കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു ബംഗ്ലാദേശിനെതിരേ സെഞ്ച്വറി പ്രകടനവും നടത്തിയതോടെ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായപ്പോള്‍ സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. കടന്നാക്രമിക്കാനുള്ള സഞ്ജുവിന്റെ പ്രതിഭ മനസിലാക്കി സഞ്ജുവിനെ ഓപ്പണര്‍ റോളിലേക്കെത്തിച്ചത് ഗംഭീറാണ്.
തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഈ സ്ഥാനത്തിനോട് നീതി കാട്ടാനും സഞ്ജുവിന് സാധിച്ചു. വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടി20യില്‍ സഞ്ജു തന്നെ ഓപ്പണറായി തുടര്‍ന്നേക്കും. എന്നാല്‍ സഞ്ജു ഇപ്പോള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ടെസ്റ്റിലേക്കുള്ള വരവാണ്. ടെസ്റ്റിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്ന സൂചന ഗൗതം ഗംഭീറും രോഹിത് ശര്‍മയും നല്‍കിയതിനാല്‍ ഇപ്പോള്‍ രഞ്ജി ട്രോഫിയടക്കം കളിച്ച് മികവ് കാട്ടാനാണ് സഞ്ജു സാംസണ്‍ ശ്രമിക്കുന്നത്.
എന്നാല്‍ ടി20യില്‍ ഓപ്പണറായ സഞ്ജുവിന് ടെസ്റ്റിലേക്ക് വിളി ലഭിച്ചാല്‍ ഏത് ബാറ്റിങ് പൊസിഷനാവും കൂടുതല്‍ ചേരുക?. തന്റെ ഇഷ്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് സഞ്ജു സാംസണ്‍ തന്നെ തുറന്ന് പറഞ്ഞത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
എത്രയും വേഗം ബാറ്റിങ് ലഭിക്കണം
യുട്യൂബര്‍ വിമല്‍ കുമാറുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം ഇഷ്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് സഞ്ജു സാംസണിനോട് ചോദിച്ചിരുന്നു. ഇതിന് സഞ്ജു സാംസണ്‍ മറുപടി പറഞ്ഞത് എത്ര വേഗം ബാറ്റിങ് ലഭിക്കുന്നോ അത്രയും നല്ലതാണെന്നാണ്. തനിക്ക് കഴിയുന് അത്ര നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാനാണ് ആഗ്രഹമെന്ന് സഞ്ജു പറഞ്ഞതോടെ ടോപ് ഓഡറില്‍ കളിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തം. ടി20യിലും ഏകദിനത്തിലും സഞ്ജുവിനെ ടോപ് ഓഡറില്‍ കളിപ്പിക്കുന്നതാണ് നല്ലത്.
ടി20യില്‍ സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള സഞ്ജുവിന് പവര്‍പ്ലേയില്‍ ബാറ്റിങ്ങിന് അവസരം നല്‍കുന്നതാണ് കൂടുതല്‍ നല്ലത്. ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് സാധിക്കും. ഇത് വലിയ സ്‌കോറിലേക്കെത്താന്‍ അദ്ദേഹത്തെ സഹായിക്കും. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് കഴിവുണ്ടെന്ന് ഇതിനോടകം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു.

ടെസ്റ്റില്‍ അഞ്ചാം നമ്പന്‍ ബെസ്റ്റ്
ടെസ്റ്റില്‍ സഞ്ജു സാംസണിന് ടോപ് ഓഡര്‍ ചേരില്ല. മധ്യനിരയില്‍ രക്ഷകന്റെ റോളാണ് സഞ്ജുവിന് കൂടുതല്‍. മധ്യനിരയില്‍ സഞ്ജുവിന് കടന്നാക്രമിച്ച് കളിക്കാന്‍ സാധിക്കും. സര്‍ഫറാസ് ഖാന്റെയും റിഷഭ് പന്തിന്റേയുമൊപ്പം മധ്യനിരയില്‍ കടന്നാക്രമിക്കാന്‍ ഈ റോളാണ് സഞ്ജുവിന് കൂടുതല്‍ ഗുണം ചെയ്യുക. എന്നാല്‍ സഞ്ജുവിന് ഈ റോള്‍ വലിയ വെല്ലുവിളി തന്നെയായിരിക്കും. ടെസ്റ്റില്‍ സഞ്ജുവിന് സ്ഥിരത കാട്ടാനാവാതെ പോയാല്‍ വേഗം സ്ഥാനം തെറിക്കും.
ഇത് മറ്റ് ഫോര്‍മാറ്റിലെ സഞ്ജുവിന്റെ അവസരത്തേയും ബാധിക്കുമെന്ന് നിസംശയം പറയാം. സഞ്ജു സാംസണിന്റെ രഞ്ജി ട്രോഫിയിലെ പ്രകടനം വളരെ പ്രധാനപ്പെട്ടതാവും. കര്‍ണാടകയ്‌ക്കെതിരേ സഞ്ജുവിന് കുറഞ്ഞത് സെഞ്ച്വറിയെങ്കിലും നേടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന് ടെസ്റ്റ് ടീമിലേക്ക് വളരുക പ്രയാസമാവും. സഞ്ജുവിന്റെ ആക്രമണ മനോഭാവംവെച്ച് ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം കസറുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ വെല്ലുവിളിയെ മറികടക്കാന്‍ സഞ്ജുവിനാകുമോയെന്നതാണ് അറിയേണ്ടത്.
വെല്ലുവിളിയായി ഇഷാനും ജുറേലും
സഞ്ജുവിന് അവസരം നല്‍കാന്‍ ഗൗതം ഗംഭീറും രോഹിത് ശര്‍മയും ആഗ്രഹിക്കുമ്പോഴും മലയാളി താരത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഇഷാന്‍ കിഷനും ദ്രുവ് ജുറേലും. ഇഷാന്‍ കിഷന്‍ കഴിഞ്ഞ ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും ഇപ്പോള്‍ രഞ്ജി ട്രോഫിയിലും ഇഷാന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
ദ്രുവ് ജുറേല്‍ ലഭിച്ച അവസരങ്ങളെയെല്ലാം നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഈ അവസരത്തില്‍ ഇവരെയെല്ലാം മറികടന്ന് ടെസ്റ്റ് ടീമിലേക്കെത്തുകയെന്നത് സഞ്ജു സാംസണെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കുമെന്ന് തന്നെ പറയാം.