മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെയാണ് കടന്ന് പോകുന്നത്. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിരിക്കുകയാണ്. ന്യൂസീലന്‍ഡ് ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 113 റണ്‍സിനുമാണ് ഇന്ത്യയെ തോല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസംകൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മുട്ടുകുത്തിയത്. ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ ഇത്തരമൊരു നാണക്കേട് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് പറയാം.
ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ബംഗ്ലാദേശിനോട് അനായാസം ജയിച്ചെങ്കിലും ശക്തമായ ടീം എതിരേ വരുമ്പോള്‍ മികച്ച പദ്ധതികള്‍ മെനഞ്ഞ് ജയിപ്പിക്കാന്‍ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന് സാധിക്കുന്നില്ല. ഇതിനോടകം വലിയ വിമര്‍ശനം ഗൗതം ഗംഭീറിന് നേരെ ഉയരുന്നുണ്ട്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യ തോറ്റാല്‍ ഗംഭീറിനെതിരേ കൂടുതല്‍ ശക്തമായ വിമര്‍ശനം ഉയരും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നേടുകയെന്നതും ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രയാസമാണ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ തോറ്റാല്‍ ഗംഭീറിന്റെ ടെസ്റ്റ് പരിശീലകനായുള്ള മുന്നോട്ട് പോക്ക് കടുപ്പമാവും. ഇന്ത്യ ടെസ്റ്റില്‍ നിരാശപ്പെടുത്തുന്നത് കാണുമ്പോള്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനും ചങ്കിടിക്കുകയാണ്. ഇതിനൊരു കാരണമുണ്ട്. എന്താണെന്ന് പരിശോധിക്കാം.
ദ്രാവിഡിനെ ഇന്ത്യ തിരികെ വിളിക്കുമോയെന്ന ആശങ്ക
ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ ഇതേ മോശം പ്രകടനം തുടര്‍ന്നാല്‍ പരിശീലകനെ മാറ്റുന്ന കടുത്ത തീരുമാനത്തിലേക്ക് ബിസിസി ഐ കടന്നേക്കും. ഗംഭീര്‍ ആവശ്യപ്പെട്ടതെല്ലാം ബിസിസി ഐ നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടൊപ്പം സഹ പരിശീലകനായി അഭിഷേക് നായരേയും ബൗളിങ് പരിശീലകനായി മോണി മോര്‍ക്കലിനേയും നല്‍കി. എന്നാല്‍ ഗംഭീര്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച പോലെ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ ബിസിസി ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടന്നേക്കും. ഓസ്‌ട്രേലിയക്കെതിരായ പ്രകടനം വിലയിരുത്തിയാവും ബിസിസി ഐ പരിശീലകനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുക. രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ തിരികെ വിളിക്കണമെന്ന ആവശ്യം ഒരു ഭാഗത്ത് ശക്തമായി ഉയരുന്നുണ്ട്. രണ്ട് ടേം ഇന്ത്യയെ പരിശീലിപ്പിച്ച് പടിയിറങ്ങിയ ദ്രാവിഡ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചാണ്. ഇന്ത്യ ഗംഭീറിനെ പുറത്താക്കി ദ്രാവിഡിനെ തിരികെ വിളിക്കുമോയെന്ന ആശങ്ക രാജസ്ഥാനുണ്ടാവും.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള വിളി ലഭിച്ചാല്‍ ദ്രാവിഡിനത് തള്ളിക്കളയുക എളുപ്പമല്ല. രാജ്യത്തോടും ദേശീയ ടീമിനോടും വലിയ കൂറുകാട്ടുന്ന ദ്രാവിഡിന് മുന്നിലേക്ക് വീണ്ടും ഇന്ത്യയുടെ പരിശീലക റോളിന്റെ ഓഫര്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ലക്ഷ്മണിനേയും ഇന്ത്യ പരിഗണിച്ചേക്കും
രണ്ട് വര്‍ഷത്തെ കരാറിലാണ് ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തിലേക്കെത്തിയത്. ഇന്ത്യ സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന ടെസ്റ്റില്‍ ടീം പിന്നോട്ട് പോയതിനെ ഗൗരവകരമായാണ് ബിസിസി ഐ കാണുന്നത്. അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയിലെ പ്രകടനം വിലയിരുത്തിയ ശേഷം ഇന്ത്യ ടെസ്റ്റ് പരിശീലകസ്ഥാനത്ത് നിന്ന് ഗംഭീറിനെ നീക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ വിവിഎസ് ലക്ഷ്മണെ ടെസ്റ്റ് പരിശീലകസ്ഥാനത്തേത്ത് ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.
വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന നിലയിലേക്ക് ഇപ്പോള്‍ ഇന്ത്യന്‍ ടീം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിശീലകനേയും ഓരോ ഫോര്‍മാറ്റിലും വ്യത്യസ്തമായി ഇന്ത്യ തിരഞ്ഞെടുത്തേക്കും. ഗംഭീര്‍ പരിമിത ഓവറിന്റെ പരിശീലകസ്ഥാനത്ത് തുടരുമ്പോള്‍ ടെസ്റ്റ് ടീമിന്റെ പരിശീലകനായി പുതിയൊരാളെ ഇന്ത്യ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം ഗംഭീറിന്റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പറയാം.
ഓസീസ് പരമ്പര നിര്‍ണ്ണായകം
ഇത്തവണ ഹാട്രിക് ടെസ്റ്റ് പരമ്പരയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യക്ക് ശക്തമായ താരനിരയുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. ഗംഭീറിനെ സംബന്ധിച്ച് ഓസീസ് പരമ്പര അഭിമാന പ്രശ്‌നമാണ്. നിലവില്‍ വലിയ തിരിച്ചടി നേരിട്ടതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഓസ്‌ട്രേലിയയില്‍ ശക്തമായ തിരിച്ചുവരാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം ഗംഭീറിന്റെ സീറ്റിനത് വലിയ തിരിച്ചടി നല്‍കിയേക്കും.