ഷെ ബൗളിങില്‍ അവനു തലങ്ങും വിലങ്ങും അടി കിട്ടുകയാണ്.
റുതുരാജ് ഗെയ്ക്വാദിനെ ടീമിലെടുക്കാതിരുന്നത് വളരെ കടുപ്പമായി പോയി. എന്തുകൊണ്ടാണ് അവന്‍ ടീമിലില്ലാത്തത് ? എന്തു കാരണത്താലാണ് നിതീഷിനെ ഉള്‍പ്പെടുത്തിയത്? അവിടെ തീര്‍ച്ചയായും ചില സ്ഥിരതയില്ലായ്മയുണ്ട്.
ടീം സെലക്ഷനില്‍ ബാക്കിയുള്ളതെല്ലാം നമ്മള്‍ പ്രതീക്ഷിച്ചതാണ്, അവയെല്ലാം നല്ലതുമാണ്. റുതുരാജ് ഗെയ്ക്വാഡിനു പകരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ സെലക്ഷനില്‍ മാത്രമാണ് ആശങ്കയുള്ളതെന്നും ബദ്രിനാഥ് വ്യക്തമാക്കി.
22 കാരനായ നിതീഷ് ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം കളിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ വെറും രണ്ടു മല്‍സരങ്ങളിലാണ് താരം ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയത്. 27 ശരാശരിയില്‍ നേടിയത് 27 റണ്‍സുമാണ്. വെറും 31 ബോളുകള്‍ മാത്രതേ നിതീഷ് ബൗള്‍ ചെയ്തിട്ടുള്ളൂ. വിക്കറ്റില്ലാതെ 40 റണ്‍സും വിട്ടുകൊടുത്തു.
റുതുവിന്റെ അസാന്നിധ്യം
മികച്ച ഫോമില്‍ കളിക്കുന്നതിനൊപ്പം അവസാന ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ചിട്ടും റുതുരാജ് ഗെയ്ക്വാദിനെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയാണ് എസ് ബദ്രിനാഥിനുള്ളത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തെ ഈ തരത്തില്‍ അവഗണിക്കാന്‍ പാടില്ലെന്നും ബദ്രിനാഥ് ചൂണ്ടിക്കാട്ടി.

സൗത്താഫ്രിക്കയുമായുള്ള അവസാന ഏകദിന പരമ്പരയില്‍ റുതുരാജ് ഗെയ്ക്വാദിനെ അവര്‍ നാലാം നമ്പറില്‍ അയച്ചു. കാരണം മുന്‍നിരയില്‍ അവനു ബാറ്റ് ചെയ്യാനുള്ള ഒഴിവില്ലായിരുന്നു. സെഞ്ച്വറിയുമായണ് അതിനോടു റുതുരാജ് പ്രതികരിച്ചത്.
അതിനു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ ഓരോ അവസരം ലഭിക്കുമ്പോളും അവന്‍ റണ്‍സ് വാരിക്കൂട്ടുകയാണ്. കഴിഞ്ഞ ആറിന്നിങ്‌സുകളിര്‍ രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും റുതുരാജ് നേടുകയും ചെയ്തു.
ലിസ്റ്റ് എയിലെ ഓവറോള്‍ റെക്കോര്‍ഡെടുത്താല്‍ 57ന് മുകളില്‍ ശരാശരിയില്‍ 5000ത്തിലേറെ റണ്‍സും അടിച്ചെടുത്തു. ഇത്രയും മികച്ച റെക്കോര്‍ഡ് വേറെയാര്‍ക്കുമില്ലെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.