ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായതിനു ശേഷം മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന് കണ്ടകശനിയാണ്. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ കളിക്കവെ അദ്ദേഹത്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. ഇതിനകം കളിച്ച മൂന്നിങ്‌സുകൡലും സഞ്ജു ഫ്‌ളോപ്പായി മാറിക്കഴിഞ്ഞു.
10, 6, 0 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഇതോടെ ലോകകപ്പ് പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന്റെ സ്ഥാനവും സംശയത്തിലായിട്ടുണ്ട്. യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് സഞ്ജു ബാറ്റിങില്‍ ഈ തരത്തില്‍ പതറുന്നത്? ഓപ്പണിങ് പങ്കാളിയും ലോക ഒന്നാംനമ്പര്‍ താരവുമായ അഭിഷേക് ശര്‍മയ്ക്കും ഇതിലൊരു പങ്കുണ്ടെന്നു കാണാം. എന്തുകൊണ്ടാണെന്നറിയാം.

അഭിഷേക് എന്തുകൊണ്ടിങ്ങനെ?
ഇന്ത്യക്കു വേണ്ടി ടി20യില്‍ സഞ്ജു സാംസണ്‍, മുന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങുന്നോള്‍ അഭിഷേക് ശര്‍മ രണ്ടു വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കാറുള്ളതെന്നു കാണാം. അതായത് നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ഗില്ലാണ് ഓപ്പണിങ് പങ്കാളിയെങില്‍ അഭിഷേക് എല്ലായ്‌പ്പോഴും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആദ്യം സ്‌ട്രൈക്ക് നേരിടാറുണ്ട്.
കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ഏഷ്യാ കപ്പ് മുതല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ഏറ്റവും അവസാനത്തെ ടി20 പരമ്പര വരെ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. എല്ലായ്‌പ്പോഴും ആദ്യ ബോള്‍ നേരിട്ടത് അഭിഷേകാണ്.
രണ്ടാമതായി മാത്രമേ ഗില്‍ എത്താറുള്ളൂ. അഭിഷേക് തുടക്കത്തില്‍ തന്നെ ആഞ്ഞടിച്ച് അതിവേഗം സ്‌കോര്‍ ചെയ്യുന്നതിനാല്‍ അല്‍പ്പം വൈകി കാര്യമായി സമ്മര്‍ദ്ദമില്ലാതെ ഗില്ലിനു കളിക്കാനും സാധിക്കുന്നു. പിച്ചുമായി പൊരുത്തപ്പെടാനും ബൗളറുടെ പ്ലാനുകളെക്കുറിച്ച് മനസിലാക്കാനും സാധിക്കുന്നത് അദ്ദേഹത്തെ സഹായിക്കാറുമുണ്ട്.
പക്ഷെ സഞ്ജുവിന്റെ കാര്യത്തിലേക്കു വരുമ്പോള്‍ അഭിഷേകിന്റെ സമീപനം മറ്റൊന്നാണ്. സഞ്ജു ഓപ്പണിങ് പങ്കാളിയായുള്ളപ്പോള്‍ അദ്ദേഹം ഒരിക്കലും ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറാവാറില്ല. പകരം മലയാളി താരത്തിന് ആദ്യം സ്‌ട്രൈക്ക് നല്‍കിയ ശേഷമാണ് അഭിഷേക് സ്ട്രൈക്ക് നേരിടുന്നത്.
ഗില്ലിനെയും സഞ്ജുവിനെയും താരതമ്യം ചെയ്താല്‍ രണ്ടു പേരും വലംകൈയന്‍ ബാറ്റര്‍മാരാണ്. അഭിഷേകിനെ പോലെ ഇന്നിങ്‌സിലെ ആദ്യ ഹബോളില്‍ തന്നെ സിക്‌സറോ, ഫോറോ അടിച്ചുകൊണ്ട് തുടങ്ങുന്നയാളല്ല സഞ്ജു.
അല്‍പ്പം പതിഞ്ഞ താളത്തില്‍ തുടങ്ങി അതിനു ശേഷം അഗ്രസീവാകുകയെന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഈ ശൈലിയില്‍ കളിക്കുമ്പോഴാണ് സഞ്ജുവിനു ഏറ്റവും മികച്ച പ്രകടന നടത്താനും സാധിക്കാറുള്ളത്. സഞ്ജുവിനെ പോലെ തന്നെ ശ്രദ്ധയോടെ തുടങ്ങുന്ന ശൈലി തന്നെയാണ് ഗില്ലിനുള്ളത്.

അതിനാല്‍ അഭിഷേക് ആദ്യം സ്‌ട്രൈക്ക് ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കുേേമ്പാള്‍ ഗില്ലിന് സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും സാധിക്കുന്നു. പക്ഷെ അഭിഷേകില്‍ നിന്നും സഞ്ജുവിനു ഈ തരത്തില്‍ പിന്തുണയോ, സഹായമോ ലഭിക്കുന്നില്ല. അഭിഷേക് നിര്‍ഭയനായി ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്.
അതിനാല്‍ ആദ്യം സ്‌ട്രൈക്ക് നേരിടുന്നത് അദ്ദേഹത്തെ കൂടുതല്‍ സഹായിക്കുകയും ചെയ്യും. എന്നിട്ടും എന്തുകൊണ്ടാണ് സഞ്ജു ഓപ്പണറാവുമ്പോള്‍ മാത്രം അഭിഷക് അതിനു തയ്യാറാവുന്നില്ലെന്നതാണ് ചോദ്യം. അഭിഷേക് ആദ്യം സ്‌ട്രൈക്ക് നേരിട്ടാല്‍ അതു സഞ്ജുവിനെ സമ്മര്‍ദ്ദം കുറയ്ക്കാനും അല്‍പ്പം സമയമെടുത്ത് ബാറ്റിങിലെ ഗിയര്‍ മാറ്റാനും സഹായിക്കും.
എന്നിട്ടും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഇക്കാര്യത്തില്‍ ഇടപെടുകയോ, ഉപദേശം നല്‍കുകയോ ചെയ്യുന്നില്ലെന്നതാണ് വിചിത്രമായ കാര്യം. വരു മല്‍സരരങ്ങളില്‍ ഇങ്ങനെയൊരു മാറ്റം വരുത്തിയാല്‍ അതു സഞ്ജുവിനെ ഫോം വീണ്ടെടുക്കാനും സഹായിച്ചേക്കും.