Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇന്ത്യക്ക് ഭീഷണിയായി സൗത്താഫ്രിക്ക, ബംഗ്ലാദേശ് സഹായിക്കണം? ഇല്ലെങ്കില്‍ ഫൈനലിലെത്തില്ല

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നാട്ടില്‍ കിവീസിനോട് ടെസ്റ്റ് തോറ്റിരിക്കുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ തിരിച്ചുവരാന്‍ ഇന്ത്യക്ക് അവസരമുണ്ട്. എന്നാല്‍ ഇന്ത്യയെ അലട്ടുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റാണ്. ഇനി ഏഴ് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് അനായാസം ഫൈനലിലെത്താന്‍ മൂന്ന് ജയം വേണം.

രണ്ട് മത്സരങ്ങള്‍ ന്യൂസീലന്‍ഡിനെതിര ജയിച്ചാലും ഇന്ത്യക്ക് മുന്നില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയന്‍ പരമ്പര വലിയ വെല്ലുവിളിയായുണ്ട്. കഴിഞ്ഞ രണ്ട് തവണത്തെപ്പോലെ ഇത്തവണ പരമ്പര നേടുക ഇന്ത്യക്ക് എളുപ്പമാവില്ല. ന്യൂസീലന്‍ഡിനെതിരേ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനാവാതെ പോയാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയായി മാറും. നിലവില്‍ ഇന്ത്യക്ക് ഫൈനല്‍ സീറ്റ് ലഭിക്കാന്‍ സജീവ സാധ്യതയുണ്ട്.

എന്നാല്‍ ഇന്ത്യക്ക് ഇപ്പോള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നത് ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യയെ രക്ഷിക്കാന്‍ ബംഗ്ലാദേശിന് സാധിക്കും. എങ്ങനെയാണെന്ന് പരിശോധിക്കാം.

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കണം

ദക്ഷിണാഫ്രിക്ക നിലവില്‍ ആറാം സ്ഥാനത്താണുള്ളത്. 38.89 % ആണ് ടീമിന്റെ പോയിന്റ്. ആറ് മത്സരങ്ങള്‍ ശേഷിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയുള്ള മത്സരങ്ങളൊന്നും അത്ര ശക്തമായ എതിരാളികള്‍ക്കെതിരേയല്ല. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ പരമ്പരകളാണ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളത്. ഇതില്‍ ബംഗ്ലാദേശ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് എവേ മത്സരമാണ്. ശേഷിക്കുന്ന ആറ് മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്ക 69.44% പോയിന്റോടെ തലപ്പത്തേക്കെത്തും.

ഇതോടെ ഫൈനല്‍ സീറ്റ് അവര്‍ ഉറപ്പിക്കുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാന്‍ ബംഗ്ലാദേശ് സ്വന്തം തട്ടകത്തില്‍ ദക്ഷിണാഫ്രിക്കയെ ഒരു മത്സരത്തിലെങ്കിലും തോല്‍പ്പിക്കണം. പാകിസ്താനും ശ്രീലങ്കയും ദക്ഷിണാഫ്രിക്കയിലെത്തി അവരെ മടയില്‍ തോല്‍പ്പിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് തോല്‍പ്പിക്കേണ്ടതായുണ്ട്. രണ്ട് മത്സരത്തിലും ബംഗ്ലാദേശ് തോറ്റാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.

india cricket

കിവീസിനോട് രണ്ട് മത്സരവും ജയിക്കുമോ?

ന്യൂസീലന്‍ഡിനോട് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്ന് നിസംശയം പറയാം. ആദ്യ മത്സരത്തിലെ ജയം കിവീസിന് ആത്മവിശ്വാസം നല്‍കുന്നു. രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, വില്‍ യങ് എന്നിവരെല്ലാം ഇന്ത്യന്‍ സാഹചര്യത്തില്‍ നന്നായി കളിക്കുന്നു. ഇവര്‍ സ്പിന്നിനേയും നന്നായി നേരിടുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. കെയ്ന്‍ വില്യംസന്‍ കൂടി ടീമിലേക്കെത്തിയാല്‍ കിവീസിന്റെ ബാറ്റിങ് കരുത്ത് ശക്തമാവും.

നല്ല പേസ് ആക്രമണം നടത്താനുള്ള കരുത്ത് ന്യൂസീലന്‍ഡിനുണ്ട്. പൂനെ പിച്ചില്‍ ന്യൂസീലന്‍ഡ് പേസര്‍മാര്‍ മികവ് കാട്ടിയേക്കും. ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് സിറാജ് പ്രതീക്ഷക്കൊത്ത് ഉയരാത്തത് ടീമിനെ പിന്നോട്ടടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരവും ജയിക്കുകയെന്നത് വളരെ പ്രയാസമാണ്. മത്സരം സമനിലയായാല്‍ പോലും ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്.

ഓസ്‌ട്രേലിയന്‍ പര്യടനം കടുപ്പം

ഓസ്‌ട്രേലിയ ഇത്തവണ എന്ത് വിലകൊടുത്തും പരമ്പര നേടാന്‍ തയ്യാറെടുക്കുകയാണ്. അവസാന രണ്ട് തവണയും പരമ്പര നഷ്ടമായത് ഓസീസിന് കടുത്ത നാണക്കേടായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എന്ത് വിലകൊടുത്തും പരമ്പര നേട്ടത്തിലേക്കെത്താന്‍ ഓസ്‌ട്രേലിയ ശ്രമിക്കും. ഓസ്‌ട്രേലിയയുടെ ടീം കരുത്ത് അതി ശക്തമാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയില്‍ ജയിച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുക ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കും.

Story first published: Monday, October 21, 2024, 9:00 [IST]
Other articles published on Oct 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+