വിശാഖപട്ടണം: ഇന്ത്യന്‍ മണ്ണില്‍ ഈ വര്‍ഷത്തെ തുടര്‍ തോല്‍വിക്കു ന്യൂസിലാന്‍ഡ് ഒടുവില്‍ ബ്രേക്കിട്ടിരിക്കുകയാണ്. അപ്രധാനമായ നാലാം ടി20യില്‍ വളരെ ആധികാരികമായി തന്നെ അവര്‍ ഇന്ത്യയെ (India) മലര്‍ത്തിയടിച്ചിരിക്കുന്നു. 50 റണ്‍സിന്റെ മികച്ച വിജയമാണ് മിച്ചെല്‍ സാന്റ്‌നറും സംഘവും സ്വന്തമാക്കിയത്. ടി20 ലോകകപ്പ് തൊട്ടരികെ എത്തിനില്‍ക്കവെ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് ഇങ്ങനെയൊരു ജയവും ആവശ്യമായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് ഇങ്ങനെയൊരു ഷോക്ക് തീരെ പ്രതീക്ഷിച്ചില്ലെന്നു തന്നെ പറയേണ്ടി വരും. കാരണം ആദ്യ മൂന്നു കളിയിലും അത്ര ആധികാരികമായിട്ടാണ് ഇന്ത്യ ജയിച്ചുകയറിയത്. അതുകൊണ്ടു തന്നെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ടീം തൂത്തുവാരുമെന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ വിശാഖപട്ടണത്ത് ടീമിന് അടിമുടി പാളി.

216 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. പക്ഷെ ഇതു മറികടക്കാനുള്ള ബാറ്റിങ് കരുത്ത് ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ശിവം ദുബെയൊഴികെ (65) എല്ലാവരും ഫ്‌ളോപ്പായപ്പോള്‍ ഇന്ത്യ വെറും 165 റണ്‍സിന് ഓള്‍ഔട്ടായി. യഥാര്‍ഥത്തില്‍ ഇന്ത്യക്കു എവിടെയാണ് പിഴച്ചത്? തോല്‍വിയുടെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
അനാവശ്യ പരീക്ഷണം
ഇന്ത്യന്‍ ടീമില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നടത്തിയ അനാവശ്യ പരീക്ഷണങ്ങളാണ് പരാജയത്തിന്റെ ആദ്യ കാരണം. ടീം വിജയത്തിന്റെ ട്രാക്കില്‍ പോയിക്കൊണ്ടിരിക്കവെ ഇത്തരമൊരു പരീക്ഷണം ഈ ഘട്ടത്തില്‍ തീര്‍ത്തും അനാവശ്യമായിരുന്നു.
മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഇഷാന്‍ കിഷനെ ഒഴിവാക്കിയത് വലിയ അബദ്ധം തന്നെയാണ്. പരിക്കു കാരണമാണ് ഈ തീരുമാനമെന്നായിരുന്നു സൂര്യയുടെ വിശദീകരണം. പക്ഷെ ഡ്രിങ്ക്‌സ് ബ്രേക്കിന്റെ സമയത്തു ഗ്രൗണ്ടിലെത്തിയ ഇഷാന്‍ പരിക്കിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
ഇഷാന് ബ്രേക്ക് നല്‍കിയാലും പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു ടീമിലേക്കു വരേണ്ടിയിരുന്നത്. ശ്രേയസ് അയ്യര്‍ വളരെ നല്ലൊരു ഓപ്ഷനായിരുന്നു. പക്ഷെ അദ്ദേഹത്തെ പരിഗണിക്കാതെ പേസര്‍ അര്‍ഷ്ദീപ് സിങിനെയാണ് ടീമിലേക്കു കൊണ്ടുവന്നത്. ഇതു ബാറ്റിങിലെ ആഴം കുറയ്ക്കുകയും ചെയ്തു. ശ്രേയസ് ഈ മല്‍സരത്തില്‍ കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ ജയിച്ചേനെ.
സൂര്യയുടെ മണ്ടത്തരങ്ങള്‍
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ചില മണ്ടന്‍ തീരുമാനങ്ങളാണ് ഇന്ത്യന്‍ പരാജയത്തിന്റെ മറ്റൊരു കാരണം. ഈ മല്‍സരത്തില്‍ എട്ടു ബൗളിങ് ഓപ്ഷനുകള്‍ ഇന്ത്യക്കുണ്ടായിരുന്നു. പക്ഷെ വെറും അഞ്ചു പേരെ മാത്രമേ സൂര്യ പരീക്ഷിച്ചുള്ളൂ.
ലോകകപ്പ് അടുത്തു നില്‍ക്കവെ എല്ലാ ഓപ്ഷനുകളും പരമാവധി ഉപയോഗിക്കേണ്ടിയിരുന്ന സമയമാണിത്. എന്നിട്ടും ബൗളിങിന്റെ കാര്യത്തില്‍ സൂര്യ പിശുക്ക് കാണിച്ചത് വിചിത്രമാണ്.
കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി പവര്‍പ്ലേയില്‍ തന്നെ പന്തെറിയാനെത്തിയിരുന്നു. മികച്ച ബൗളിങും അദ്ദേഹം കാഴ്ചവച്ചു. പക്ഷെ ഈ കളിയില്‍ ഹാര്‍ദിക് ഒരോവര്‍ പോലും പന്തെറിഞ്ഞില്ല.
മുന്‍ മല്‍സരങ്ങളില്‍ മധ്യ ഓവറുകളില്‍ നന്നായി പന്തെറിയുകയും വിക്കറ്റെടുക്കുകയും ചെയ്ത താരമാണ് ശിവം ദുബെ. എന്നാല്‍ ഈ കളിയില്‍ ദുബെയ്ക്കും സൂര്യ ബോള്‍ നല്‍കിയില്ല. ഈ തീരുമാനവും വലിയ അബദ്ധമായി തീര്‍ന്നു.

ഇരട്ടപ്രഹരം
റണ്‍ചേസില്‍ തുടക്കത്തിലേറ്റ ഇരട്ട പ്രഹരമാണ് ഇന്ത്യന്‍ പരാജയത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണം. കഴിഞ്ഞ മൂന്നു കളിയിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത് അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നീ മൂന്നു പേരുടെയും മികച്ച ഇന്നിങ്‌സുകളായിരുന്നു.
പക്ഷെ നാലാമങ്കത്തില്‍ മൂവരുടെയും സംഭാവന ലഭിക്കാതിരുന്നതോടെ ടീമിന്റെ താളവും തെറ്റി. അഭിഷേക് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ സൂര്യക്കു നേടാനായത് എട്ടു റണ്‍സ് മാത്രമാണ്. ഇഷാനാവട്ടെ ഈ മല്‍സരത്തില്‍ കളിച്ചതുമില്ല. ഇതാണ് റണ്‍ചേസില്‍ ടീമിന്റെ മുനയൊടിച്ചത്.