മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാഗ്രഹിക്കുന്ന അധ്യായമായിരിക്കുകയാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെയാണ് ചാമ്പ്യന്‍ നിര തലകുനിച്ചിരിക്കുന്നത്. 12 വര്‍ഷത്തോളമായി ഒരു ടീമിനും കീഴടങ്ങാതെ ഇന്ത്യ തീര്‍ത്ത കോട്ടയാണ് ഇപ്പോള്‍ കിവീസിന് മുന്നില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വരാനിരിക്കുന്ന പല ടീമുകള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുന്ന നേട്ടമാണ് ഇപ്പോള്‍ ന്യൂസീലന്‍ഡ് നേടിയിരിക്കുന്നത്.
അനില്‍ കുംബ്ലെയും പിന്നീട് വന്ന രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ ഉന്നതികളിലേക്കെത്തിച്ചാണ് പടിയിറങ്ങിയത്. ഇവര്‍ക്കെല്ലാം കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിയത്. നിലവിലെ ടീമിലെ താരങ്ങളില്‍ മിക്കവരും ഉള്‍പ്പെട്ട ടീമാണ് ഇന്ത്യക്കായി മികവ് കാട്ടിയത്. എന്നാല്‍ ഇതേ ടീമാണ് ഇപ്പോള്‍ നാണക്കേട് നേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ശക്തമായ താരനിര ഗംഭീറിന് കീഴിലെത്തിയപ്പോള്‍ പതറിയത് എന്തുകൊണ്ടാവും? പരിശോധിക്കാം.
ഗംഭീറിന്റെ ഏകാധിപത്യം
യുവതാരങ്ങളെ പിന്തുണക്കുന്ന പരിശീലകനാണ് ഗൗതം ഗംഭീര്‍. എന്നാല്‍ ഗംഭീറിന്റെ നിലപാടുകള്‍ പലപ്പോഴും ഏകാധിപത്യ പരമാണ്. ഇന്ത്യന്‍ ടീമിന്റെ അട്ടിപ്പേറവകാശം നേടിയാണ് ഗംഭീര്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തുന്നത്. ടീം സെലക്ഷന്‍ മുതല്‍ സഹ പരിശീലകരെ തീരുമാനിക്കുന്നതില്‍ വരെ ഗംഭീറിന്റെ ഇടപെടലുണ്ട്. ഗംഭീര്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ ബിസിസി ഐ തയ്യാറായിരുന്നു. എന്നിട്ടും ടീമിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.
ഇന്ത്യന്‍ ടീമിലെ ഗംഭീറിന്റെ ഏകാധിപത്യ നിലപാടിനോട് സഹതാരങ്ങള്‍ക്കടക്കം വിയോജിപ്പുണ്ട്. വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ നേരത്തയുള്ള ശത്രുത ഇപ്പോള്‍ പരിഹരിക്കപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ല. രോഹിത് ശര്‍മക്കും പഴയതുപോലെയുള്ള അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പിന്നോട്ട് പോക്കിന് കാരണം ഗംഭീറിന്റെ ഏകാധിപത്യ നിലപാടാണെന്ന് പറഞ്ഞാലും അത് തെറ്റാകില്ല.

ഗംഭീറിന് അനുഭവമ്പത്ത് കുറവ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് പെട്ടെന്ന് എത്തിപ്പെട്ടയാളാണ് ഗൗതം ഗംഭീര്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച ഗംഭീര്‍ അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തന്ത്രമോതി കപ്പിലേക്കെത്തിച്ചു. ഇതാണ് ഗംഭീറിന് ഇന്ത്യയുടെ പരിശീലക റോളിലേക്കെത്താന്‍ സഹായിച്ചത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള അനുഭവസമ്പത്ത് ഗംഭീറിനില്ലെന്ന് തന്നെ പറയാം.
പ്രത്യേകിച്ച് ടെസ്റ്റില്‍. സ്പിന്നെതിരേ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനല്ല ഗംഭീര്‍. ഐസിസി ട്രോഫികളില്‍ ഇന്ത്യയുടെ ഹീറോയായിരുന്നു താരം. എന്നാല്‍ ടെസ്റ്റില്‍ അസാമാന്യ പ്രതിഭയെന്ന് ഗംഭീറിനെ പറയാനാവില്ല. രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെപ്പോലെയൊന്നും വലിയ സാങ്കേതിക മികവ് ഗംഭീറിന് അവകാശപ്പെടാന്‍ സാധിക്കില്ല. സമ്മര്‍ദ്ദ ഘട്ടത്തില്‍ ടീമിനെ എങ്ങനെ കൊണ്ടുപോകണമെന്ന് ഗംഭീറിന് അറിയില്ലെന്നതാണ് ടീമിന്റെ പ്രകടനം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ താരങ്ങളെ ഒന്നിച്ച് കൊണ്ടുപോകാനാവുന്നില്ല
ഇന്ത്യന്‍ ടീമിനുള്ള സാഹചര്യം വളരെ മികച്ചതാണെന്ന് ഇപ്പോള്‍ കരുതാനാവില്ല. താരങ്ങളെല്ലാം രണ്ട് തട്ടിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒത്തരുമയോടെ കളിക്കാനും ആക്രമണോത്സകത കാട്ടാനും ടീമിന് സാധിക്കുന്നില്ല. പഴയ ആവേശവും കെട്ടുറപ്പും ഗംഭീറിന് കീഴില്‍ താരങ്ങള്‍ കാട്ടുന്നില്ല. മികച്ച താരനിര ഇന്ത്യക്കുണ്ടെങ്കിലും ഇവരെല്ലാം ആത്മവിശ്വാസമില്ലാതെയാണ് കളിക്കുന്നത്. ഇതിന് കാരണം പരിശീലകന്റെ കഴിവുകേടാണെന്ന് പറയാം.
മുംബൈയില്‍ സര്‍ഫറാസ് ഖാനെ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യിച്ചതടക്കം മണ്ടന്‍ പദ്ധതികളാണ് ഗംഭീറിനുള്ളത്. ഇതില്‍ സീനിയര്‍ താരങ്ങള്‍ക്കടക്കം അതൃപ്തിയുണ്ടെങ്കിലും ഗംഭീറിനോട് പ്രതികരിക്കാനാവാത്ത അവസ്ഥയാണ്. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം ഇന്ത്യ ഗംഭീറിനെ ഒഴിവാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കൂടുതല്‍. ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ സംതൃപ്തരല്ലെന്ന് തന്നെ പറയാം.