ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ടീമിനു ഏറ്റവും വിശ്വസിക്കാവുന്നയാളാണ് കെഎല്‍ രാഹുല്‍. ന്യൂസിലാന്‍ഡുമായി കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനവും അടിവരയിടുന്നത് ഇതാണ്. ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ തീര്‍ത്തും പതറിയ ടീമിനെ രക്ഷിച്ചത് അദ്ദേഹത്തിന്റെ അപരാജിത സെഞ്ച്വറിയാണ്.
അഞ്ചാമനായി ക്രീസിലെത്തിയ രാഹുല്‍ പുറത്താവാതെ അടിച്ചെടുത്തത് 112 റണ്‍സാണ്. ടീമിനെ 284 വരെയെത്തിച്ചതും ഇതു തന്നെ. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ തോറ്റതിനാല്‍ അദ്ദേഹത്തിന്റെ ഈ പ്രകടനത്തിന് വേണ്ടത്ര കൈയടി ലഭിച്ചില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ നേരത്തേയും പല മാച്ച് വിന്നിങ് പ്രകടനങ്ങളും രാഹുല്‍ നേരത്തേയും കാഴ്ചവച്ചിട്ടുണ്ട്.

മധ്യനിര ബാറ്ററെന്ന നിലയില്‍ വിശ്വസ്തനാണെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ അദേഹത്തെ അത്രത്തോളം വിശ്വസിക്കാന്‍ കഴിയില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇതു കാരണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു മുട്ടന്‍ പണിയും കിട്ടിയേക്കും. ഇതിന്റെ കാരണമെന്താണെന്ന് നോക്കാം.
രാഹുലിന്റെ കീപ്പിങ്
ഇന്ത്യന്‍ കുപ്പായത്തില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കെഎല്‍ രാഹുലിന്റെ പ്രകടനം അത്ര ഗംഭീരമല്ലെന്നു പറയേണ്ടി വരും. വിക്കറ്റിനു പിന്നില്‍ അദ്ദേഹത്തിന്റെ കൈകള്‍ പലപ്പോഴും ചോരുന്നതായി കാണാം. ന്യൂസിലാന്‍ഡുമായി കഴിഞ്ഞ ദിവസം രാജ്‌കോടടില്‍ നടന്ന രണ്ടം ഏകദിനത്തിനിടെയും രാഹുല്‍ ഒരു ക്യാച്ച് താഴെയിട്ടിരുന്നു. ഹര്‍ഷിത് റാണയെറിഞ്ഞ ആറാമത്തെ ഓവറിലായിരുന്നു ഇത്.
ഓവറിലെ ആദ്യ ബോളില്‍ അപകടകാരിയായ ഇടംകൈയന്‍ ഓപ്പണര്‍ ഡെവന്‍ കോണ്‍വേയുടെ ക്യാച്ചാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്. ബാറ്റില്‍ എഡ്ജായ ബോള്‍ രാഹുലിനു തൊട്ടു മുന്നിലാണ് പതിച്ചത്്. പക്ഷെ ഇതു കൈയ്ക്കുള്ളിലാക്കാന്‍ അദ്ദേഹത്തിനായില്ല.
ഭാഗ്യവശാല്‍ രാഹുലിന്റെ ഈ പിഴവിന് ഇന്ത്യക്കു അധികം വില നല്‍കേണ്ടി വന്നില്ല. തൊട്ടടുത്ത ബോളില്‍ കോണ്‍വേയെ ഹര്‍ഷിത് ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യക്കു ആശ്വാസമായത്. എന്നാല്‍ അദ്ദേഹത്തിനു ഇതു സാധിച്ചിരുന്നില്ലെങ്കില്‍ വലിയൊരു ഇന്നിങ്‌സുമായി കോണ്‍വേ ഇന്ത്യക്കു പ്രശ്‌നങ്ങളും സൃഷ്ടിച്ചേനെ.
പക്ഷെ എല്ലായ്‌പ്പോഴും ഇതു സംഭവിക്കണമെന്നില്ല. ലോകകപ്പ് പോലെയൊരു വലിയ വേദിയാണ് രാഹുലിന് ഇങ്ങനെയൊരു പിഴവ് സംഭവിക്കുന്നതെങ്കില്‍ ഇന്ത്യക്കു എട്ടിന്റെ പണി കിട്ടുമെന്നതില്‍ സംശയമില്ല. ന്യൂസിലാന്‍ഡിനെതിരായ ഈ പിഴവ് മാത്രമല്ല, വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തീര്‍ച്ചയായും ഇന്ത്യയെ ഭയപ്പെടുത്തുക തന്നെ ചെയ്ും.
2020 മുതലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ക്യാച്ചിങിന്റെ കാര്യത്തില്‍ ഏറ്റവും വലിയ ദുരന്തം രാഹുലാണെന്നു കണക്കുകള്‍ പറയുന്നു. ഈ കാലയളവില്‍ മൂന്നു ഫോര്‍മാറ്റുകളുമെടുത്താല്‍ ഏറ്റലുമധികം ക്യാച്ചുകള്‍ പാഴാക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അദ്ദേഹമാണ്.

2020 മുതല്‍ 24 വരെ കളിച്ച 51 മല്‍സരങ്ങളില്‍ രാഹുല്‍ താഴെയിട്ടത് 11 ക്യാച്ചുകളാണ്. 2025 മുതല്‍ ഇതുവരെ നോക്കിയാല്‍ 11 മല്‍സരങ്ങളില്‍ അഞ്ചു ക്യാച്ചും അദ്ദേഹം നഷ്ടപ്പെടുത്തി. ഇങ്ങനെയൊരാളെ ലോകകപ്പില്‍ എന്തു ധൈര്യത്തില്‍ ഇന്ത്യ കീപ്പറാക്കും?
ബാറ്ററെന്ന നിലയില്‍ രാഹുലിന്റെ സേവനം തീര്‍ച്ചയായും ടീമിന് ആവശ്യമാണ്. പക്ഷെ കീപ്പിങില്‍ കുക്കേൂടി മികച്ചയൊരാളെ കളിപ്പിക്കുന്നതായിരിക്കും നല്ലത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമെല്ലാം മികച്ച ഓപ്ഷുകളാണ്.
പക്ഷെ രാഹുലിനൊപ്പം ഒരു സ്‌പെഷ്യലിസ്റ്റ് കീപ്പറെ കൂടി കളിപ്പിപ്പിച്ചാല്‍ അതു ടീം കോമ്പിനേഷനെ ബാധിക്കും. ഒരു ഓള്‍റൗണ്ടറെയോ, ബൗളറെയോ ഇതു കാരണം മാറ്റി നിര്‍ത്തേണ്ടിയും വരും. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടുമായിരിക്കും.